- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂറോപ്പിൽ നിർത്താതെ മഴ പെയ്യുന്നു; ജർമ്മനിയിലും ബെൽജിയത്തിലും നൂറുകണക്കിന് മരണങ്ങൾ; മിക്ക രാജ്യങ്ങളും വെള്ളത്തെ നേരിടാൻ നെട്ടോട്ടത്തിൽ
കോവിഡിന്റെ ചൂടിൽ വെന്തുരുകുന്ന യൂറോപ്പിനെ കൂടുതൽ ദുരിതത്തിലാഴ്‌ത്തിക്കൊണ്ട് മഴ നിർത്താതെ പെയ്യുകയാണ്. ഇതുവരെ ചുരുങ്ങിയത് 68 പേരെങ്കിലും മരണമടഞ്ഞതായും എഴുപതോളം പേരെ കാണാതായതായും റിപ്പോർട്ടുകൾ വരുന്നു. ഇനിയും തുടരുന്ന പേമാരിയിൽ നിരവധി വീടുകളും കാറുകളും ഒഴുകിപ്പോയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞകുറേ വർഷങ്ങളിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭീകരമായ പേമാരിയാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു ജർമ്മനിയേയും ബെൽജിയത്തേയുമാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്.
ഏറ്റവും കനത്ത ദുരന്തം പേറേണ്ടിവന്നിരിക്കുന്നത് പശ്ചിമ ജർമ്മനിക്കാണ്. ഏകദേശം 45 പേരോളമാണ് ഇവിടെ മരണമടഞ്ഞിട്ടുള്ളത്. ജനസാന്ദ്രത ഏറെയുള്ള നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തും അടുത്തുള്ള റൈൻലാൻഡ്-പാലാറ്റിനേഷയിലും മഴ കനത്ത നാശം വിതച്ചു. അതിൽ തന്നെ ബോണിന് തെക്കുള്ള ഷുൾഡ് പട്ടണത്തിലാണ് ഏറ്റവുമധികം നാശമുണ്ടായിരിക്കുന്നത്. ഇവിടെയും തൊട്ടടുത്തുള്ള അവേലിയർ പട്ടണത്തിലുമായി 18 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആർ നദി കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകൾ ഒലിച്ചുപോവുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
യൂസ്‌കിർഷൻ മേഖലയിൽ പതിനഞ്ചോളം പേർ കൊല്ലപ്പെട്ടു. ഇവിടെ സുരക്ഷാ പ്രവർത്തനത്തിനിടയിൽ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും മരണമടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഹെലികോപ്റ്ററുകളും ബോട്ടുകളൂം ആയി ഏകദേശം മുന്നൂറോളം സൈനികരെ ഈ മേഖലയിൽ സുരക്ഷാ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകൾക്കിടയിൽ ജർമ്മനിയിൽ നടന്ന ഏറ്റവും വലിയ ദുരന്തം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഏകദേശം സമാനമായ പേമാരി പെയ്തത് 2002 ൽ ആയിരുന്നു. അന്ന് ഏകദേശം 21 പേരാണ് രാജ്യത്ത് മരിച്ചത്. അന്ന് യൂറോപ്പിലാകമാനം 100 പേരോളം കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഏകദേശം 60 പേർ മരണമടഞ്ഞതായാണ് ജർമ്മൻ അധികൃതർ പറഞ്ഞത്. ബെൽജിയത്തിൽ 8 പേർ മരണമടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഒഴുക്കിൽപ്പെട്ട് ഒരു 15 കാരിയെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വെസ്ഡെർ നദി കരകവിഞ്ഞൊഴുകിയതിൽ ഒഴുക്കിൽപ്പെട്ട് പത്തോളം ബസ്സുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. ആയിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുമുണ്ട്. ലീഗ് നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ അതിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ഒഴിഞ്ഞുപോകണമെന്നും ബെൽജിയം അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുമുൻപ് 1998-ലാണ് ഇത്രയും തീവ്രതയുള്ള ഒരു വെള്ളപ്പൊക്കത്തിന് ബെൽജിയം സാക്ഷ്യം വഹിച്ചത്.
നെതർലാൻഡ്സിലെ സൗത്ത് ലിംബർഗിലും നിരവധിപേരെ താമസസ്ഥലത്തുനിന്നും ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുവാൻ തുടങ്ങിയതോടെ സ്വിറ്റ്സർലാൻഡും വെള്ളപ്പൊക്കത്തിന്റെ പിടിയിലമർന്നു. ലക്സംബർഗിലാണ് ഇവിടെ ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. വാഷിങ്ടൺ സന്ദർശിക്കാനെത്തിയ ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ ഈ ദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ഇതിന് ഇരകളായവരെ സംരക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അവർ പറഞ്ഞു.