കോവിഡ് പ്രതിസന്ധി രൂക്ഷമായതിൽ പിന്നെ 2020 മെയ്‌ മാസത്തിനും 2021 ജൂൺ മാസത്തിനും ഇടയിൽ 15 ലക്ഷത്തോളം പ്രവാസി മലയാളികൾ ആറു ഗൾഫ് രാജ്യങ്ങളിൽ നിന്നായി കേരളത്തിലേക്ക് മടങ്ങിയെത്തി എന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നു.ഇതിൽ 10 ലക്ഷം പേർ തൊഴിൽ നഷ്ടമായതിനെ തുടർന്ന് തിരിച്ചെത്തിയവരാണ്. സാമ്പത്തികകാര്യങ്ങൾക്കായി പ്രവാസികളെ അളവിൽ കവിഞ്ഞ് ആശ്രയിക്കുന്ന കേരളത്തിന് പ്രവാസികളുടെ തിരിച്ചുവരവ് കനത്ത പ്രഹരമായിരിക്കും ഏൽപിക്കുക എന്നതിൽ സംശയമൊന്നുമില്ല.

നോർക്കയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 2021 ജനുവരി ആദ്യവാരം വരെ 8.7 ലക്ഷം പ്രവാസികളാണ് തിരിച്ചെത്തിയത്. എന്നാൽ 2021 ജൂലായ് 3 ആയപ്പോഴേക്കും ഇവരുടെ എണ്ണം 15,01,326 കവിഞ്ഞു. ഏറ്റവുമധികം ആശങ്കയുണർത്തുന്നത് മടങ്ങിയെത്തിയവരിൽ 10 ലക്ഷത്തോളം പേർ തൊഴിൽ നഷ്ടമായതിനാലാണ് തിരിച്ചെത്തിയത് എന്നതാണ്. തിരിച്ചെത്തിയവരിൽ 96 ശതമാനം പേർ ജി സി സി അംഗരാഷ്ട്രങ്ങളിൽ നിന്നാണെന്നാണ് നോർക്കയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 8,90,485 പേർ തിരിച്ചുവന്ന യു എ ഇയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ജൂലായ് 3 വരെയുള്ള കണക്കാണിത്.

1,73,561 പേർ തിരിച്ചുവന്ന സൗദി അറേബ്യയാണ് ഇക്കാര്യത്തിൽ രണ്ടാമത്. ഖത്തറിൽ നിന്നും 1,47,917 പേരും ഒമാനിൽ നിന്നും 1,36,445 പേരും തിരിച്ചെത്തി എന്നാണ് നോർക്ക പറയുന്നത്. കുവൈറ്റിൽ നിന്നും 52,640 പേരും ബഹറിനിൽ നിന്ന് 44,246 പേരും തിരിച്ചെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്ന മലയാളികളുടെ കണക്ക് ഈ 15 ലക്ഷത്തിൽ ഉൾപ്പെട്ടിട്ടില്ല. ഇതിൽ 3.78 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്. 10,73,673 പേരാണ് തൊഴിൽ നഷ്ടപ്പെട്ടതിന്റെ പേരിൽ തിരിച്ചെത്തിയത്. 2,96,240 പേരുടെ വിസ കാലാവധി കഴിഞ്ഞു. 84,154 പേർ പത്തുവയസ്സിൽ താഴെയുള്ള കുട്ടികളാണ്.

ഇക്കൂട്ടത്തിൽ 30,704 മുതിർന്ന പൗരന്മാരും 13,641 ഗർഭിണികളും ആണ്. ഗർഭിണികളുടെ ഉറ്റബന്ധുക്കളായ 2,914 പേരും ഇതിൽ ഉൾപ്പെടുമെന്ന് നോർക്ക പറയുന്നു. 2021 ജനുവരി ആദ്യ വാരത്തോടെ 21.89 ലക്ഷം മലയാളികളാണ് വിദേശങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി കേരളത്തിൽ മടങ്ങിയെത്തിയത്. 2020 മെയ്‌ മാസത്തിനും 2021 ജനുവരി 7 നും ഇടയിൽ വിദേശത്തുനിന്നും മടങ്ങിയെത്തിയ 8,69,730 മലയാളികളീൽ 5,67,138 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നതായും നോർക്ക പറയുന്നു. 1960-ൽ ഗൾഫ് ബൂം ആരംഭിച്ചതിനു ശേഷം പ്രധാനമായും ഇവിടെനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ സംഭവവികാസങ്ങൾ.

നോർക്കയുടെ കണക്കനുസരിച്ച് 40 ലക്ഷത്തോളം മലയാളികൾ വിദേശങ്ങളിൽ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നു. ഏകദേശം 13.73 ലക്ഷം മലയാളികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ട്. കേരളത്തിൽ ഉള്ള മലയാളികളുടെ എണ്ണം 3.48 കോടിയാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ എൻ ആർ ഐ ഡെപ്പോസിറ്റുകൾ ഏറെയുള്ളത് കേരളത്തിലാണ്. 2020 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 2.27 ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലുള്ളത്. കോവിഡ് കാലത്തും ഈ നിക്ഷേപത്തിൽ 14 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിരുന്നു.