- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സയൻസിലെ ഉപരിപഠന - ജോലി സാധ്യതകൾ; ദേശീയ വെബിനാർ നടത്തി
കൊച്ചി: അമൃത സർവ്വകലാശാലയുടെ കൊച്ചി കാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിന്റെ ആഭിമുഖ്യത്തിൽ 'കോവിഡാനന്തരം: സയൻസ് മേഖലയിലെ ഉപരിപഠന - ജോലി സാധ്യതകൾ' എന്ന വിഷയത്തിൽ ദേശീയ വെബിനാർ നടത്തി.
അമൃത വിശ്വവിദ്യാപീഠം ഗവേഷണ വിഭാഗം ഡീനും, അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിൻ ഡയറക്ടറുമായ, ഡോ. ശാന്തികുമാർ വി. നായർ വെബിനാർ നയിച്ചു.
കെറ്റോ ബിസിനസ് വൈസ് പ്രസിഡന്റ് സോണിയ ബസു, സിംഗപ്പൂർ ഗ്ലാക്സോസ്മിത്ക്ലൈൻ മെഡിക്കൽ അഫയേഴ്സ് മാനേജർ ഡോ. കൃഷ്ണ രാധാകൃഷ്ണൻ, പ്രമുഖ അവതാരക രേഖ മേനോൻ, ഓക്സ്ഫോർഡ് സർവകലാശാല പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ഡോ. സിസിനി ശശിധരൻ, യു.എസ്. ഫാർമകോപ്പിയ ഇന്റർനാഷണൽ പബ്ലിക് പോളിസി ഡയറക്ടർ ഡോ. ചൈതന്യ കൊഡൂരി, ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ ഫുൾബറൈറ് പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെല്ലോ ഡോ. ജോൺ ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഇവർ മറുപടി നൽകി. വെബിനാറിൽ പങ്കെടുത്ത 3500-ൽപ്പരം വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ദേശീയ വെബിനാറിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ ബോധവത്ക്കരണ ഹാഷ്ടാഗ് കാംപയിൻ 'സ്റ്റോപ്പ് ഫോളേയിങ് ദി ക്രൗഡ്' ശീമാട്ടി ഗ്രൂപ്പ് സിഇഒ.യും സംരംഭകയുമായ ബീന കണ്ണൻ, പിന്നണി ഗായകൻ ജി. വേണുഗോപാൽ, പിന്നണി ഗായിക അമൃത സുരേഷ്, നടി വിദ്യ ഉണ്ണി, നടൻ കൈലാഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
നിർമ്മാതാവ് പ്രശോഭ് കൃഷ്ണ, നടന്മാരായ ടിനി ടോം, ഗോവിന്ദ് പത്മസൂര്യ എന്നിവരുൾപ്പെടെ സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലെ നിരവധിപേർ ഹാഷ്ടാഗ് കാംപയിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.ദേശീയ വെബിനാറിന്റെ ഭാഗമായി നടത്തിയ ദേശീയ നാനോടെക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി അലീന ജൂഡിനെ ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എസ്. സുനിത പങ്കെടുത്തു.