- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.പി. ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് ക്ലീനാക്കി ജീവനക്കാർ; നേരിട്ടെത്തി ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ.പി. ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാർ. ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്ജത്തിൽ പങ്കാളികളായത്. മൂന്നുനിലകളുള്ള കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കി. ഇതോടൊപ്പം വീൽചെയർ, ട്രോളി, കസേരകൾ എന്നിവ കഴുകി വൃത്തിയാക്കുകയും ചെയ്തു.
അവധി ദിനത്തിലെ ജീവനക്കാരുടെ ആത്മാർത്ഥ പ്രവർത്തനം അറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അവരെ അഭിനന്ദിച്ചു. മെഡിക്കൽ കോളേജിലെ ജീവനക്കാർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. സിക്ക വൈറസ് രോഗവും മറ്റ് പകർച്ച വ്യാധികളും വർധിക്കുന്ന സമയത്ത് ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാർ ഇതിനായി ഒറ്റക്കെട്ടായി കൈകോർക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാണാൻ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
വീട്ടിലേക്ക് വിളിക്കാം പദ്ധതിയിൽ പങ്കുചേർന്ന് മന്ത്രിരോഗിയുടെ ബന്ധുവിനെ നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചു
കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ കൈമാറാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച വീട്ടിലേക്ക് വിളിക്കാം പദ്ധതിയിൽ പങ്കുചേർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും. മെഡിക്കൽ കോളേജ് കോവിഡ് ഇൻഫർമേഷൻ സെന്റർ സന്ദർശിച്ചാണ് രോഗിയുടെ ബന്ധുവിനെ വിളിച്ച് വിവരം കൈമാറിയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വക്കം സ്വദേശിയായ രോഗിയുടെ വിവരങ്ങളാണ് മന്ത്രി തന്നെ നേരിട്ട് ബന്ധുവിനെ വിളിച്ചറിയിച്ചത്. ചികിത്സയിൽ കഴിയുന്നയാളിന്റെ സഹോദരൻ വിനുവിനാണ് മന്ത്രി വിവരങ്ങൾ കൈമാറിയത്. സഹോദരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്നും ഓക്സിജന്റെ അളവ് കൂടിയിട്ടുണ്ടെന്നും ആഹാരം കഴിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചപ്പോൾ വിനുവിനും ആശ്വാസമായി. മന്ത്രിയാണ് നേരിട്ട് വിളിച്ചതെന്നറിഞ്ഞപ്പോൾ അതിലേറെ സന്തേഷവും തോന്നി.
കോവിഡ് രോഗികളുടെ വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ ഒപി ബ്ലോക്കിൽ തന്നെയാണ് ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്. ഇതുകൂടാതെയാണ് മന്ത്രിയുടെ നിർദേശപ്രകാരം രോഗികൾക്ക് ബന്ധുക്കളുമായി സംവദിക്കാൻ കഴിയുന്ന വീട്ടിലേക്ക് വിളിക്കാം പദ്ധതി ആരംഭിച്ചത്.
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ. അനിൽ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ജോബിജോൺ, ആർ.എം.ഒ. ഡോ. മോഹൻ റോയ്, നഴ്സിങ് സൂപ്രണ്ട് അനിതകുമാരി, ഹൗസ് കീപ്പിങ് ഇൻ ചാർജ് ശ്രീദേവി, വികാസ് ബഷീർ, സെക്യൂരിറ്റി ഓഫീസർ നസറുദീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.