ഇരിങ്ങാലക്കുട: അപകടത്തിലൂടെ നട്ടെല്ലു തളർന്ന രഘുനന്ദനന് ജീവിതമിനി ഇരുളടഞ്ഞതല്ല. അപകടത്തെ തുടർന്ന് നടന്ന ശസ്ത്രക്രിക്കു ശേഷവും കിടപ്പുരോഗിയാകാൻ വിധിക്കപ്പെട്ടതിൽ നിന്ന് മുക്തി നൽകിയിരിക്കുകയാണ് ഇരിങ്ങാലക്കുട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലെ നൂതന സ്പൈനൽ ഇൻജ്വറി യൂണിറ്റ്. നട്ടെല്ലിന് പരുക്കേൽക്കുന്ന ചികിത്സയ്ക്ക് വൻ ചെലവു വരുന്നതിനാൽ പ്രതീക്ഷയറ്റിരിക്കവേയാണ് നിപ്മറിനെ കുറിച്ച് പത്രങ്ങളിലൂടെ അറിഞ്ഞത്. തുടർന്ന് ചികിത്സയ്ക്കായി സമീപിച്ചു.

ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്. മാർച്ച് മാസം തന്നെ നിപ്മറിലെത്തി.അപകടം നടന്ന് ഒരു മാസമേ ആയിരുന്നുള്ളൂവെന്നതിനാൽ ചികിത്സയ്ക്ക് ഗുണം ചെയ്തു. സ്പൈനൽ ഇൻജ്വറി യൂണിറ്റ് മേധാവി ഡോ.സിന്ധുവിജയകുമാറിന്റെ നേതൃത്വത്തിലുള്ള ചികിത്സയെ തുടർന്ന് ഒരു മാസത്തിനുള്ളിൽ തന്നെ രഘുനന്ദനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന രഘുനന്ദനെയും കുടുംബത്തെയും സഹായിക്കാൻ നിപ്മറും സംസ്ഥാന സാമൂഹിക നീതി വകുപ്പും കൈകോർത്തു. ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തു.

മൂന്നു മാസത്തോളം ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസം രഘുനന്ദനെ ഡിസ്ചാർജ് ചെയ്തു. കിടപ്പു രോഗിയിൽ നിന്നും വോക്കറിൽ നടക്കാൻ കഴിയുന്ന തരത്തിലേയ്ക്ക് ജീവിതം മാറി. ഇനിയുള്ള ചികിത്സ നിപ്മറിൽ നിന്നും പരീശീലനം നേടിയ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുക. ഒന്നര വർഷത്തോളമുള്ള ചികിത്സാസഹായം നിപ്മർ ഉറപ്പു നൽകിയിട്ടുണ്ട്. സ്വന്തമായി ഒരു ചെറിയ കച്ചവടം കൂടി തുടങ്ങിയാലേ എല്ലാ അർത്ഥത്തിലും രഘുനന്ദന്റെ ജീവിതം പ്രകാശിതമാകൂവെന്നതു കൊണ്ടു തന്നെ അതിനുള്ള സഹായവും നിപ്മറിലെ സോഷ്യൽ സർവീസ് വിങിന്റെ നേതൃത്വത്തിൽ നടത്തും.

ഇരിങ്ങാലക്കുട കോണോത്ത്കുന്ന് പുതിയകാവിൽ വീട്ടിൽ രഘുനന്ദനന് ജോലി സ്ഥലത്തു വച്ച് കമ്പി കുത്തി കയറി നട്ടെല്ലിന് ക്ഷതമേൽക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളെജിലായിരുന്നു ശസ്ത്രക്രിയ. നിപ്മറിലെ ഒക്യൂപേഷനൽ തെറാപി, ഫിസിയോതെറാപ്പി, നഴ്സിങ് ട്രെയ്നിങ് വിഭാഗങ്ങളുടെ നിതാന്ത ജാഗ്രതയുടെ കൂടി ഫലമായിരുന്നു രഘുനന്ദന് ലഭിച്ച പുതുജീവിതം.