തിരുവനന്തപുരം: നിലവിലുള്ള ഒഴിവുകളെല്ലാം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നു മന്ത്രിമാർ ഉറപ്പാക്കണമെന്നു മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം.

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ചു വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണം.

സീനിയോറിറ്റി തർക്കം, കോടതി കേസുകൾ എന്നിവ കാരണം പ്രമോഷൻ നടത്താൻ തടസമുള്ള കേസുകളിൽ പ്രമോഷൻ തസ്തികകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡർ ചെയ്യാൻ നിലവിൽ ഉത്തരവുണ്ട്. ഒഴിവുകൾ ഉണ്ടാകുന്ന മുറക്ക് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ കർശനമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.