തിരുവനന്തപരും: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ ടെസ്റ്റിങ് കമ്പനിയായ ടെസ്റ്റ്ഹൗസ് പ്രവർത്തന മികവിനുള്ള രണ്ട് രാജ്യാന്തര അംഗീകാരങ്ങൾ സ്വന്തമാക്കി. മികച്ച ഡിജിറ്റൽ ട്രാൻസ്ഫൊമേഷൻ കൺസൾട്ടൻസിക്കുള്ള മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലയിലെ എംഇഎ ഫിനാൻസ് ബാങ്കിങ് ടെക്നോളജി അവാർഡ് 2021, ടാലന്റ് അക്വിസിഷൻ ഇന്റർനാഷനൽ മാഗസിൻ ഏർപ്പെടുത്തിയ ബ്രിട്ടനിലെ മികച്ച സോഫ്റ്റ്‌വെയർ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി അഷുറൻസ് കമ്പനി 2021 പുരസ്‌ക്കാരങ്ങളാണ് ടെസ്റ്റ്ഹൗസ് സ്വന്തമാക്കിയത്. ബ്രിട്ടനിലെ ബെസ്റ്റ് സ്റ്റാർട്ടപ്പ് ടെസ്റ്റ്ഹൗസിനെ മികച്ച തൊഴിലിട പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഗോള തലത്തിൽ 20ലേറെ രാജ്യങ്ങളിലായി ഫോർച്യൂൺ 500 കമ്പനികൾ ഉൾപ്പെടെ 275 കമ്പനികൾക്ക് ടെസ്റ്റ്ഹൗസ് സേവനം നൽകുന്നുണ്ട്. യുകെ, യുഎസ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ടെസ്റ്റ്ഹൗസിന് ശക്തമായ സാന്നിധ്യമുണ്ട്. കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം തിരുവനന്തപുരം ടെക്നോപാർക്കിലാണ്. നെക്സ്റ്റ് ജെനറേഷൻ ടെസ്റ്റിങ്, എഐ ടെസ്റ്റിങ്, ഐഒടി, യുഐ/യുഎക്സ് ടെസ്റ്റിങ് എന്നീ മേഖലകളിലാണ് ടെസ്റ്റ്ഹൗസ് ഇപ്പോൾ ശ്രദ്ധയൂന്നുന്നത്.