തിരുവനന്തപുരം: സന്ദർശകരാണ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാർ എന്ന സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ ആശയം കേരളത്തിന്റെ ടൂറിസം മേഖലകളെയാകെ കോർത്തിണക്കി ഒരു ആപ്പ് രൂപീകരിക്കണമെന്നതിനെ കൂടുതൽ സമഗ്രമാക്കിയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന്റെ സമഗ്രമായ ഒരു പോർട്ടലും തുടർന്ന് ആപ്പും രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി.

'ടൂറിസം വകുപ്പിന്റെ അറിവിലും അതീതമായ ആയിരം പുതുമകളും പ്രത്യേകതകളും കേരളത്തിലുണ്ട്. വിനോദസഞ്ചാരികളും കാഴ്ചയുടെ കാവൽക്കാരുമായ അനവധി മനുഷ്യരുടെ വർഷങ്ങളായി ശേഖരിക്കപ്പെട്ട വിജ്ഞാനവും അറിവും പങ്കു വയ്ക്കുക, ഈ വിജ്ഞാനത്തെ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് അപ്പ് രൂപീകരണത്തിന്റെ ലക്ഷ്യം'.

ടൂറിസത്തെ ജനകീയമാക്കുക എന്ന പ്രക്രിയ ടൂറിസത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും അത്യാവശ്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങളുടേതായ സംഭാവനകൾ വകുപ്പിനും ടൂറിസം മേഖലയ്ക്കും പ്രത്യാശാകരമായ നേട്ടങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. ടൂറിസം മേഖലയെ സംബന്ധിച്ച ഓരോ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തലും എത്തിക്കലും ഏറെ പ്രധാനമാണ്. ഒരു ദേശത്തെക്കുറിച്ചോ, പ്രകൃതിവിശേഷതയെക്കുറിച്ചോ, ഒരു കലാരൂപത്തെക്കുറിച്ചോ ഒരു പ്രത്യേക ഭക്ഷണത്തെക്കുറിച്ചോ ആചാരത്തെക്കുറിച്ചോ ഉത്സവത്തെക്കുറിച്ചോ ഒക്കെ ആകാമത്. ഇവിടെയാണ് ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടൽ വകുപ്പിനാവശ്യമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'കഴിഞ്ഞ കുറേ വർഷങ്ങളായി സഞ്ചാരികളും കാഴ്ചക്കാരുമായ ഒരു വലിയ ജനക്കൂട്ടം നമുക്കുണ്ട്. ഓരോ യാത്രയിലും കാണുന്നവയൊക്കെ കൗതുകത്തോടെ രേഖപ്പെടുത്തുന്നവരാണതിൽ ഭൂരിഭാഗവും. ഫോട്ടോകൾ, വീഡിയോകൾ, എഴുത്തുകൾ എന്നിങ്ങനെ അവർ കാഴ്ചയുടെ കണ്ടന്റ് ഉത്പാദിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. അവരുടെ ഓരോ കാഴ്ചകളും വ്യത്യസ്തമാണ്. വ്യക്തിയിൽ നിന്നും വ്യക്തിയിലേയ്ക്ക് ഈ കണ്ടന്റുകൾ വ്യത്യാസപ്പെട്ടിരിക്കും. മേഖലകളും അറിവുകളും കാഴ്ചകളും നിരീക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും എല്ലാവർക്കും ലഭ്യമാക്കാൻ ശ്രമിക്കുന്ന ഒരു പോർട്ടലാണ് വിഭാവനം ചെയ്യുന്നത്'.

'സഞ്ചാരികൾക്കും സാധാരണക്കാർക്കും ഒരേ പോലെ ഈ സംരഭത്തിൽ ഉൾച്ചേരാനാകും. വ്യത്യസ്തവും ക്രിയാത്മകവും സൗന്ദര്യാതമകവുമായ ഒരു വിജ്ഞാനകോശമായി ഇത് മാറും. ഒപ്പം ഈ കണ്ടന്റുകളെ ഉത്പാദിപ്പിച്ച വ്യക്തികളുടെ സംഭാവനകളെ കണക്കിലെടുത്ത് എണ്ണവും ഗുണവും മാനദണ്ഡമാക്കി അവരുടെ സംഭാവനകളെ ആദരിക്കുവാനും, മികച്ച കണ്ടന്റ് നൽകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുവാനും ഉദ്ദേശിക്കുന്നു'.

ലളിതമായ ഒരു രജിസ്‌ട്രേഷൻ പ്രക്രിയക്ക് ശേഷം ആർക്കും കണ്ടന്റ് അപ് ലോഡ് ചെയ്യാവുന്ന രീതിയിലാണ് ആപ്പ് രൂപീകരിക്കുന്നത്. അപ് ലോഡ് ചെയ്ത കണ്ടന്റ്, എഡിറ്റർമാർ പരിശോധിച്ച് അംഗീകരിച്ചുകഴിഞ്ഞാൽ പോർട്ടലിലേക്ക് പ്രത്യേക കാറ്റഗറി തിരിച്ച് എല്ലാവർക്കും ലഭ്യമാകും. സമ്മാനങ്ങൾ, മത്സരങ്ങൾ, യാത്രകൾ എന്നിവയൊക്കെ ഇതിനു തുടർച്ചയായിട്ടുണ്ടാകും. തികച്ചും ജനകീയമായ ക്രൗഡ് സോഴ്‌സിങിലൂടെ അതിബൃഹത്തും ശക്തവും അസാധാരണവുമായ ഒരു മുന്നേറ്റമായി ഇതുമാറുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.