നീണ്ട 55 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഏറ്റവും അവസാനമായി അത് സംഭവിച്ചത് 1966-ലെ ലോകകപ്പ് ഫൈനലിൽ ആയിരുന്നു. അന്ന് ജർമ്മനിക്കെതിരെ ഉജ്ജ്വല പ്രകടനം കാഴ്‌ച്ചവച്ച് കപ്പിൽ മുത്തമിട്ട ഇംഗ്ലണ്ട് ഇത്തവണയും ചരിത്രം ആവർത്തിക്കും എന്ന ഉറപ്പിലാണ് ലക്ഷക്കണക്കിന് ഇംഗ്ലീഷ് ആരാധകർ. ഞായറാഴ്‌ച്ച നടക്കുന്ന യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയെ തോല്പിച്ചാൽ ആഘോഷങ്ങൾക്കായി തിങ്കളാഴ്‌ച്ച ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കണമെന്ന ഓൺലൈൻ നിവേദനത്തിൽ 3 ലക്ഷം പേരോളമാണ് ഒപ്പ് വച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് ജയിച്ചാൽ ഒരു അവധി അധികമായി നൽകാമെന്നും എന്നാൽ കോവിഡ് മൂർദ്ധന്യത്തിൽ നിൽക്കുന്ന ഇക്കാലത്ത് വേണ്ടെന്നുമാണ് ബോറിസ് ജോൺസൺ പറയുന്നത്. ഇംഗ്ലണ്ട് ടീംഇറ്റലിയെ തോൽപ്പിച്ച് കപ്പ് നേടിയാൽ ദേശീയാടിസ്ഥാനത്തിൽ തന്നെ ആഘോഷിക്കണം എന്നാണ് ബോറിസ് ജോൺസന്റെയും ആഗ്രഹം. 1966 ലെ ലോകകപ്പ് വിജയത്തിനു ശേഷമുള്ള ഏറ്റവും തിളക്കമാർന്ന വിജയമായിരിക്കും അത്. എന്നാൽ, തിങ്കളാഴ്‌ച്ച ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കുന്നതിനോട് ബോറിസിന് യോജിപ്പില്ല. അതേസമയം, ഞായറാഴ്‌ച്ച ഇംഗ്ലണ്ട് വിജയിച്ചാൽ, ഒരു രാത്രിമുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ഒടുവിൽ പണിയിടങ്ങളിൽ ഹാജർ നില കുറവായിരിക്കും എന്ന ആശങ്കയും നിലനിൽക്കുന്നു.

ജൂലായ് 19 ന് പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വേളയിലും ആഘോഷങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാറല്ല, അതിനായി സെപ്റ്റംബർ വരെ എങ്കിലും കാത്തിനിൽക്കേണ്ടതായി വരും. കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത നിലപാട് എടുക്കുന്നത്. സെപ്റ്റംബർ വരെ ആഹ്ലാദപ്രകടനങ്ങളും മറ്റും അനുവദിക്കാൻ ഇടയില്ല. അതേസമയം, ഇംഗ്ലണ്ട് ജയിച്ചാൽ, ചെറിയൊരു കളവെല്ലാം പറഞ്ഞ് തിങ്കളാഴ്‌ച്ച അവധിയെടുക്കാൻ ജീവനക്കാരെ അനുവദിക്കണം എന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്.

രാജ്യം മുഴുവൻ ആവേശത്തിൽ നിൽക്കുമ്പോഴും ഞായറാഴ്‌ച്ചയിലെ മത്സരത്തിന് ഒരു കാരണവശാലും 60,000 പേരിൽ കൂടുതൽ കാണികളെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കുകയില്ലെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. 90,000 പേർക്ക് വരെ ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രവേശനം 60,000 പേർക്ക് മത്രമായി ചുരുക്കിയത്. തിങ്കളാഴ്‌ച്ച അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തിൽ 3 ലക്ഷത്തോളം പേർ ഒപ്പിട്ടപ്പോഴും സ്‌കോട്ട്ലാൻഡിൽ നിന്നോ വെയിൽസിൽ നിന്നോ ആരും ഒപ്പിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അതിനിടയിൽ പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാരെ തിങ്കളാഴ്‌ച്ച മൂന്ന് മണിക്കൂർ വരെ വൈകിവരാൻ അനുവദിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഒരു വർഷത്തിലധികമായി അടഞ്ഞു കിടന്നപ്പോൾ സംഭവിച്ച നഷ്ടമൊന്നു ഏതാനും മണിക്കൂർ ജോലി വൈകിയാൽ സംഭവിക്കില്ല എന്നാണ് അവർ പറയുന്നത്. എന്നാൽ, ചില സ്‌കൂളുകൾ വൈകിവരുന്ന കുട്ടികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.