- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അലംഭാവം വെടിയണം: ഓരോ എഞ്ചിനിയർമാരും ജല അംബാസഡർമാരാകണം; വകുപ്പിനെ ജനങ്ങളുമായി അടുപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: പൊതുജനങ്ങളുമായി ഏറെ ബന്ധമുള്ള വാട്ടർ അഥോറിറ്റി ജീവനക്കാർ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അലംഭാവം വെടിയണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലിവിഭവ വകുപ്പിലെ എഞ്ചിനിയർമാരുടെ സംഘടനകളായ അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് എഞ്ചിനിയേഴ്സ് കേരള (എപിഎച്ച്ഇകെ), എഞ്ചിനിയയേഴ്സ് ഫെഡറേഷൻ ഓഫ് കേരളാ വാട്ടർ അഥോറിറ്റി ( ഇഎപ്കെഡബ്ല്യുഎ), അസിസ്റ്റന്റ് എഞ്ചിനിയേഴ്സ് അസോസിയേഷൻ (എഇഎ) എന്നിവർ സംയുക്തമായി നടത്തിയ എഞ്ചിനിയേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാലാനുസൃതമായി മാറാൻ ജലവിഭവ വകുപ്പ് തയാറാകണം. പദ്ധതികൾ പൂർത്തിയാക്കാൻ കാലതാമസം എടുക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന പരാതി. ജീവനക്കാരുമായി കൂടി ആലോചിച്ച് തടസ്സങ്ങൾ ഒഴിവാക്കി ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്ന തരത്തിൽ വകുപ്പിനെ നവീകരിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നത് ടെൻഡർ ക്ഷണിച്ച ശേഷമാണ് പൈപ്പും മോട്ടോറുകളും അടക്കം കരാറുകാരൻ ടെൻഡർ ക്ഷണിച്ച് പർച്ചേസ് ചെയ്യുന്നത്. പദ്ധതികൾ വൈകാൻ ഒരു പരിധി വരെ ഇതാണ് കാരണം. ഈ കാലതാമസം ഒഴിവാക്കുന്നതിന് മോട്ടോറുകളും പൈപ്പുകളും ജലവിഭവ വകുപ്പ് നേരിട്ട് വാങ്ങുകയും ആ തുക ടെൻഡറിൽ നിന്ന് കുറച്ച് കരാറുകാരന് നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇതുവഴി പദ്ധതികൾ പൂർത്തിയാക്കാൻ ആറു മാസത്തോളം സമയം ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റോഡു പണിയുമായി ബന്ധപ്പെട്ട് വകുപ്പ് ഏറെ പഴി കേൾക്കുന്നുണ്ട്. നല്ലൊരു റോഡ് വരാൻ ഒരിക്കലും വാട്ടർ അഥോറിറ്റി തടസ്സം നിൽക്കരുത്. 40 വർഷമൊക്കെ പഴക്കമുള്ള പൈപ്പ് ആണെങ്കിൽ അത് മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുക്കണം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇരുവകുപ്പുകളെയും ഏകോപിപ്പിച്ച് ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ ജലവിതരണ പൈപ്പുകളെക്കുറിച്ചും അവയുടെ കാലപ്പഴക്കത്തെക്കുറിച്ചു കൃത്യമായ വിവരം ഉദ്യോഗസ്ഥർ ശേഖരിക്കണമെന്നും റോഷി അഗസ്റ്റിൻ നിർദേശിച്ചുു. ഉദ്യോഗസ്ഥർക്ക് സ്വസ്ഥമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കും. ഒരുതരത്തിലുമുള്ള മാനസിക സമ്മർദവും സർക്കാർ തലത്തിൽ നിന്ന് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. ജോലിഭാരത്തെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കും. അതേസമയം അച്ചടക്കം കൃത്യമായി പാലിക്കാൻ ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധരാണ്. ഇതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സംഘടനകൾക്ക് അതീതമായി ഒരുമിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ തയാറാകണം. ഓരോ ഉദ്യോഗസ്ഥനും ജല അംബാസഡർമാരാകണം. വകുപ്പിനൈ ജനങ്ങളോട് അടുപ്പിക്കണം. വകുപ്പിന്റെ പേരുദോഷം മാറ്റി മാതൃകാപരമായ സ്ഥാപനം ആക്കി മാറ്റണം. ജലവിഭവ വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉന്നത ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യണെന്നും ഈ കോൺക്ലേവ് അതിന് തുടക്കമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
മൂന്ന് അസോസിയേഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് മന്ത്രിയുമായി സംവദിക്കാൻ അവസരം ഒരുക്കുന്നതായിരുന്ന പരിപാടി. ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടത്തിയ സംവാദത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും ഇരുന്നുറോളം എഞ്ചിനിയർമാർ പങ്കെടുത്തു. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മന്ത്രി ഉത്തരം നൽകുകയും അവരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ടു മനസിലാക്കുകയും ചെയ്തു.