മുംബൈ: നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. കുന്ദ്രയുടെ നീലച്ചിത്ര നിർമ്മാണ ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതിൽ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തി. എന്നാൽ ഇതിന്റെ തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി. അതിനിടെ, ഈ വിഡിയോകൾ രാജ് കുന്ദ്ര അപ്ലോഡ് ചെയ്തിരുന്ന മൊബൈൽ ആപ്പിന് 20 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിർമ്മാതാക്കളിൽ നിന്നു വിഡിയോ വാങ്ങിയും ഇതിൽ അപ്ലോഡ് ചെയ്തിരുന്നു.

അതേസമയം പൊലീസ് പിടിച്ചെടുത്ത 70 വീഡിയോകളിൽ ഒരെണ്ണം പോലും പോൺ ചിത്രമല്ലെന്ന് കുന്ദ്രയുടെ അഭിഭാഷകൻ സുഭാഷ് ജാദവ് പറയുന്നു. 4000 പേജുള്ള കുറ്റപത്രം പൊലീസ് തയ്യാറാക്കിയെങ്കിലും, ലൈംഗിക ബന്ധം പൂർണമായി ചിത്രീകരിച്ച വീഡിയോ കാട്ടാൻ ആവില്ലെന്നും സെക്ഷൻ 67 എ ബാധകമാകില്ലെന്നുമാണ് അഭിഭാഷകന്റെ വാദം. അതേസമയം അറസ്റ്റിലായ രാജ് കുന്ദ്രയുടെ പൊലീസ് കസ്റ്റഡി ജൂലായ് 27 വരെ നീട്ടി. കുന്ദ്രയ്‌ക്കൊപ്പം അറസ്റ്റിലായ ബിസിനസ് പങ്കാളി റയാൻ തോർപ്പിന്റെ കസ്റ്റഡിയും 27 വരെ നീട്ടിയിട്ടുണ്ട്. കുന്ദ്രയെ ഏഴ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെങ്കിലും കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് രാജ്കുന്ദ്രയെ മുംബൈയിലെ കോടതിയിൽ ഹാജരാക്കിയത്. കേസിന്റെ വിശദമായ അന്വേഷണത്തിന് കുന്ദ്രയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യണമെന്നും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്ര നിർമ്മാണത്തിൽനിന്നുള്ള വരുമാനത്തെക്കുറിച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മാത്രമല്ല, നീലച്ചിത്ര നിർമ്മാണത്തിലൂടെ ലഭിച്ച പണം പ്രതി ഓൺലൈൻ ചൂതാട്ടത്തിന് വിനിയോഗിച്ചതായും പൊലീസ് കോടതിയിൽ പറഞ്ഞു. രാജ് കുന്ദ്രയുടെ യേസ് ബാങ്ക് അക്കൗണ്ടും യുണൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്ക് അക്കൗണ്ടുമായി നടന്ന ഇടപാടുകൽ കൂടുതൽ അന്വേഷിക്കണമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.
ഇതെല്ലാം അംഗീകരിച്ചാണ് കോടതി കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടിയത്.

കസിൽ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ശിൽപ ഷെട്ടിയോട് ഹാജരാകാൻ ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പൊലീസ് സംഘം നിഷേധിച്ചു. എന്നാൽ, കസ്റ്റഡിയിലുള്ള രാജ് കുന്ദ്ര പൊലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം പോൺ ഫിലിംസ് റാക്കറ്റുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഇടപാടുകളും കുന്ദ്രയ്ക്ക് ഉണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. 1.2 മില്യൺ യുഎസ് ഡോളറിന് 121 വീഡിയോകൾ വിൽക്കുന്നതിനെ കുറിച്ചുള്ള രാജ് കുന്ദ്രയുടെ വാട്സാപ്പ് ചാറ്റ് കണ്ടെത്തിയതായി പറയുന്നു. ഇത് അന്താരാഷ്ട്ര ഇടപാടെന്നാണ് സംശയം.