കൊച്ചി: ട്യൂമർ ബാധിച്ച് മുറിച്ച് മാറ്റിയ താടിയെല്ല്, കവിളെല്ല് എന്നിവകൾക്കിടയിൽ ഉപയോഗിക്കാൻ കഴിയുന്ന അസ്ഥി കണ്ടുപിടിച്ച് അമൃത വിശ്വവിദ്യാപീഠം (എ.വി.വി.പി.) യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ (എ.സി.എൻ.എസ്.എം.എം.) വിഭാഗത്തിലെ ഗവേഷകർ. 'അമൃത നാനോടെകസ് ബോൺ' എന്നാണ് പുതിയ കണ്ടുപിടുത്തതിന്റെ പേര്. അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ ഡയറക്ടറും, അമൃതവിശ്വ വിദ്യാപീഠം റിസർച്ച് ഡീനുമായ ഡോ. ശാന്തികുമാർ വി. നായരുടെ നേതൃത്വത്തിൽ ഡോ. മനിത നായർ (എ.സി.എൻ.എസ്.എം.എം) , ഡോ. ദീപ്തി മേനോൻ (എ.സി.എൻ.എസ്.എം.എം.), ഡോ. സുബ്രഹ്‌മണ്യ അയ്യർ (അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്), സ്‌കൂൾ ഓഫ് ഡെന്റിസ്ട്രിയിലെ ഡോ. വി. മഞ്ജു എന്നിവരടങ്ങിയ സംഘമാണ് ശരീരത്തോട് ചേർന്നിരിക്കുന്ന രീതിയിലുള്ള അസ്ഥി കണ്ടുപിടിച്ചത്.

താടിയെല്ല്, കവിളെല്ല് എന്നിവകൾക്കിടയിൽ മാരകമായ ട്യൂമർ ബാധിച്ചാൽ അവിടം മുറിച്ചു മാറ്റും. ഇത് രോഗികളിലെ മുഖസൗന്ദര്യപരവും താടിയെല്ലുകളുടെയും കവിളെല്ലുകളുടെയും പ്രവർത്തനപരവുമായ വൈകല്യത്തിനും കാരണമാകും. ചവയ്ക്കുമ്പോഴും ആഹാരപദാർത്ഥങ്ങൾ വിഴുങ്ങുമ്പോഴും സംസാരിക്കുമ്പോഴും തകരാറുകൾ സംഭവിക്കും. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് അമൃത നാനോടെക്‌സ് ബോൺ എന്ന പുതിയ കണ്ടുപിടുത്തം. രോഗിയുടെ ശരീരത്തിലെ മറ്റൊരു ഭാഗത്ത് നിന്നും എടുത്ത അസ്ഥി രോഗം ബാധിച്ച അസ്ഥിക്ക് പകരം വെച്ചുപിടിപ്പിക്കുന്നതാണ് പുതിയ രീതി. പല്ലുകളുടെ ഘടനയ്ക്കും പുനരധിവാസത്തിനുമായി പുനർനിർമ്മിച്ച അസ്ഥിയിൽ ടൈറ്റാനിയം ഡെന്റൽ ഇംപ്ലാന്റുകളും സ്ഥാപിക്കും. ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് മുറിവ് രൂപപ്പെടുന്നതാണ് പുതിയ കണ്ടുപിടുത്തത്തിന്റെ പോരായ്മകളിലൊന്ന്. കൂടാതെ വായിലുണ്ടാകുന്ന വലിയ വൈകല്യങ്ങൾക്ക് അനുസരിച്ചുള്ള സിന്തറ്റിക് ബ്ലോക്ക് ഗ്രാഫ്റ്റ് ലഭ്യമല്ലാത്തതും മറ്റൊരു പോരായ്മയാണ്.

അസ്ഥി വളരാനായി സഹായിക്കുന്ന സുഷിരമുള്ള ജീർണിക്കുന്ന സിന്തറ്റിക് ഗ്രാഫ്റ്റ് (ക്ലാസ് ഡി മെഡിക്കൽ ഉപകരണം) ആണ് പുതുതായിവെച്ചുപിടിപ്പിക്കുന്ന അമൃത നാനോടെക്സ് ബോൺ. ഇത് നാരിന്റെ പ്രകൃതമുള്ള നാനോകോംപോസിറ്റാണ്. അതിൽ ഇലക്ട്രോസ്പൺ ഫൈബ്രസ് നൂലുകളുമായി വിന്യസിച്ചിരിക്കുന്ന സിലിക്ക-നാനോഹൈഡ്രോക്സിപറ്റൈറ്റ്-ജെലാറ്റിൻ അടങ്ങിയിരിക്കുന്നു.

മുയലിലും പന്നികളിലും നടത്തിയ പരീക്ഷണത്തിൽ മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ അസ്ഥികൾ പഴയ നിലയിലേക്ക് എത്തിയതായി തെളിഞ്ഞു.എ.സി.എൻ.എസ്.എംഎമ്മിലെ ഡോ. മനിത നായർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. സുബ്രഹ്‌മണ്യ അയ്യർ എന്നിവർക്ക് ഡിപ്പാർ്ട്ട്മെന്റ് ഓഫ് ബയോടെക്നോളജി (ബിറാക്ക്) ജി.എംപി. റിസേർച്ചിനും താടിയെല്ലിന്റിന്റെ പ്രശ്നമുള്ള രോഗികളിൽ ക്ലിനിക്കൽ ട്രയൽ നടത്താനുമുള്ള ഗ്രാന്റ് ലഭിച്ചു. 2022-ൽ ഇത് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നു ഡയറക്ടർ ഡോ. ശാന്തികുമാർ നായർ അറിയിച്ചു.

ഐ.എസ്.ഒ. സർട്ടിഫിക്കറ്റുള്ള അമൃത ആശുപത്രി കാമ്പസിൽ എ.സി.എൻ.എസ്.എം. എം. ക്ലീൻ റൂം ജി.എംപി സൗകര്യം സ്ഥാപിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി ഇതാദ്യമായാണ് ഐ.എസ്.ഒ. 13485 ഒരു അക്കാദമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലോ സർവകലാശാലയിലോ സ്ഥാപിക്കുന്നത്.