- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണം കർശനമായി നടപ്പാക്കണം; കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും; പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല സബ് ഡിവിഷണൽ ഓഫീസർമാർക്ക്; ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി ഡിജിപി അനിൽ കാന്ത്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഡിവൈഎസ്‌പി മാരുടേയും അസിസ്റ്റന്റ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണൽ ഓഫീസർമാർക്കായിരിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഇതു സംബന്ധിച്ച നിർദ്ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറി.
കണ്ടെയ്ന്മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ന്മെന്റ് സോൺ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായം തേടും.
കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡീഷണൽ എസ്‌പി മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നിലവിലുള്ള ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനം വിപുലീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും.
ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ അകത്തേയ്ക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനുമുള്ള ഒരു വഴി ഒഴികെ ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ഈ മേഖലകളിൽ മൊബൈൽ പട്രോളിങ്ങും നടന്നുള്ള പട്രോളിങ്ങും ശക്തിപ്പെടുത്തും. സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്റൈൻ കർശനമായി നടപ്പിലാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈഎസ്‌പിമാർ നേരിട്ട് സന്ദർശിച്ച് പരിശോധിക്കും. ക്വാറന്റൈൻ സൗകര്യം ലഭ്യമല്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിമാർ അക്കാര്യം ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയെ അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതിഥിത്തൊഴിലാളികളെ ബോധവൽക്കരിക്കും. വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കർശനമായി നടപ്പാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ