- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായി പിണങ്ങി കഴിയുന്ന യുവാവ് ഫേസ്‌ബുക്കിലൂടെ അപവാദ പ്രചരണം നടത്തി; പ്രതികാരം തീർക്കാൻ ശ്രീകണ്ഠാപുരത്ത് യുവാവിനെ വെട്ടിപരുക്കേൽപ്പിച്ച് ഭർതൃപിതാവും സംഘവും

കണ്ണൂർ: ഭാര്യയുമായി പിണങ്ങി കഴിയുന്ന യുവാവ് ഫേസ്‌ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് ഭാര്യാപിതാവും സംഘവും യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു.
ശ്രീകണ്ഠാപുരം നിടുവാലൂരിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശി അബ്ദുൽഖാദറിന്റെ മകൻ മൊട്ടക്കുന്നിൽ ജാഫറി(32)നെയാണ് ഭാര്യാ പിതാവിന്റെ നേതൃത്വത്തിൽ ക്വാട്ടേർസിലെത്തി അക്രമിച്ചത്. സംഘട്ടനത്തിൽ ജാഫറിന് തലക്ക് വെട്ടേറ്റു.
എന്നാൽ ജാഫർ കത്തികൊണ്ടു വീശിയതിനെ തുടർന്ന് ഭാര്യാ പിതാവ് മയ്യിൽ സ്വദേശി അബൂബക്കർ, ബന്ധുക്കളായ റിയാസ്, ഹംസ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ജാഫർ താമസിച്ചുവരുന്ന വാടക ക്വാട്ടേഴ്സിൽ കഴിഞ്ഞ ദിവസംവൈകുന്നേരമെത്തിയ നാലംഗ സംഘമാണ് അതിക്രമിച്ച് കയറി വെട്ടുകത്തി കൊണ്ട് തലയ്ക്ക് പരിക്കേൽപ്പിച്ചത്.
ഭാര്യയുമായി അകന്നു കഴിയുന്ന ഇയാൾ മകളെ മോശമായി ചിത്രീകരിച്ച് ഫേസ്‌ബുക്കിലൂടെ പോസ്റ്റ് പ്രചരിപ്പിച്ചതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ ജാഫർ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും പരാതിയിൽ കേസെടുത്തിട്ടുണ്ട്.


