കണ്ണൂർ: വിദേശത്ത് ജോലി ശരിയാക്കി തരാമെന്ന് വാഗ്ദ്ധാനം ചെയ്തു പണം തട്ടിയ കേസിൽ തൃശൂരിൽ അറസ്റ്റിലായ സഹോദരന്മാർക്കെതിരെ കണ്ണൂർ ജില്ലയിലുംപരാതി. തൃശൂരിലെ മാളയിൽ നിന്ന് അറസ്റ്റിലായ കോയമ്പത്തൂർ സ്വദേശികളായ പ്രദീപ് ശങ്കർ, ഉദയശങ്കർ എന്നിവർക്കെതിരെയാണ് എടക്കാട് പൊലിസിന് പരാതി ലഭിച്ചത്.

തന്റെ കൈയിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി എടക്കാട് സ്വദേശി റിതിൻ എന്നയാളാണ് പരാതി നൽകിയത്. തൃശൂരിലെ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലും ഇവർക്കെതിരെ പരാതിയുണ്ടായിരുന്നു.വളപട്ടണം പൊലിസ് സ്റ്റേഷനിലും ഇതിനു സമാനമായ പരാതി ലഭിച്ചിട്ടുണ്ട്.പരാതികളുടെ അടിസ്ഥാനത്തിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരേണ്ടതുണ്ട്. ഇപ്പോൾ വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂരിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയതായി എടക്കാട് പ്രിൻസിപ്പൽ എസ്. ഐ മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു.പ്രതികളുടെ കോയമ്പത്തൂർ ഓഫിസിൽ സ്റ്റാഫായി ജോലി ചെയ്യുന്ന സ്ത്രീയെയും ഉൾപ്പെടുത്തിയാണ് എടക്കാട് പൊലിസ് കേസെടുത്തത്.

ആഡ്കോ ഇന്റർനാഷനൽ മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് എന്ന പേരിൽ കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ഏജൻസിയെന്നു കാണിച്ചാണ് 2019- ൽ ഇവർ സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തത്. അറുപതിനായിരത്തിന് മുകളിൽ ശമ്പളമുള്ള ജോലി തരപ്പെടുത്തി നൽകാമെന്നായിരുന്നുവാഗ്ദ്ധാനം. എൺപതിനായിരം രൂപ നേരിട്ടും ഒരുലക്ഷം രൂപ ഓൺ ലൈനിലും ഏജൻസിക്ക് നൽകിയതായി എടക്കാട് സ്വദേശി റിതിൻ പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു.