തൃശ്ശൂർ: കോവിഡ്കാലത്തെ പ്രതിസന്ധിയിൽ കുടുങ്ങി കേരളത്തിൽമാത്രം പൂട്ടിയത് 20,000 വ്യാപാര സ്ഥാപനങ്ങൾ. ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള 20,000 വ്യാപാരസ്ഥാപനങ്ങളാണ് അടച്ചു രൂട്ടിയത്. പൂട്ടിയ സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ റദ്ദാക്കാനാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്.

ഹോട്ടലുകളാണ് ഏറ്റവും കൂടുതൽ അടച്ചു പൂട്ടിയത്. ഏതാണ്ട് 12,000 ഹോട്ടലുകളാണ് പൂട്ടി ജി.എസ്.ടി. രജിസ്‌ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകിയത്. വിനോദസഞ്ചാരമേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾ, ചെറുകിട ജൂവലറികൾ, മാളുകൾ കേന്ദ്രീകരിച്ചും അല്ലാതെയും നടത്തുന്ന ബ്രാൻഡഡ് വസ്ത്രശാലകൾ, കരകൗശലവില്പനശാലകൾ എന്നിവയാണ് മറ്റുള്ളവ. ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയുമാണ് എല്ലാ സ്ഥാപനങ്ങളുടെയും അന്ത്യം കുറിച്ചത്.

പൂട്ടിയ സ്ഥാപനങ്ങളുടെ ജി.എസ്.ടി. രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയുടെ നൂലാമാലകളിൽപ്പെട്ട് വീണ്ടും നട്ടംതിരിയുകയാണ് ഇവയുടെ ഉടമകൾ. രജിസ്‌ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകി അതിന് ജി.എസ്.ടി. വകുപ്പ് അനുമതി നൽകിയ അറിയിപ്പ് കിട്ടിയതോടെ നടപടി കഴിഞ്ഞുവെന്ന് കരുതിയവർക്ക് വകുപ്പ് വലിയ പിഴ ചുമത്തുകയാണ്. ജി.എസ്.ടി. രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിച്ച് ഒരുമാസത്തിനുള്ളിൽ റദ്ദാക്കിയതായുള്ള അറിയിപ്പ് സ്ഥാപനഉടമയ്ക്ക് എസ്.എം.എസ്. ആയോ ഇ മെയിൽ ആയോ കിട്ടും. അതിനുശേഷം മൂന്നുമാസത്തിനുള്ളിൽ ഫൈനൽ റിട്ടേൺ സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ഇക്കാര്യം പലർക്കും അറിയില്ല.

രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷ സ്വീകരിച്ച് നടപടി പൂർത്തിയാക്കിയതായുള്ള അറിയിപ്പ് വകുപ്പിൽനിന്ന് കിട്ടുന്നതോടെ നടപടിയെല്ലാം കഴിഞ്ഞെന്ന് കരുതുന്നവരെത്തേടി പിഴയുടെ നോട്ടീസ് എത്തിത്തുടങ്ങി. ൈറഫനൽ റിട്ടേൺ സമർപ്പിക്കാത്തതിന് 10,000 രൂപ പിഴയൊടുക്കണമെന്നാണ് നോട്ടീസ്. പിഴയൊടുക്കിയില്ലെങ്കിൽ ജി.എസ്.ടി.യുമായി ബന്ധിച്ച അക്കൗണ്ടിൽനിന്ന് തുകയെടുക്കുകയോ റവന്യൂ റിക്കവറി നടത്തുകയോ െചയ്യുെമന്നും നോട്ടീസിലുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവരിൽനിന്ന് 50,000 രൂപ പിഴയീടാക്കാനൊരുങ്ങുകയാണ് ജി.എസ്.ടി. വകുപ്പ്. അതിനുള്ള വ്യവസ്ഥയും വകുപ്പിന്റെ നിയമത്തിലുണ്ട്.