- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം ഡോസ് വാക്സിനെ കുറിച്ച് നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇസ്രയേൽ ബൂസ്റ്റർ ഡോസിലേക്ക് പ്രവേശിക്കുന്നു; പ്രതിരോധ ശേഷി കുറഞ്ഞവർക്ക് മൂന്നാം ഡോസ് ഉടൻ
ശുഭസ്യ ശീഘ്രം എന്നതാണ് ഇസ്രയേലിന്റെ മന്ത്രം, അത് യുദ്ധത്തിലായാലും സമാധാനത്തിലായാലും. മറ്റൊരാൾക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നതിനു മുൻപെ കുതിച്ചു ചാടി തീരുമാനിച്ച കാര്യംചെയ്യുന്നതിൽ ഇസ്രയേലികളെ വെല്ലാൻ ഈ ലോകത്ത് മറ്റാരുമില്ല. അതുകൊണ്ടാണ് ചുറ്റും ശത്രുക്കളാൽ ചുറ്റപ്പെട്ട ഇസ്രയേൽ ഇന്നും തല ഉയർത്തി നിൽക്കുന്നതും. പ്രവർത്തനങ്ങളിലെ ഇസ്രയേലിന്റെ ചടുലത ഇപ്പോൾ കോവിഡ് വാക്സിന്റെ കാര്യത്തിലും പ്രതിഫലിക്കുകയാണ്.
മറ്റു പല രാജ്യങ്ങളും വാക്സിന്റെ ഒന്നാം ഡോസ് പോലും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് അഥവാ മൂന്നാം ഡോസ് നൽകാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ, പ്രായമായവർക്കും ദുർബലമായ പ്രതിരോധശേഷിയുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പ്രായഭേദമന്യേ, ആരോഗ്യ സ്ഥിതി കണക്കാക്കാതെ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണനയിലുമുണ്ട്.
കഴിഞ്ഞമാസം ഇസ്രയേലിൽ ഓരോ ദിവസവു രേഖപ്പെടുത്തുന്ന പുതിയ രോഗബാധിതരുടെ എണ്ണം ഒറ്റസംഖ്യയിൽ ഒതുങ്ങിയിരുന്നു. എന്നാൽ, ഡെൽറ്റ വകഭേദം കത്തിപ്പടരാൻ തുടങ്ങിയതോടെ ഇപ്പോൾ ഏകദേശം 500 ന് അടുത്ത് ആളുകൾക്ക് ഓരോ ദിവസവു പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ഫൈസറിന്റെ അടുത്ത ഷിപ്മെന്റിനായി ഇസ്രയേൽ ത്വരിതഗതിയിലുള്ള നീക്കം ആരംഭിക്കുകയും ചെയ്തു.
പ്രതിരോധ ശേഷി കുറഞ്ഞ പ്രായമായവർക്ക് അവർ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് ഉടൻ തന്നെ ലഭ്യമാക്കും എന്ന് ഇസ്രയേൽ ആരോഗ്യവകുപ്പ് മന്ത്രി നിറ്റ്സൻ ഹോറോവിറ്റ്സ് അറിയിച്ചു. വ്യാപകമായി മൂന്നാം ഡോസ് നൽകുന്ന കാര്യം പിന്നീട്തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡെൽറ്റ വകഭേദത്തിന്റെ വരവിനു മുൻപ് ഫൈസർ വാക്സിൻ 94 ശതമാനം രോഗപ്രതിരോധം നടത്തിയിരുന്നെങ്കിൽ, ഈ വകഭേദത്തിന്റെ വരവിനുശേഷം ഫൈസറിന്റെ രോഗപ്രതിരോധ ശേഷി 64 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്ന് കഴിഞ്ഞ മാസം ഇസ്രയേലി അധികൃതർ പ്രസ്താവിച്ചിരുന്നു.
അതേസമയം വാക്സിന്റെ കാര്യക്ഷമതയെ കുറിച്ചുള്ള സംശയങ്ങളെയെല്ലാം ഇസ്രയേലി ശാസ്ത്രജ്ഞർ തള്ളിക്കളയുകയാണ്, ഇപ്പോഴും കോവിഡ് തടയുന്നതിൽ വാക്സിൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് അവർ പറയുന്നത്. അതേസമയം ബൂസ്റ്റർ ഷോട്ടുകൾക്ക് അനുമതി നൽകാൻ അമേരിക്കൻ അധികൃതരോടും യൂറോപ്യൻ അധികൃതരോടും ഉടൻ തന്നെ അഭ്യർത്ഥിക്കുമെന്ന് ഫൈസറും വ്യക്തമാക്കിയിട്ടുണ്ട്. ആറുമാസത്തിനകം രോഗവ്യാപനം വർദ്ധിക്കുവാനുള്ള സാധ്യത അടിസ്ഥാനമാക്കിയാണ് ഈ അഭ്യർത്ഥന.
അതേസമയം, 9.3 മില്ല്യൺ ജനങ്ങളുള്ള ഇസ്രയേലിൽ 5.19 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞു. അതായത് മൊത്തം ജനസംഖ്യയുടെ 60 ശതമാനം പേർ കോവിഡിൽ നിന്നും സുരക്ഷ ഉറപ്പാക്കികഴിഞ്ഞു. അഞ്ചരലക്ഷത്തോളം പേർക്ക് ആദ്യ ഡോസും ലഭിച്ചുകഴിഞ്ഞു. ഇതേക്കാലയളവിൽ ബ്രിട്ടനിൽ ജനസംഖ്യയുടെ 50.88 ശതമാനം പേർക്കാണ് വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചിരിക്കുന്നത്. അമേരിക്കയിൽ 47 ശതമാനം പേർക്കും.
മറുനാടന് മലയാളി ബ്യൂറോ