- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയ്തത് മൂന്നിഞ്ച് മഴ; പ്രളയ സിനിമകളെ ഓർമ്മിപ്പിക്കുന്ന വിധം താറുമാറായി ലണ്ടൻ; ഇംഗ്ലണ്ടിലെ തെരുവുകൾ വെള്ളത്തിനടിയിലായ ദൃശ്യങ്ങൾ
ബൈബിളിൽ പരാമർശിക്കുന്ന ലോകാന്ത്യത്തിലെ പ്രളയത്തെ അനുസ്മരിപ്പിക്കുന്ന മട്ടിലുള്ള കനത്ത മഴയിൽ ലണ്ടൻ നഗരം താറുമാറായി. വീടുകൾ ഇടിഞ്ഞുവീണേക്കുമെന്ന ഭയത്താൽ അനേകരെ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. പല ട്യുബ് സ്റ്റേഷനുകളും അടച്ചിടാൻ നിർബന്ധിതമാവുകയും ചെയ്തു. ഒന്നര മണിക്കൂറിൽ 3 ഇഞ്ച് മഴ പെയ്തിറങ്ങിയതോടെ നോട്ടിങ് ഹില്ലിലെ പോർട്ടോബെല്ലോ റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. തെക്കൻ ലണ്ടനിലെ റേയ്ൻസ് പാർക്കിൽ 2 അടിയോളം ഉയരത്തിൽ ജലനിരപ്പ് ഉയർന്നതോടെ പലരും കാറുകൾ വഴിയിലുപേക്ഷിച്ച് ജീവൻ രക്ഷിക്കാനായി പലായനം ചെയ്തു.
ചെൽസിയയിലെ സൊളേൻ ട്യുബ് സ്റ്റേഷനകത്ത് വെള്ളം നിറഞ്ഞതിനാൽ അടച്ചിടേണ്ടതായി വന്നു. സൗത്ത് ഹാംപ്സ്റ്റെഡിൽ പെയ്ത കനത്ത മഴയിൽ റോഡുകൾ കവിഞ്ഞൊഴുകിയപ്പോൾ വാഹന ഗതാഗതം തടസ്സപ്പെട്ടു. വെസ്റ്റ്മിനിസ്റ്ററും കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു. കോൾവില്ലി ടെറസ്, ഹോളണ്ട് റോഡ്, ലാഡ്ബ്രോക്ക് ഗ്രോവ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ വീടുകളിൽ നിന്നും ആളുകളെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പല വീടുകളുടെയും മേൽക്കൂര തകരുമെന്ന അവസ്ഥയിലുമാണ്. പലയിടങ്ങളിലും റോഡുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.
തെക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിൽ നിന്നായി രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരത്തിലധികം കോളുകൾ വന്നതായ അഗ്‌നിശമന സേനയും പറഞ്ഞു. വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെ നടക്കുകയോ വാഹനമോടിക്കുകയോ ചെയ്യരുതെന്ന് സുരക്ഷാ സൈനികർ മുന്നറിയിപ്പ് നൽകുന്നു. കെട്ടിക്കിടക്കുന്ന ജലം മലിനമാണെന്നും വാഹനങ്ങൾക്കും മനുഷ്യർക്കും ഉപദ്രവമുണ്ടാക്കുമെന്നും അവർ പറയുന്നു.
ഇന്നലെ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് യൂസ്റ്റൺ സ്റ്റേഷൻ ലൈനുകൾ അടച്ചിടേണ്ടതായി വന്നു. അതുപോലെ വടക്കൻ ലണ്ടനിലെ ചോക്ക് ഫാം, ഹാംപ്സ്റ്റെഡ് സ്റ്റേഷനുകളൂം തെക്കൻ ലണ്ടനിലെ വിംബിൾഡൺ സ്റ്റേഷനും അടച്ചിടുകയും ചെയ്തു. വാറ്റ്ഫോർഡ് ജംഗ്ഷനും യൂസ്റ്റണും ഇടയിൽ റെയിൽ ലൈൻ അടച്ചിട്ടിരിക്കുന്നു എന്ന് നെറ്റ്‌വർക്ക് റേയിൽ വക്താവ് അറിയിച്ചിട്ടുണ്ട്. എഞ്ചിനീയർമാർ റെയിൽ പാത പരിശോധിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷിതമെന്ന് ബോദ്ധ്യപ്പെട്ടാൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നുംവക്താവ് അറിയിച്ചു.
റിച്ച്മൊണ്ട്, കിങ്സ്റ്റൺ എന്നീ ബറോകളിൽ ഉൾപ്പടെ തെക്ക് പടിഞ്ഞാറൻ ലണ്ടനിലും വടക്ക് പടിഞ്ഞാറൻ ലണ്ടന്നിലും വെള്ളക്കെട്ട് ഗുരുതരമായി തുടരുകയാണ്. സൗത്ത് ഹാംപ്സ്റ്റെഡ്, വെസ്റ്റ് ഹാംപ്സ്റ്റെഡ്, റെയ്ൻസ് പാർക്ക്, ഫ്രിയേൺ ബാർനെറ്റ്, ഐൽഅർത്ത്, വിംബിൾഡൺ എന്നിവിടങ്ങളിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നതാണ്. അതിനിടയിൽ പ്രൈംറോസ് ഹില്ലിൽ പെയ്ത പേമാരിയിൽ രൂപം കൊണ്ട് ഒരു കുളത്തിൽ ജനങ്ങൾ നീന്തിത്തുടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്നും നാളെയും കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. തെക്കൻ തീരപ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളും കെട്ടിടങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.