പാലാ: അനിയന്ത്രിതമായ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിലൂടെ ജനദ്രോഹനടപടികൾ തുടരുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ യു ഡി എഫ് പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് (10/07/2021) മാണി സി കാപ്പൻ വീടിനു മുന്നിൽ കുടുംബ സത്യഗ്രഹം നടത്തും. രാവിലെ 10 മുതൽ 11 വരെയാണ് സത്യഗ്രഹ സമരം.

നഗരസഭാ ചെയർമാൻ പാലാക്കാരോട് മാപ്പ് പറയണം

പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണം സംബന്ധിച്ചു പാലാ മുനിസിപ്പൽ ചെയർമാന്റെ പ്രസ്താവന ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നതിനു തുല്യമാണെന്ന് എൻ സി കെ പാലാ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്തപ്പോൾ അനുവദിച്ച നഷ്ടപരിഹാരത്തിലെ അപാകതമൂലമാണ് സ്ഥലമുടമകൾ നിയമ നടപടികൾ സ്വീകരിച്ചത്. നഗരമധ്യത്തിൽ കുറഞ്ഞ തുകയും നഗരത്തിനു വെളിയിൽ കൂടുതൽ തുകയും നൽകിയതിനെ ചോദ്യം ചെയ്തു സ്ഥലമുടമകൾ കോടതി സമീപിക്കുകയായിരുന്നു. സ്ഥലമുടമകളുടെ വാദം കോടതി അംഗീകരിച്ചത് നഷ്ടപരിഹാരം നിശ്ചയിച്ചതിലെ ക്രമക്കേടാണ് തെളിയിച്ചത്. മാണി സി കാപ്പൻ എം എൽ എ ആകുന്നതിനു മുമ്പ് വർഷങ്ങളായി പ്രശ്‌നം നിലനിന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാണി സി കാപ്പൻ എം എൽ എ ആയതിനു ശേഷം നിരന്തരം നടത്തിയ ഇടപെടലിലൂടെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്. തുടർന്ന് ഇതിനാവശ്യമായ 10 കോടി 10 ലക്ഷം രൂപ സർക്കാരിനെ കൊണ്ട് അനുവദിപ്പിച്ചു. അന്ന് കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ ഉണ്ടായിരുന്നില്ല. 2020 സെപ്റ്റംബറിൽ കളക്ടറുടെ അക്കൗണ്ടിൽ ഇതിനായിയുള്ള പണം എത്തിയിരുന്നു. ഈ സമയത്താണ് കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ വന്നത്. തുടർന്നാണ് തടസ്സങ്ങൾ നേരിട്ടത്. കെ എം മാണി മന്ത്രിയും ജോസ് കെ മാണി, തോമസ് ചാഴികാടൻ എന്നിവർ എം പിമാരായി എല്ലാ അധികാരങ്ങളോടെ വാണിട്ടും ഉണ്ടാവാത്ത നടപടി ഇടതു സർക്കാർ സ്വീകരിച്ചതെന്ന ചെയർമാന്റെ പ്രസ്താവന കെ എം മാണിയുടെ അസ്തിത്വത്തെ തള്ളിപ്പറയുകയാണ്. ന്യായമായ ആവശ്യം ഉന്നയിച്ച ഭൂഉടമകളെയും ഇതുവഴി പാലാക്കാരെയും ഇക്കാലമത്രയും ബുദ്ധിമുട്ടിച്ചതിന് ചെയർമാൻ മാപ്പു പറയുകയായിരുന്നു ഉചിതമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ചെത്തിമറ്റത്ത് ഏഴു വർഷമായി തുടർറോഡില്ലാതെ തൂണിൽ നിൽക്കുന്ന കളരിയാന്മാക്കൽ പാലത്തിന് കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ വരുന്നതിന് മുമ്പ് മാണി സി കാപ്പൻ 13 കോടി 39 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നു. അമ്പത് വർഷക്കാലം പാലായിൽ അധികാരത്തിൽ ഇരുന്ന കേരളാ കോൺഗ്രസ് പാലായിൽ എന്തെങ്കിലും ചെയ്തത് ഇടതുമുന്നണിയിൽ എത്തിയിട്ടാണെന്ന അവകാശം രാഷ്ട്രീയപാപ്പരത്തമാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. അപ്പച്ചൻ ചെമ്പൻകുളം അധ്യക്ഷത വഹിച്ചു

പാരലൽ റോഡ് - പക്ഷപാതപരമായ വിലനിർണയം കോടതിയിൽ ചോദ്യം ചെയ്തു വിജയിച്ച ഭൂവുടമകളെ മുനിസിപ്പൽ ചെയർമാൻ അധിക്ഷേപിക്കുന്നത് ചിലരുടെ ജാള്യത മറയ്ക്കാൻ : യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി.

പ്രാദേശികമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവരോട് പക പോക്കുവാൻ പക്ഷപാതപരമായി, സ്ഥലം ഏറ്റെടുക്കലിൽ വില നിർണയം നടത്തിയത് കോടതിയിൽ ഭൂവുടമകൾ തെളിയിച്ചതിലുള്ള ചിലരുടെ ജാള്യത മറയ്ക്കാനാണ് മുനിസിപ്പൽ ചെയർമാൻ വ്യാജ പ്രസ്താവനകൾ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഭരണഘടന നല്കുന്ന അവകാശം ഉപയോഗിച്ച് നീതി നിഷേധം കോടതിയിൽ ചോദ്യം ചെയ്ത ഭൂവുടമകളെ അപമാനിക്കുന്നത് ചിലരുടെ രാഷ്ട്രീയ ജാള്യത മറക്കാൻ ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു . നഗര പിതാവിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ പ്രീണനം അല്ല എന്ന് തിരിച്ചറിവുണ്ടായി നഗര ഭരണത്തിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുവാൻ ഉള്ള ആർജ്ജവമാണ് നഗരപിതാവ് കാണിക്കേണ്ടത്.

അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രാദേശിക നേതാവ് നടത്തുന്ന അഴിമതിയുടെയും, മാനസിക പീഡനത്തിന്റെയും തെളിവുകൾ ഓരോദിവസവും പുറത്തു വരുമ്പോൾ അതിൽ ഇടപെടാതെ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകൾ നടത്തി ജനശ്രദ്ധ തിരിച്ചുവിടുകയാണ് ചെയർമാന്റെ ലക്ഷ്യം. ഇത് രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. അസഹിഷ്ണുത മുഖമുദ്രയാക്കി പ്രവർത്തിക്കുന്നവരുടെ കാപട്യങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ദയനീയമായി പരാജയപ്പെട്ടത്. എന്നാൽ യാഥാർത്ഥ്യങ്ങളെ തമസ്‌കരിച്ചു കൊണ്ട് അന്ധമായ രാഷ്ട്രീയ വിരോധം മുഖമുദ്രയാക്കി മുന്നോട്ടുപോകുന്ന നിലപാടുകൾക്ക് കുടപിടിക്കുകയാണ് മുനിസിപ്പൽ ചെയർമാൻ ചെയ്യുന്നത്. ഇതിനുള്ള പ്രതിഫലമായി പദവിയെ കാണുന്നവർ പദവിയുടെ അന്തസ്സ് കളഞ്ഞു കുളിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ഈ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി നഗര ഭരണത്തിലെ അഴിമതികളും, കെടുകാര്യസ്ഥതയും അവസാനിപ്പിക്കാൻ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതു വരെ യൂത്ത് കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്നും, വ്യാജം പറയുന്ന അധികാരസ്ഥാനങ്ങളെ പ്രസ്ഥാനം ഭയക്കുകയോ, അധികാരത്തിന്റെ അഹന്തയ്ക്കു് മുന്നിൽ മുട്ടുകുത്തുകയോ ചെയ്യില്ല എന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് പറഞ്ഞു.