- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശനിലയിൽ വീട്ടിലെ അലമാരയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; 58കാരിയെ കണ്ടെത്തിയത് കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിൽ: മരണ കാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും
കൊല്ലം: അവശനിലയിൽ വീട്ടിലെ അലമാരയിൽ കണ്ടെത്തിയ വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. നീരാവിൽ ലിയോൺ അഞ്ചെലിന ഡെയിലിൽ ബിയാട്രീസ് ഡോളി(58)യാണ് തക്ക സമയത്ത് ചികിത്സ ലഭിക്കാതെ അതിദാരുണമായി മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു മരണം.
ദിവസങ്ങളായി വീട്ടിൽ അവശനിലയിലായിരുന്നു ഇവർ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവിൽ ജങ്ഷനുസമീപമുള്ള വീട്ടിൽ ഇവർ അവശനിലയിൽ കഴിയുന്നവിവരം പാലിയേറ്റീവ് നഴ്സ് മാർഗ്രരറ്റ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസിൽ അറിയിച്ചത്. പൊലീസ് ബീറ്റ് ഓഫീസർമാരായ എസ്.ലാലു, എം.എസ്.പ്രദീപ് എന്നിവർ വീട്ടിലെത്തിയപ്പോൾ അടപ്പില്ലാത്ത അലമാരയുടെ തട്ടിൽ അവശനിലയിൽ വീട്ടമ്മയെ കണ്ടെത്തി. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിലായിരുന്നു. രണ്ട് പെൺമക്കൾ കൂടെയുണ്ടെങ്കിലും അമ്മയ്ക്ക് പരിചരണം നൽകാൻ കഴിയാത്തനിലയിലായിരുന്നു അവർ.
സാമൂഹിക പ്രവർത്തകനായ ഗണേശന്റെ സഹായത്തോടെ വീട്ടമ്മയെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങാനായി ഗണേശൻ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് മൃതദേഹപരിശോധനയ്ക്കായി ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുടെ ഭർത്താവ് മണിലാൽ ജോസ് മറ്റൊരുവീട്ടിലാണ് താമസം. പൊലീസ് അറിയിച്ചതിനെ തുടർന്ന് ഭർത്താവ് ശനിയാഴ്ച നീരാവിലെ വീട്ടിലെത്തി. ഞായറാഴ്ച ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ദേവരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ