ന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ ഇറക്കിയിരിക്കുന്ന ഓക്സ്ഫോർഡ് അസ്ട്രാസെനെക വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് ഫൈസർ വാക്സിൻ എടുത്തവരേക്കാൾ ലക്ഷണങ്ങളോടുകൂടിയ കോവിഡ് വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദത്തെ തടയുന്നതിൽ അസ്ട്രസെനെകയുടെ രണ്ടു ഡോസുകൾ 55 ശതമാനം മാത്രമാണ് ഫലപ്രദം എന്നാണ് ഇംപീരിയൽ കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞർ പറയുന്നത്. അതേസമയം ഫൈസറിന്റെയും മൊഡേണയുടെയും രണ്ടു ഡോസുകൾക്ക് രോഗത്തെ തടയുവാൻ 85 ശതമാനം വരെ ശക്തിയുണ്ട്.

അതായത് വാക്സിൻ എടുക്കാത്ത 100 പേർക്ക് ലക്ഷണങ്ങളോടുകൂടിയ കോവിഡ് ബാധിക്കുമ്പോൾ അസ്ട്രാസെനെകയുടെ രണ്ടു ഡോസുകളും സ്വീകരിച്ച 45 പേർക്ക് അത് വരാനുള്ള സാധ്യതയുണ്ടെന്നർത്ഥം. അതേസംയം ഇത്തരത്തിൽ ലക്ഷണങ്ങളോടുകൂടിയ കോവിഡ് ബാധിക്കുന്നത്, ഫൈസർ അല്ലെങ്കിൽ മൊഡേണ വാക്സിൻ എടുത്തവരിൽ 15 പേർക്ക് മാത്രമായിരിക്കും. നേരത്തേ അസ്ട്രസെനെക എടുത്ത വൃദ്ധരിൽ ഫൈസർ എടുത്തവരുമായി താരതമ്യം ചെയ്യുമ്പോൾ മതിയായ അളവിൽ ആന്റിബോഡികൾ വികസിക്കുകയില്ല എന്നൊരു റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ, മറ്റു യൂണിവേഴ്സിറ്റികളിൽ നടന്ന പഠനത്തിൽ ഫൈസറിനും മൊഡേണയ്ക്കും രോഗത്തെ പ്രതിരോധിക്കുവാനുള്ള കഴിവ് അസ്ട്രസെനെകയേക്കാൾ അല്പം മാത്രം കൂടുതലാണെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, കോവിഡ് ഗുരുതരമാകാതെ കാത്തുസൂക്ഷിക്കാൻ വാക്സിനുകൾക്ക് കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വിദഗ്ദർ പറയുന്നത് അസ്ട്രാസെനെക എടുത്ത 29 ശതമാനം പേർക്ക് ലക്ഷണങ്ങളോടുകൂടിയ കോവിഡ് ബാധിക്കും എന്നാണ്. അതേസമയം ഫൈസറോ മൊഡേണയോ എടുത്തവരിൽ ഇത് 16 ശതമാനം മാത്രമായിരിക്കും.

എന്നാൽ യൂണിവേഴ്സിറ്റി ഓഫ് വാർവിക്കിലെ വിദഗ്ദരുടെ അഭിപ്രായപ്രകാരം രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിൽ വാക്സിനുകൾ തമ്മിൽ വലിയ വ്യത്യാസമില്ല. അസ്ട്രസെനെകയെടുത്തവരിൽ 18 ശതമാനത്തിന് രോഗം ബാധിക്കുമ്പോൾ മറ്റു വാക്സിൻ എടുത്തവരിൽ ഇത് 17 ശതമാനമാണ്. ഫൈസറും മൊഡേണയും എം ആർ എൻ എ വാക്സിനുകളായതിനാൽ ഇക്കാര്യത്തിൽ തുല്യമായ ക്ഷമതയായിരിക്കും പ്രദർശിപ്പിക്കുക. ഇതിൽ പ്രതിരോധത്തിനുള്ള ആന്റിബോഡികൾ വികസിക്കുവാൻ ജനിതക കോഡുകളാണ് ഉപയോഗിക്കുന്നത്. അതേസമയം അസ്ട്രസെനെകയിൽ ജലദോഷത്തിനു കാരണമാകുന്ന വൈറസിന്റെ രൂപഭേദം വരുത്തിയ ഒരു ഇനമാണ് ആന്റിബോഡി ഉത്തേജനത്തിനായി ഉപയോഗിക്കുന്നത്.

വാക്സിൻ എടുത്തവരിൽ പകുതിയോളം പേർക്കും രോഗബാധ ഉണ്ടാകാം എന്നൊരു അനുമാനം നിലനിൽക്കുമ്പോഴും രോഗം ഗുരുതരമാക്കാതെ നോക്കാനും അതുവഴി ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവു വരുത്താനും വാക്സിനുകൾക്ക് കഴിയുമെന്ന് വിദഗ്ദർ പറയുന്നു. ഇക്കാര്യത്തിൽ അസ്ട്രസെനെക 80 മുതൽ 90 ശതമാനം വരെ കാര്യക്ഷമമാണെന്നാണ് മൂന്ന് യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ശാസ്ത്രജ്ഞർ പറയുന്നത്. അതേസമയം എം ആർ എൻ എ വാക്സിൻ ഇക്കാര്യത്തിൽ 89 മുതൽ 91 ശതമാനം വരെ കാര്യക്ഷമമാണ്.