കണ്ണൂർ: പാർട്ടി ഗ്രാമങ്ങളിലെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെയും ആകാശ് തില്ലങ്കേരിയെപ്പോലുള്ള നവ സൈബർ പോരാളികളെ കുറിച്ചും സിപിഐ കണ്ണുർ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ ജനയുഗം പത്രത്തിന്റെ എഡിറ്റോറിയൽ പേജിലെഴുതിയ ലേഖനത്തെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി.രംഗത്തെത്തി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു പ്രതിസന്ധിയിലും, ചുമലിൽ കൈവച്ച് നടക്കുന്ന പാർട്ടി എന്താണെന്ന് സിപിഐക്ക് വൈകിയെങ്കിലും മനസ്സിലായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും യു.ഡി.എഫും ഇതൊക്കെ നേരത്തെ വിളിച്ചു പറഞ്ഞതാണ്. വർഷങ്ങളായി കോൺഗ്രസ് സിപിഎം പാർട്ടി ഗ്രാമങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നതാണ്. പാർട്ടി ഗ്രാമങ്ങളിൽ വളരുന്നത് ഗുണ്ടാ - ക്വട്ടേഷൻ സംഘങ്ങളും സ്വർണക്കടത്തുകാരുമാണ്. അവരെ സംരക്ഷിക്കുകയാണ് പാർട്ടി ഗ്രാമങ്ങൾ സിപിഎമ്മിന്റെ തണലിലാണ് ഇവർ കഴിയുന്നത്. രാഷ്ട്രീയ എതിരാളികളുടെ വീട്ടുകിണറ്റിൽ വിഷം കലക്കിയും പെട്രോളും ഡീസലും ഒഴിച്ചും വീട് തകർത്തും എതിരാഭിപ്രായമുള്ളവരെ ജീവിക്കാൻ ഇവർ അനുവദിക്കുന്നില്ല. എത്രയോ വർഷങ്ങളായി കോൺഗ്രസ് ഇതു പറഞ്ഞു കൊണ്ടിരിക്കുന്നു. കൊടി സുനിയെപ്പോലുള്ള ക്രിമിനലുകൾക്ക് ജയിലിൽപ്പോലും സംരക്ഷണം കിട്ടുകയാണ് ജയിലിലിലെ സൂപ്രണ്ട് കൊടി സുനിയാണ്. ഇഷ്ടമുള്ള ഫോൺ ഉപയോഗിക്കാനും ജയിലിനകത്ത് ക്വട്ടേഷൻ പ്രവൃത്തി ചെയ്യാനും കൊടി സുനിക്ക് ഇഷ്ടം പോലെ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. ഇനിയെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യം പുലരണം.ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്.

സിപിഎമ്മിനു നിയന്ത്രിക്കാൻ ആവാത്ത വിധം പാർട്ടി ഗ്രാമങ്ങൾ മാറിയിട്ടുണ്ട്. ഭരണത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് ക്വട്ടേഷൻ സംഘങ്ങൾ വിഹരിക്കുന്നത്. സിപി ഐയ്ക്ക് വളരെ വൈകിയെങ്കിലും ഈ സത്യങ്ങൾ തുറന്നു പറയാനായത് സുകൃതമായിട്ടാണ് കാണുന്നത്. തിരുവനന്തപുരം വിമാനതാവളത്തിൽ നിന്നും സ്വർണം കടത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരാണ്.
സ്വർണ കടത്ത് അന്വേഷണം ശരിയായ ദിശയിലൂടെയു പോകുന്നതെന്നും കെ.സുധാകരൻ ആരോപിച്ചു.

ഇതിനിടെ കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഐ കണ്ണുർ ജില്ലാ സെക്രട്ടറി അഡ്വ.പി സന്തോഷ് കുമാറെഴുതിയ ലേഖനം ഇടതു മുന്നണിക്കുള്ളിൽ വിവാദമായിരിക്കുകയാണ്. എന്നാൽ ഇതിനെ കുറിച്ച് മാധ്യമ പ്രവർത്തകരോട് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല ജനാധിപത്യ വിരുദ്ധതയുടെ ലക്ഷണങ്ങൾ പാർട്ടി ഗ്രാമങ്ങളിലാണ് തുടങ്ങുന്നതെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ ജനയുഗം എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നത് അപലപിക്കേണ്ടതാണ്. പാർട്ടിയെ മറയാക്കി ചിലർ അനാശാസ്യകരമായ പ്രവർത്തികളിൽ ഏർപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മാഫിയ സംഘങ്ങളുടെ വളർച്ചയുടെ ആദ്യ ഘട്ടം പാർട്ടി ഗ്രാമങ്ങളിലാണ് തുടങ്ങുന്നത്. സിപിഐക്ക് മടിയിൽ കനമില്ലാത്തതുകൊണ്ട് ഇവരെ ധൈര്യപൂർവ്വം തള്ളിപ്പറയാൻ സാധിക്കും. ഇവരെ പ്രോത്സാഹിപ്പിക്കുമ്പോൾ എന്തിനും പ്രസ്ഥാനം പിന്തുണക്കുമെന്ന തോന്നലുണ്ടാകും. എല്ലാ പാർട്ടികളിലും പെട്ട മാഫിയ സംഘങ്ങൾ തമ്മിലെ അന്തർധാര സജീവമാണെന്നും പി സന്തോഷ് കുമാർ തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

നേരത്തെ സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ പാർട്ടി മുഖപത്രത്തിൽ ഇന്ന് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. ആകാശ് തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും പാർട്ടി മുഖപത്രത്തിൽ എഡിറ്റ് പേജിൽ പി സന്തോഷ് കുമാർ എഴുതിയ ലേഖനത്തിൽ രൂക്ഷവിമർശനമുയർത്തിയിരുന്നു.എന്നാൽ ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയിലെ ഒരു പ്രമുഖ നേതാവ് ഉയർത്തിയ വിമർശനങ്ങളോട് സിപിഎം നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല. ക്വട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും ഇവർക്കെതിരെ ആദ്യം പ്രതിഷേധമുയർത്തിയ പാർട്ടി സിപിഎമ്മാണെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.