പട്‌ന: കാമുകിയെ കാണാനെത്തിയ 17 വയസ്സുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ അതിക്രൂരമായി കൊലപ്പെടുത്തി. ആൺകുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് ആൺകുട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മുഖ്യപ്രതിയുടെ വീട് തല്ലിത്തകർക്കുകയും മൃതദേഹം വീടിനു മുന്നിൽ സംസ്‌കരിക്കുകയും ചെയ്തു.

ബിഹാർ മുസഫർപുരിലെ പുര രാംപുർഷാ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഈ ഗ്രാമത്തിൽ തന്നെയുള്ള സൗരഭ്കുമാർ എന്ന പതിനേഴുകാരനാണു അതിക്രൂരമായി കൊല്ലപ്പെട്ടത്. രാത്രി കാമുകിയെ കാണാൻ അവളുടെ വീട്ടിലെത്തിയ സൗരഭിനെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. പിന്നാലെ അതിക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ ആണ്കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരണം സംഭവിക്കുക ആയിരുന്നു. വിവരമറിഞ്ഞു രോഷാകുലരായി നാട്ടുകാരും ആൺകുട്ടിയുടെ ബന്ധുക്കളും പാഞ്ഞെത്തി. പോസ്റ്റുമോർട്ടം നടത്തി വിട്ടുകൊടുത്ത മൃതദേഹം മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയുടെ വീടിന് മുന്നിൽ െകാണ്ടുവന്ന് ചിതയൊരുക്കി സംസ്‌കരിച്ചു. പിന്നാലെ പ്രതിയുടെ വീട് നാട്ടുകാർ തല്ലിത്തകർത്തു.

സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൗരഭിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്ത് പാണ്ഡെയെ അറസ്റ്റു ചെയ്തു. സുശാന്തിന്റെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.