- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും നല്ല വിമാന കമ്പനിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ഖത്തർ എയർവേയ്സ്; എമിരേറ്റ്സിന് അഞ്ചാം സ്ഥാനവും എത്തിഹാദിന് 20-ആം സ്ഥാനവും; രണ്ടും മൂന്നും സ്ഥാനത്ത് എയർ ന്യുസിലാൻഡും സിംഗപ്പൂർ എയർലൈൻസും
കോവിഡ് പ്രതിസന്ധിയിൽ പ്രവർത്തനം വളരെ പരിമിതമായ നിലയിലായിരുന്നു വ്യോമയാന മേഖല. എന്നിരുന്നാലും, ആ പ്രവർത്തന പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച സേവനം കാഴ്‌ച്ചവെയ്ക്കാൻ ഈ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ 2021 ലെ മികച്ച സേവന ദാതാക്കളുടെ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. ആസ്ട്രേലിയ ആസ്ഥാനമായ എയർലൈൻ റേറ്റിങ്സ് എന്ന വെബ്സൈറ്റാണ് ലോകത്തെ വിവിധ വിമാന സർവ്വീസുകളുടെ പ്രവർത്തനം വിലയിരുത്തി റേറ്റിങ് നൽകിയിരിക്കുന്നത്.
സുരക്ഷ, യാത്രക്കാരുടെ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലാണ് റേറ്റിങ് നൽകിയിരിക്കുന്നത്. ഈ റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച 20 വിമാനസർവ്വീസുകളെയാണ് വെബ്സൈറ്റിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദോഹ ആസ്ഥാനമായുള്ള ഖത്തർ എയർവെയ്സ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കാബിൻ ഇന്നോവേഷൻ, യാത്രക്കാർക്ക് നൽകുന്ന സേവനം, കോവിഡ് കാലത്തും സർവീസ് നടത്തുവാനുള്ള സന്നദ്ധത എന്നീകാര്യങ്ങളിലാണ് ഖത്തർ എയർവേയ്സിന് കൂടുതൽ മാർക്ക് ലഭിച്ചത്.
മൊത്തം വിമാന സർവ്വീസുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ എയർ ന്യുസിലാൻഡ് പക്ഷെ പ്രീമിയം എക്കോണമി, എക്കോണമി സർവ്വീസുകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുമുണ്ടായി. ഏറ്റവും മികച്ച എയർലൈൻസുകളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്ത് സിംഗപ്പൂർ എയർലൈൻസ് ആണ്. ഖൻഡാസ്, എമിരേറ്റ്സ്, കത്തേ പസഫിക്, വെർജിൻ അറ്റ്ലാന്റിക്, യുണൈറ്റഡ് എയർലൈൻസ്, ഈവ എയർ, ബ്രിട്ടീഷ് എയർവേയ്സ് എന്നിവയാണ് ആദ്യ പത്തുസ്ഥാനങ്ങളിൽ ഇടം പിടിച്ച മറ്റു വിമാന കമ്പനികൾ.
വിമാനക്കമ്പനികൾ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ, ഗവണ്മെന്റ് ഓഡിറ്റിങ് എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു കൂട്ടം എഡിറ്റർമാരുടെ ടീമാണ് റാങ്കിങ് തീരുമാനിച്ചത്. വിമാനങ്ങളുടെ കാലപ്പഴക്കം, യാത്രക്കാരുടെ പ്രതികരണങ്ങൾ, ലാഭം, നിക്ഷേപത്തിലുള്ള റാങ്കിങ്, വാഗ്ദാനം ചെയ്യുന്ന സർവീസുകൾ, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയ 12 കാര്യങ്ങളാണ് റാങ്കിങ് തീരുമാനിക്കാൻ മാനദണ്ഡമായി എടുത്തത്.
ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തിയ വിമാനക്കമ്പനികൾക്കൊപ്പം ലുഫ്താൻസ, ഫിൻ എയർ, ജപ്പാൻ എയർലൈൻസ്, കെ എൽ എം, ഹവായിയൻ എയർലൈൻസ്, അലാസ്‌ക എയർലൈൻസ്, വെർജിൻ ആസ്ട്രേലിയ, ഡെൽറ്റ എയർലൈൻസ്, എത്തിഹാദ് എയർവെയ്സ് എന്നീ വിമാന സർവ്വീസുകൾ ആദ്യ 20 വിമാന സർവ്വീസുകളുടെ പട്ടികയിൽ ഇടം പിടിച്ചു. ഏറ്റവും മികച്ച ഫസ്റ്റ്ക്ലാസ് കാബിനുള്ള അവാർഡ് സിംഗപ്പൂർ എയർലൈൻസിനാണ് ലഭിച്ചത്. ലോഞ്ചസിലും ആഭ്യന്തര വിമാനസർവ്വീസുകളിലും ഖൻഡാസ് ഒന്നാം സ്ഥാനത്തെത്തി.
ഏറ്റവും മികച്ച എയർലൈൻസ് എന്നതിനൊപ്പം ഏറ്റവും നല്ല കാറ്ററിംഗിനുള്ള അവാർഡും ഖത്തർ എയർവേയ്സിനു ലഭിച്ചു. ഏറ്റവും മികച്ച ഇൻ-ഫ്ളൈറ്റ് എന്റർടെയിന്മെന്റിനുള്ള അവാർഡേ എമിരേറ്റ്സിനു ലഭിച്ചപ്പോൾ വെർജിൻ ആസ്ട്രേലിയയ്ക്ക് ബെസ്റ്റ് കാബിൻ ക്രൂ അവാർഡ് ലഭിച്ചു. ചെലവുകുറഞ്ഞ വിമാനസർവ്വീസുകളുടെ വിഭാഗത്തിൽ ഈസി ജെറ്റ്, ജെറ്റ്സ്റ്റാർ, ഫ്രണ്ടിയർ, ജെറ്റ്ബ്ലൂ, റിയൻഎയർ, സ്‌കൂട്ട്, സൗത്ത് വെസ്റ്റ്, വിയറ്റ് ജെറ്റ് എയർ, വൊളാരിസ്, വെസ്റ്റ് ജെറ്റ് എന്നിവ ആദ്യ പത്തുസ്ഥാനങ്ങളിൽ എത്തി.
മറുനാടന് ഡെസ്ക്