- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈയിൽ കനത്ത മഴ; മൂന്ന് അപകടങ്ങളിലായി 25 പേർ മരിച്ചു; ചെമ്പൂരിൽ കുടിലുകൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് 17 മരണം: വിക്രോളിയിൽ മണ്ണിടിച്ചിലിൽ ഏഴ് മരണം: ഭാണ്ഡുപിൽ 16കാരന്റെ മരണവും മതിലിടിഞ്ഞ് വീണ്
മുംബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്നുണ്ടായ മൂന്ന് അപകടങ്ങളിലായി 25 പേർ മരിച്ചു. ചെമ്പൂരിലുണ്ടായ അപകടത്തിൽ 17 പേരും, വിക്രോളിയിൽ ഏഴ് പേരും, ഭാണ്ഡുപിൽ 16 വയസ്സുകാരനുമാണു മരിച്ചത്.
ചെമ്പൂർ ഭാരത്നഗറിൽ കുടിലുകൾക്കു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏഴ് പേരെ രാജാവാഡി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാതിരാത്രി അപകടം ഉണ്ടാകുമ്പോൾ ആളുകൾ ഉറക്കത്തിലായിരുന്നത് മരണസംഖ്യ കൂടാൻ കാരണമായി. ഭാണ്ഡുപിൽ വനംവകുപ്പിന്റെ മതിലിടിഞ്ഞാണ് 16 വയസ്സുകാരൻ മരിച്ചത്.
വിക്രോളിയിൽ മണ്ണിടിച്ചിലിൽ ആറ് കുടിലുകൾ തകർന്നാണ് ഏഴ് പേർ മരിച്ചത്. പുലർച്ചെ 2.30നാണ് അപകടം. രണ്ട് പേർക്കു പരുക്കേറ്റു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി 5 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കും.
ശനിയാഴ്ച രാത്രിയോടെയാണ് മുംബൈയിൽ മഴ തുടങ്ങിയത്. രാത്രി മുഴുവൻ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം പൊങ്ങി. 12 മണിക്കൂറിനിടെ മുംബൈയിലും സമീപ മേഖലകളിമായി 120 മില്ലീമീറ്റർ മഴ പെയ്തതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് മധ്യറെയിൽവേയും പശ്ചിമ റെയിൽവേയും ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവച്ചു. ഏതാനും ദീർഘദൂര സർവീസുകളും റദ്ദാക്കി. പുലർച്ചെ 12 മുതൽ അഞ്ചര മണിക്കൂർ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചില പ്രദേശങ്ങളിൽ റോഡരുകിൽ പാർക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകിനീങ്ങി.