- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക കണക്കുകളനുസരിച്ച് കോവിഡ് മരണസംഖ്യ 40 ലക്ഷം കടന്നു; ഇതുവരെ രോഗം ബാധിച്ചത് 18 കോടിയിൽ അധികം പേരെ; ലോകമാകമാനം മരണം വിതച്ച മഹാമാരികളിൽ ആറാംസ്ഥാനത്തെത്തി കോവിഡ്; കോവിഡിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ അറിയാം
ലോകമാകമാനമായി ഇതുവരെ 4 മില്ല്യൺ ആളുകൾ മരണമടഞ്ഞു എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, യഥാർത്ഥ മരണസംഖ്യ ഇതിലും വളരെയധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന സമ്മതിക്കുന്നു. പല ഏഷ്യൻ രാജ്യങ്ങളിലും രോഗവ്യാപനം തുടരുന്ന ഘട്ടത്തിൽ വികസിത രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളോട് വിട പറയുവാനുള്ള ഒരുക്കത്തിലാണ്. നിലവിൽ ഇൻഡോനേഷ്യയാണ് ലോകത്തിലെ കോവിഡ് ഹോട്ട്സ്പോട്ട്. ഇവിടെ ആശുപത്രികളിൽ എത്തുന്ന പലരേയും ചികിത്സ നൽകാതെ പറഞ്ഞുവിടുകയാണ്. സ്ഥല പരിമിതിയാണ് പ്രധാന പ്രശ്നം. ഓക്സിജൻ പോലുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും എല്ലാവർക്കും ചികിത്സ ലഭ്യമാക്കുന്നതിന് വിഘാതമാകുന്നുണ്ട്.
മരണസംഖ്യയിൽ ലോക ചരിത്രത്തിലെ മഹാവ്യാധികളിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കോവിഡ്. 200 മില്ല്യൺ മരണങ്ങൾക്ക് കാരണമായ 1346 മുതൽ 1353 വരെയുള്ള ബുബോണിക് പ്ലേഗാണ് ഒന്നാം സ്ഥാനത്തുള്ളത്. ബ്ലാക്ക് ഡെത്ത് എന്ന പേരിൽ അറിയപ്പെറ്റുന്ന ഈ രോഗവും ഏഷ്യയിലായിരുന്നു പിറന്നുവീണത്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ലോകമാകമാനമായി 36 മില്ല്യൺ ആളുകളുടെ മരണത്തിനിടയാക്കിയ എച്ച് ഐ വി /എയ്ഡ്സാണ് ഇതിൽ രണ്ടാം സ്ഥാനത്തുള്ളത്.
1918 മുതൽ 1920 വരെ നീണ്ടുനിന്ന ഇൻഫ്ളുവൻസ, 541 ലും 542 ലും ലോകത്തെ വിറപ്പിച്ച പ്ലേഗ് എന്നിവ മൂന്നും നാലും സ്ഥാനത്ത് നിൽക്കുന്നു. എ. ഡി 165-ലെ പ്ലേഗാണ് ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കിയ മഹാമാരികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 5 മില്യൺ ആളുകളാണ് ഇതിൽ മരണമടഞ്ഞത്. ഇതുവരെ നാലു മില്യൺ ആളുകളുടെ മരണത്തിനിടയാക്കിയ കോവിഡ് ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തമായി നിലനിൽക്കുന്നു എന്നതും പ്രത്യേകം ഓർക്കണം. ഒരുപക്ഷെ അധികം താമസിയാതെ ഈ മഹാമാരി ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയാലും അദ്ഭുതപ്പെടാനില്ല.
2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ സ്ഥിരീകരിക്കപ്പെട്ടതിൽ പിന്നെ ഈ രോഗം ഇതുവരെ 18,41,00,000 പേരെ ബാധിച്ചു എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. വാക്സിൻ പദ്ധതി അതിവേഗം നടക്കുന്ന രാജ്യങ്ങൾ രോഗവ്യാപനകാര്യത്തിൽ നേരിയ ആശ്വാസം നേടിയിട്ടുണ്ടെങ്കിലും മറ്റു പല രാജ്യങ്ങളിലും ഇത് അതിവേഗം പടർന്നു പിടിക്കുകയാണ്. മാത്രമല്ല, അതിവ്യാപനശേഷിയുള്ള പല പുതിയ വകഭേദങ്ങളും പിറവിയെടുക്കുകയും ചെയ്യുന്നു. ഈ മഹാമാരിയുടെ പിടിയിൽ നിന്നും ലോകം അത്രവേഗം മുക്തമാകില്ല എന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങൾക്കും മരണങ്ങൾക്കും പുറമേയാണ് ഇത് ലോകസമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം. അത് മറ്റ് മഹാമാരികളേക്കാൾ കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ ഒട്ടുമിക്ക മേഖലകളും പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന സമയത്താണ് അവിചാരിതമായി അവയ്ക്കൊക്കെ തടയിട്ടുകൊണ്ട് കോവിഡെന്ന മഹാമാരിയും അതിന്റെ ഫലമായ ലോക്ക്ഡൗണും എത്തുന്നത്. ഒട്ടുമിക്ക വ്യവസായ മേഖലകളേയു തീർത്തു പ്രവർത്തന രഹിതമാക്കിയ ഈ കുഞ്ഞൻ വൈറസ് ടൂറിസം, വ്യോമയാനം, ഹോസ്പിറ്റാലിറ്റി മേഖലകളുടെ നട്ടെല്ലൊടിക്കുക തന്നെ ചെയ്തു.
അതിനുപുറമേയണ് ലോക്ക്ഡൗൺ കാലത്തെ ഒറ്റപ്പെടലുകളും, തൊഴിൽ നഷ്ടങ്ങളും മറ്റും വരുത്തിയ മാനസിക പ്രശ്നങ്ങൾ. ഇതിൽ നിന്നെല്ലാം മുക്തിനേടുവാൻ ഇനിയും വർഷങ്ങൾ ഏറെ വേണ്ടിവരും എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ പറയുന്നത്. ലോകത്തെ എന്നും ആവേശം കൊള്ളിച്ചിട്ടുള്ള ഒളിംപിക്സ് വരെ ഒരു വർഷത്തേക്ക് നീട്ടിവയ്ക്കേണ്ടി വന്നു. പിന്നീട് ഈ വർഷം അത് നടത്തുമ്പോൾ കാണികളുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഉണ്ടായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ