ഹജീവികളോട് കാരുണ്യം കാണിച്ചതിന് ബ്രിട്ടനിലെ മലയാളി വിദ്യാർത്ഥിക്ക് ലഭിച്ചത് എട്ടിന്റെ പണി. വഴിയരുകിൽ ആഹാരം കഴിക്കുന്നതിനിടെ എങ്ങുനിന്നോ പറന്നെത്തിയ ഒരു പ്രാവിന് ഒരല്പം ഭക്ഷണം കൊടുത്തതാണ് ഋഷി പ്രേം എന്ന 25 കാരനായ വിദ്യാർത്ഥി ചെയ്ത തെറ്റ്. പരിസരം മലിനമാക്കി എന്ന കുറ്റത്തിന് 150 പൗണ്ടിന്റെ(15461.09 രൂപ) പിഴയാണ് ഋഷിക്ക് ശിക്ഷയായി വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം കേരളത്തിൽ നിന്നും ബ്രിട്ടനിലെത്തിയ ഈ വിദ്യാർത്ഥിക്ക് ഈ പിഴ കനത്ത സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തിവച്ചിരിക്കുന്നത്.

വിശന്നുവലഞ്ഞെത്തിയ പ്രാവിനെ കണ്ടപ്പോൾ സഹതാപം തോന്നി എന്നാണ് ഋഷി പറയുന്നത്. അതിന് ഒരിത്തിരി ഭക്ഷണം നൽകിയത് പരിസരമലിനീകരണത്തിൽ പെടുമെന്ന് അറിയില്ലായിരുന്നു എന്നും അയാൾ പറയുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ പ്രാവുകൾക്ക് നിരത്തുവക്കിലും മറ്റും തീറ്റകൊടുക്കുന്നത് സാധാരണമാണെന്നും ഋഷി ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൗൺസിൽ അധികൃതർ പറയുന്നത് തങ്ങളുടെ ഭാഗം വളരെ വ്യക്തമാണെന്നാണ്. പ്രാവുകൾക്ക് ഭക്ഷണം നൽകേണ്ടതില്ല. അപ്രകാരം ചെയ്യുന്നവർക്ക് ഇനിയും പിഴ ഒടുക്കേണ്ടതായി വരും. സംഭവം നടന്ന സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കൗൺസിൽ അധികൃതർ വ്യക്തമാക്കി.

ഹെൽത്ത്, സേഫ്റ്റി, എൻവിറോണ്മെന്റ്പഠനത്തിനായി ഈ വർഷം ഫെബ്രുവരിയിലാണ് ഋഷി സാൽഫോർഡ്യൂണിവേഴ്സിറ്റിയിൽ എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റി സെന്ററിലെ പിക്കാഡിലി ഗാർഡനിൽ വഴിയരുകിലെ ഒരു ബെഞ്ചിലിരുന്ന് ആഹാരം കഴിക്കുകയായിരുന്നു ഋഷി. ജൂൺ 21 തിങ്കളാഴ്‌ച്ച രാവിലെ 11:30 നായിരുന്നു സംഭവം നടക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി കൗൺസിലിനുവേണ്ടി പരിസര ശുചീകരണത്തിന്റെ ചുമതല വഹിക്കുന്ന 3 ജി എസിലെ ഓഫീസർ ഋഷിയെ സമീപിക്കുകയായിരുന്നു.

തന്റെ മുന്നിലേക്ക് ഒരു കൂട്ടം പ്രാവുകൾ പറന്നെത്തിയെന്നും താൻ ഭക്ഷിച്ചുകൊണ്ടിരുന്ന ടോർടില റാപ്പിന്റെ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് അവയ്ക്ക് ഇട്ടുകൊടുക്കുകയുമായിരുന്നെന്ന് ഋഷി പറയുന്നു. ഒരു പ്രാവ് അത് ഭക്ഷിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ആ സമയം അവിടെയെത്തിയ ഉദ്യോഗസ്ഥൻ ഋഷിക്ക് പറയാനുള്ളത് കേൾക്കാൻ നിൽക്കാതെ 150 പൗണ്ട് പിഴയുടെ ബിൽ എഴുതി നൽകുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റി കൗൺസിൽ നിയമിച്ച ഒരു ഉദ്യോഗസ്ഥന് നിങ്ങൾ ഭക്ഷണം പാഴാക്കിയതായും പരിസരം മലിനപ്പെടുത്തിയതായും ബോദ്ധ്യപ്പെട്ടതിനാൽ 1990-ലെ പരിസര സംരക്ഷണ നിയമത്തിന്റെ 87/88 വകുപ്പുകൾ അനുസരിച്ച് 150 പൗണ്ട് പിഴ അടയ്ക്കണം എന്നാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്.

പ്രാവിനെ കണ്ടപ്പോൾ സഹതാപം തോന്നിയെന്നും നേരിട്ട് പ്രാവിന് ഭക്ഷണം നൽകാൻ ശ്രമിച്ചാൽ അത് പറന്നുപോകാൻ ഇടയുള്ളതിനാൽ താഴെ ഇടുകയായിരുന്നു എന്നുമാണ് ഋഷി പറയുന്നത്. താൻ വന്ന് ബെഞ്ചിൽ ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ ഈ ഉദ്യോഗസ്ഥൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നും ഋഷി പറയുന്നു. പക്ഷികൾ പറന്നടുക്കുന്നതും അയാൾ കണ്ടിരുന്നു. തനിക്ക് ഒരു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ താൻ ഒരിക്കലും അതിനു വിരുദ്ധമായി പ്രവർത്തിക്കില്ലായിരുന്നു എന്നും ഋഷി പറയുന്നു. എന്നാൽ, മുന്നറിയിപ്പ് നൽകാതെ ഋഷി കുറ്റം ചെയ്യുവാനായി ആ ഉദ്യോഗസ്ഥൻ കാത്തുനിൽക്കുകയായിരുന്നു.

താൻ ബ്രിട്ടനിൽ എത്തിയിട്ട് നാലോ അഞ്ചോ മാമേ ആയിട്ടുള്ളു എന്നും നിയമങ്ങൾ പൂർണ്ണമായും മനസ്സിലാക്കിയിട്ടില്ലെന്നും പറയുന്ന ഋഷി അവിടെ മുന്നറിയിപ്പ് നൽകുന്ന ബോർഡ് ഇല്ലായിരുന്നു എന്നും പറയുന്നു. ഇന്ത്യയിൽ ഇത് മാനുഷികമായ ഒരു പ്രവർത്തി മാത്രമാണെന്നും ഋഷി ഓർമ്മിപ്പിക്കുന്നു. ഇപ്പോഴും അവിടെ ഈ നിയമത്തെ കുറിച്ച് അറിയാത്ത പല വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും പിഴയൊടുക്കേണ്ടി വരുന്നതായും ഋഷി പറയുന്നു. പിഴയൊടുക്കാനോ അല്ലെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കാനോ ഋഷിക്ക് അവകാശമുണ്ട്. എന്നാൽ കോടതിയിൽ കേസ് തോറ്റാൽ അത് തന്റെ വിസയെ ബാധിക്കുമെന്നതിനാൽ കോടതി കയറുവാൻ ഋഷിക്ക് താത്പര്യമില്ല.

അതുകൊണ്ടുതന്നെ തന്റെ ഫീസ് നൽകേണ്ട സമയക്രമം പുനക്രമീകരിക്കാൻ ഋഷി യൂണിവേഴ്സിറ്റിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. നിർദ്ധന കുടുംബത്തിൽ നിന്നും വരുന്ന തനിക്ക് 150 പൗണ്ട് വലിയൊരു തുകയാണെന്നും അത് വീട്ടിൽ ചോദിക്കാൻ സാധിക്കില്ലെന്നുമാണ് ഋഷി പറയുന്നത്. 150 പൗണ്ട് എന്ന് പറഞ്ഞാൽ ഏകദേശം 10,000 രൂപയോളം വരും. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ തൊഴിൽ എടുത്ത് പണം നൽകാനും കഴിയാത്ത സാഹചര്യമാണുള്ളത്. ഏതായാലും യൂണിവേഴ്സിറ്റി ഫീസ് നൽകേണ്ട തീയതി നീട്ടി നൽകി തന്നെ സഹായിച്ചു എന്ന് ഋഷി പറയുന്നു.