കോട്ടയം: സഭയും സമൂഹവും അഭിമുഖീകരിച്ച ഒട്ടേറെ വെല്ലുവിളികളെ കരുത്തോടെ നേരിട്ട് ഓർത്തഡോക്സ് സഭയെ മുന്നോട്ട് നയിച്ച വലിയ വ്യക്തിത്വമായിരുന്നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവയെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ സാരഥിയായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ സാധിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. സാധാരണ കർഷക കുടുംബത്തിലെ കഷ്ടപ്പാടുകൾക്കുള്ളിൽ നിന്ന് സഭയുടെ അമരത്തേയ്ക്ക് പരമാധ്യക്ഷനായി അദ്ദേഹത്തിന് ഉയർന്നുവരാനായത് ദൈവീക കൃപ ഒന്നുമാത്രമാണ്. സഭാമക്കളെ വിശ്വാസപാതയിൽ നയിക്കുകമാത്രമല്ല ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിനും നന്മകൾ വർഷിക്കുവാൻ ഏഴരപതിറ്റാണ്ടിലെ ജീവിത കാലഘട്ടത്തിൽ തിരുമേനിക്കായി. സ്ത്രീകളെ സഭാഭരണത്തിൽ കൂടുതൽ സജീവമാക്കി മുഖ്യധാരയിലെത്തിക്കുവാൻ നടത്തിയ ശ്രമങ്ങൾ ഏറെ പ്രശംസനീയമാണന്നും വി സി.സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തിൽ സൂചിപ്പിച്ചു