ജൂലായ് 19 കഴിഞ്ഞാൽ ജീവിതം പഴയരീതിയിൽ ആകുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. കൊറോണയെന്ന കുഞ്ഞൻ വൈറസിന്റെ പ്രഭാവം ഇനിയും കുറേനാൾ കൂടി നമ്മുടെ ജീവിതത്തിലുണ്ടാകും. മാസ്‌കിലൂടെയും സാമൂഹിക അകലത്തിലൂടെയും അവൻ നമ്മുടെ ജീവിതരീതികളെ സ്വാധീനിച്ചുകൊണ്ട് ഇനിയും നമ്മുടെ കൂടെയുണ്ടാകും. കടകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജീവനക്കാർ മാസ്‌ക് ധരിക്കേണ്ടതായി വരും. അതുപോലെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക് സ്‌ക്രീൻ പോലുള്ള സാമൂഹ അകലം പാലിക്കുന്നതിനുള്ള ഉപാധികൾ ഉപയോഗിക്കേണ്ടതായും വരും. ജീവനക്കാർ അഭിമുഖമായി ഇരിക്കുന്നത് ഒഴിവാക്കുകയും വേണം.

ജൂലായ് 19 ന് പൂർണ്ണസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക്മുൻപ് പുറത്തുവിട്ട മാർഗ്ഗനിർദ്ദേശ രേഖയിൽ,തൊഴിലിടങ്ങളിൽ ജീവനക്കാരുടെ സ്ഥിരമായ സംഘങ്ങൾ രൂപീകരിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. അതായത്, കൂട്ടമായി ചേർന്നുള്ള ജോലികളിൽ ഏർപ്പെടുന്ന പങ്കാളികളെ ഇടയ്ക്കിടെ മാറ്റരുത് എന്നർത്ഥം. ജീവനക്കാർക്കിടയിൽ കോവിഡ് പകരുന്നത് ഒരുപരിധി വരെ തടയുവാനാണ് ലോക്ക്ഡൗൺ കാലത്ത് നിലവിലിരുന്ന കോവിഡ് ബബിളിന്റെ മാതൃകയിലുള്ള ഈ നടപടി.

ജീവനക്കാരെ തൊഴിലിടങ്ങളിൽ എത്തിക്കുന്നതിനു മുൻപായി അവരുമായും തൊഴിലാളി യൂണിയനുകളുമായും ചർച്ച ചെയ്ത് ബിസിനസ്സ്പരമായും വ്യക്തിപരമായും ഉള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും രേഖയിൽ പറയുന്നു. എന്നാൽ, ആശയക്കുഴപ്പങ്ങളുടെ ഒരു സമാഹാരമാണ് ഈ മാർഗനിർദ്ദേശ രേഖ എന്നാണ് ജീവനക്കാരും യൂണിയനുകളും പറയുന്നത്. ആഴ്‌ച്ചയിൽ എത്ര ദിവസം ഒരു ജെവനക്കാരൻ തന്റെ പ്രാഥമിക തൊഴിലിടത്ത് ഹാജരാകണം എന്നതിനെ കുറിഛ് വ്യക്തമായ നിർദ്ദേശമില്ല. ഇത് സമീപഭാവിയിൽ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തർക്കങ്ങളിലേക്ക് വഴിതെളിയിച്ചേക്കും.

അതേസമയം, തൊഴിലുടമകളും ഈ നിർദ്ദേശങ്ങളിൽ സംതൃപ്തരല്ല എന്നാണ് മനസ്സിലാക്കുന്നത്. മറ്റാരേയും പോലെ തങ്ങളും പൂർണ്ണസ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും എന്നാൽ, തങ്ങൾക്ക് ലഭിച്ചത് ഒരുപിടി നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ആണെന്നായിരുന്നു ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഡയറക്ടേഴ്സിലെ പോളിസി ഡയറക്ട്രർ ഡോ. റോജർ ബാർക്കർ പ്രതികരിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യണമോ അതോ തൊഴിലിടത്ത് എത്തണമോ എന്ന ആശയക്കുഴപ്പം ഇനിയും പരിഹരിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതിനുപകരമായി, ഓരോ വ്യാപാരസ്ഥാപനത്തിലേയും സാഹചര്യങ്ങൾക്ക് അനുസൃതമായി തീരുമാനം എടുക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് തർക്കങ്ങൾക്ക് വഴിതെളിക്കും. സർക്കാർ ഒരു നയം രൂപീകരിച്ച് അത് നല്ല രീതിയിൽ പ്രാവർത്തികമാക്കേണ്ടുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വേനൽ ഒഴിവുകാല യാത്രയെന്ന നിരവധി ബ്രിട്ടീഷുകാരുടെ സ്വപ്നം തച്ചുടയ്ക്കുന്ന മറ്റൊരു തീരുമാനം കൂടി ഇന്നലെ സർക്കാർ കൈക്കൊണ്ടു. ബലേറിക് ദ്വീപുകൾ ഗ്രീൻ ലിസ്റ്റിൽ നിന്നും മാറ്റുകയും ക്രൊയേഷ്യ, ബൾഗേറിയ എന്നിവയെ ഏതു സമയവും ഗ്രീൻലിസ്റ്റിൽ നിന്നും മാറ്റപ്പെടാവുന്ന രാജ്യങ്ങളായി തരം തിരിക്കുകയും ചെയ്തു. അതോടൊപ്പം ബ്രിട്ടീഷുകാരുടെ പ്രധാന വിനോദയാത്രാ കേന്ദ്രങ്ങളായ ഇബിസ, മജോർക്ക, മെനോർക്ക എന്നിവയെ ഗ്രീൻ ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

കോവിഡ് പടരുന്നതിനു മുൻപ് വരെ പ്രതിവർഷം 3.8 ബില്ല്യൺ ബ്രിട്ടീഷുകാർ സന്ദർശിച്ചിരുന്ന ആർക്കിപെലാഗോ മേഖലയിൽ കോവിഡ് വ്യാപനം ശക്തമായതോടെയാണ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. എന്നിരുന്നാലും, വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത ബ്രിട്ടീഷുകാർക്ക് ഇവിടങ്ങൾ സന്ദർശിച്ച് തിരികെയെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമായി വരികയില്ല. എന്നാൽ, ചെറുപ്പക്കാർക്ക് ഈ തീരുമാനം ഒരു തിരിച്ചടിയാണ്, അവരിൽ മിക്കവർക്കും രണ്ടാം ഡോസ് ലഭിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണം.

അതേസമയം ക്രൊയേഷ്യ, ബൾഗേറിയ എന്നിവയ്ക്ക് ഹോങ്കോംഗ്, തായ്വാൻ എന്നിവയ്ക്കൊപ്പം ഗ്രീൻ ലിസ്റ്റിൽ താത്ക്കാലിക ഇടം നൽകിയത് പലർക്കും ആശ്വാസകരമായിട്ടുണ്ട്. ഇതിൽ ബൾഗേറിയയേയും ഹോങ്കോംഗിനേയും പൂർണ്ണമായും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ മറ്റ് രണ്ടിടങ്ങളും നിരീക്ഷണത്തിലുള്ള ഗ്രീൻ ലിസ്റ്റിലാണ് ഇടം പിടിച്ചിരിക്കുന്നത്. അതായത്, ഏതുനിമിഷവും ഇവ ആംബർ ലിസ്റ്റിലേക്ക് മാറ്റപ്പെട്ടേക്കാം.