സിഡ്‌നിയിലെ അഞ്ച് ദശലക്ഷം ആളുകൾ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വീടിനുള്ളിൽ തന്നെ
തുടരാൻ നിർദ്ദേശം.ന്യൂ സൗത്ത് വെയിൽസിൽ കോവിഡ് ബാധയിൽ കുറവ് വരാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചതാണ് കാരണം. ജൂലൈ 30 അർദ്ധരാത്രി വരെ ലോക്ക്ഡൗൺ നീട്ടുമെന്നാണ് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചത്. നിലവിൽ ജൂലൈ 16 വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

നഗരം ഇതിനകം ഒരു ഭാഗിക ലോക്ക്ഡൗണിന്റെ മൂന്നാം ആഴ്ചയിലാണ് ഇപ്പോഴും ഉള്ളത്. കൊറോണ വൈറസ് ഡെൽറ്റ വേരിയന്റിന്റെ അതിവേഗം പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രണവിധേയമാക്കാൻ സർക്കാർ പാടുപെടുകയാണ്.സംസ്ഥാനത്ത് പുതുതായി 97 കേസുകളാണ് സ്ഥിരീകരിച്ചത്.പുതിയ രോഗബാധയിൽ 70 പേരും തെക്ക്-പടിഞ്ഞാറൻ സിഡ്നിയിലാണ്. പുതുതായി റിപ്പോർട് ചെയ്ത 97 കേസുകളിൽ 24 പേരും സമൂഹത്തിലുണ്ടായിരുന്നെന്ന് പ്രീമിയർ അറിയിച്ചു.ഫെയർഫീൽഡ്, റോസ്ലാന്റ്‌സ്, റോസ്ബറി, കേറ്റ്ബറി, ബെൽമോർ, സതർലാൻഡ് ഷയർ, സെന്റ് ജോർജ്ജ്, വിൻഡ്സർ, സെന്റ് ഈവ്‌സ്, പെന്റിത്ത്, ബേസൈഡ്എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകളുള്ളത് .

രണ്ടാഴ്ചക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തുമെന്നും, ഇതേത്തുടർന്നാകും ലോക്ക്ഡൗണിന്റെ കാര്യത്തിലുള്ള തീരുമാനമെന്നും പ്രീമിയർ വ്യക്തമാക്കി. ഗ്രയ്റ്റർ സിഡ്‌നി മേഖലയിലും സമീപ പ്രദേശങ്ങളിലും സ്‌കൂൾ പഠനം ഓൺലൈൻ ആയി തുടരും.

സംസ്ഥാനത്ത് 65,000 പരിശോധനകളാണ് 24 മണിക്കൂറിൽ നടത്തിയത്. കോവിഡ് ബാധിച്ച് 71 പേർ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതിൽ 20 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നാല് പേർ വെന്റിലേറ്ററിലുമുണ്ട്.സംസ്ഥാനത്ത് 89 കേസുകളും ഒരു മരണവും ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു.

സിഡ്‌നിയിലെ ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ ബിസിനസുകൾക്കും തൊഴിലാളികൾക്കും കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാണ് കൂടുതൽ സഹായം നൽകുന്നത്.ലോക്ക്ഡൗണിന്റെ നാലാം ആഴ്ച മുതൽ സാമ്പത്തിക സഹായം വർദ്ധിപ്പിക്കും എന്നാണ് പ്രഖ്യാപനം.

ലോക്ക്ഡൗൺ മൂലം ആഴ്ചയിൽ 20 മണിക്കൂറോ അതിൽ കൂടുതലോ ജോലി നഷ്ടമാകുന്നവർക്ക് 600 ഡോളറാകും പ്രതിവാരസഹായം. നിലവിൽ 500 ഡോളറാണ് കോവിഡ്-19 ഡിസാസ്റ്റർ പേയ്‌മെന്റായി നൽകുന്നത്.എട്ടു മണിക്കൂർ മുതൽ 20 മണിക്കൂർ വരെ ജോലി നഷ്ടമാകുന്നവർക്കുള്ള സഹായം 325 ഡോളറിൽ നിന്ന് 375 ഡോളറായി വർദ്ധിപ്പിക്കും.

ഓരോ ഏഴു ദിവസം കൂടുമ്പോഴും പുതുതായി അപേക്ഷ നൽകണം എന്നാണ് നിലവിലെ വ്യവസ്ഥ. അത് ഇനി വേണ്ടിവരില്ല.കോവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ഫെഡറൽ സർക്കാരാകും ഈ ധനസഹായം നൽകുന്നത്.സിഡ്‌നിയിൽ ഹോട്ട്‌സ്‌പോട്ടുകൾക്ക് പുറത്തും ഈ സഹായം ലഭിക്കും. അത് സംസ്ഥാന സർക്കാരാകും നൽകുക.