ബ്രിട്ടനിലെ ഏറ്റവും വലിയ കോവിഡ് ട്സിംപ്ടം ട്രാക്കിങ് സിസ്റ്റം കൈകാര്യം ചെയ്യുന്ന പ്രമുഖ വൈറസ് സ്പെഷ്യലിസ്റ്റ് ടിം സ്പെക്ടർ പറയുന്നത് ബ്രിട്ടൻ മൂന്നാം തരംഗത്തിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ടാകാം എന്നാണ്. അതേസമയം വാക്സിൻ എടുക്കാത്തെ ബ്രിട്ടീഷുകാരിൽ ലക്ഷണങ്ങളോടുകൂടിയ കോവിഡ് 2.4 ശതമാനം കുറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. എന്നാൽ ജനസംഖ്യയുടെ 87.2 ശതമാനം വരുന്ന വാക്സിൻ എടുത്തവർക്കിടയിലാണ് ഇപ്പോൾ വൈറസ് പകരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ജൂലായ് 6 ന് 33,000 ആളുകൾക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 12,905 പേർ വാക്സിൻ സ്വീകരിച്ചവരായിരുന്നു. അതായത് പുതിയ കേസുകളിൽ പകുതിയോളം പേർ വാക്സിൻ എടുത്തവർ എന്നർത്ഥം. അതേസമയം, രാജ്യത്തൊട്ടാകെ കോവിഡ് വ്യാപനം വർദ്ധിക്കുകയാണെന്ന് മറ്റൊരു റിപ്പൊർട്ടും കാണിക്കുന്നു. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും 60 ൽ ഒരാൾ വീതം കോവിഡ് രോഗിയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

നിലവിൽ ഓരോ ആഴ്‌ച്ചയും കോവിഡ് വ്യാപനതോത് 30 ശതമാനത്തോളം വർദ്ധിക്കുന്നു. വാക്സിൻ എടുക്കാത്തവരിൽ രോഗവ്യാപനം കുറയുമ്പോൾ എടുത്തവരിൽ അത് വർദ്ധിക്കുന്നതായി കാണുന്നു. വാക്സിൻ എടുത്തവർ ബ്രിട്ടനിൽ ഭൂരിപക്ഷമായതിനാലാകാം ഇങ്ങനെ സംഭവിക്കുന്നത് എന്നൊരു വാദവും ഉയരുന്നുണ്ട്. അതേസമയം വ്യാപനതോത് വർദ്ധിക്കുന്നതിന്റെ വേഗത കുറയുന്നുണ്ട് എന്നതുമാത്രമാണ് ആശ്വസകരമായ കാര്യം.

അതേസമയം നാലാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്ന ഫ്രാൻസിൽ ബാറുകളിലും കഫേകളിലുംറെസ്റ്റോറന്റുകളിലും വാക്സിനേഷൻ പാസ്സ് നിർബന്ധമാക്കുമെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പ്രസ്താവിച്ചു.ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ അത്യാവശ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവശതയനുഭവിക്കുന്ന വൃദ്ധർ, മാറാവ്യാധിയുള്ളവർ തുടങ്ങിയവർക്കൊപ്പം ജോലിചെയ്യുന്നവർക്ക് വാക്സിൻ നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശരത്ക്കാലത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നാലാം തരംഗം ഇപ്പോൾ തന്നെ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാൺ' പല ആരോഗ്യ വിദഗ്ദരും പറയുന്നത്. മഹാവ്യാധിയെ നേരിടാൻ ആത്മാർത്ഥമായി ശ്രമിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു മാക്രോണിന്റെ സംസാരം ആരംഭിച്ചത്. എന്നാൽ, പിന്നീടാണ് കയ്പേറിയ യാഥാർത്ഥ്യം അദ്ദേഹം തുറന്നുപറഞ്ഞത്. നിലവിലെ സ്ഥിതിവിശേഷത്തിൽ സ്വാതന്ത്ര്യത്തിനും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കും ഇടയിൽ കൂടുതൽ സന്തുലനാവസ്ഥ കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്രാൻസിൽ 100 ശതമാനം വാക്സിൻ എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വാക്സിൻ എടുക്കുവാൻ സെപ്റ്റംബർ 15 വരെ സമയമുണ്ടെന്നും അതിനുശേഷം പരിശോധനകൾ വിപുലപ്പെടുത്തുമെന്നും വാക്സിൻ സംബന്ധിച്ച നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദീർഘദൂര വിമാനസർവ്വീസുകൽ, കോച്ചുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയിൽ ഓഗസ്റ്റ് 1 മുതൽ വാക്സിൻ പാസ്സ് നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.