മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ മഅദിൻ ഗ്രാന്റ് മസ്ജിദിൽ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പെരുന്നാൾ നിസ്‌കാരം നിർവ്വഹിച്ചു. വീട്ടിൽ നിന്ന് അംഗ സ്‌നാനം നടത്തി മുസ്വല്ലയുമായി വന്ന 40 വിശ്വാസികളെ തെർമോ മീറ്റർ ചെക്കിങ്, സാനിറ്റൈസിങ്, ഹാൻഡ് വാഷ് തുടങ്ങിയവക്ക് ശേഷമാണ് ഗ്രാന്റ് മസ്ജിദിൽ പ്രവേശിപ്പിച്ചത്.

പെരുന്നാൾ നിസ്‌കാരത്തിനും ഖുത്വുബക്കും കേരള മുസ്ലിം ജമാഅത്ത്‌സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകി. ബലിപ്പെരുന്നാൾ ആർഭാടങ്ങളില്ലാത്ത ആഘോഷങ്ങളാക്കണമെന്നും ആൾക്കൂട്ടങ്ങളോ സമ്പർക്കമോ ഉണ്ടാവാത്ത വിധം പരിമിതപ്പെടുത്തണമെന്നും മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി ഗ്രാന്റ് മസ്ജിദിൽ നടത്തിയ ഈദ് സന്ദേശ പ്രഭാഷണത്തിൽ പറഞ്ഞു.

അയൽവാസിയുടെ പട്ടിണിയകറ്റാനും അന്യന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകാനുമാണ് ബലിപ്പെരുന്നാൾ സുദിനത്തിൽ നാം ശ്രദ്ധിക്കേണ്ടത്. സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഉറ്റവർക്കും ഉടയവർക്കും ആശ്വാസം പകരാൻ നമുക്കാവണം. അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിന്റെ അതിജീവനത്തിനായി പൊരുതുന്ന ആരോഗ്യ പ്രവർത്തകരടക്കമുള്ള മുഴുവൻ ആളുകൾക്കും വേണ്ടി നടത്തിയ പ്രത്യേക പ്രാർത്ഥന നടത്തി.