- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 17-ാം വയസ്സിൽ വിവാഹം; രണ്ട് മക്കളായതോടെ ബീഡി കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചും മർദ്ദിച്ചും ഭർത്താവിന്റെ പീഡനം; പരാതി നൽകിയിട്ടും കേസെടുക്കാതെ വനിതാ സെല്ലും പൊലീസും
ഇടുക്കി: ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ നിന്നും ഒരാളെങ്കിലും രക്ഷപ്പെട്ടോട്ടെ എന്നോർത്താണ് അച്ഛനമ്മമാർ 17 വയസ്സ് മാത്രമുള്ള തങ്ങളുടെ മകളെ വിവാഹം കഴിപ്പിച്ച് അയച്ചത്. എന്നാൽ ഭർതൃവീട്ടിൽ അവൾ നേരിട്ടതാകട്ടെ കൊടിയ പീഡനം. രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് തിരികെ പോന്നിട്ടും ഉപദ്രവം തുടർന്നും. ഒടുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയെങ്കിലും കേസെടുക്കാതെ വനിതാ സെല്ലും പൊലീസും.
ജീവിതത്തിന്റെ ദുരിതക്കയത്തിൽ നിന്നും രക്ഷ തേടി പൊലീസ് സ്‌റ്റേഷനിലെത്തിയ നെടുങ്കണ്ടം പാറത്തോടിന് സമീപവാസിയായ പെൺകുട്ടിയുടെ പരാതിക്കു നേരെയാണ് അധികൃതർ മുഖം തിരിച്ചത്. കൂലിപ്പണിക്കാരനാണു പെൺകുട്ടിയുടെ പിതാവ്. ഇളയ രണ്ട് സഹോദരങ്ങൾ മനോദൗർബല്യമുള്ളവരാണ്. ഒരു അനുജത്തിയുമുണ്ട്. പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടി വീട്ടിൽനിന്ന് നാല് കിലോമീറ്റർ നടന്നും പിന്നെ ബസിലുമായാണ് സ്‌കൂളിൽ പോയിരുന്നത്. കഷ്ടപ്പെട്ടു പഠിക്കുന്ന പെൺകുട്ടിയെ രക്ഷിക്കാനെന്ന മട്ടിലാണ് 17-ാം വയസ്സിൽ വിവാഹാലോചന വന്നത്. തുടർന്നു പഠിപ്പിക്കാമെന്നായിരുന്നു വരന്റെ വീട്ടുകാരുടെ വാഗ്ദാനം.
മിശ്രവിവാഹമായതിൽ വീട്ടിലെ ചടങ്ങിൽ താലി കെട്ടി. വിവാഹം രജിസ്റ്റർ ചെയ്യാതെയായിരുന്നു ആദ്യത്തെ ചതി. ഭർതൃവീട്ടിൽനിന്ന് ആദ്യമൊക്കെ പ്ലസ് വൺ ക്ലാസിൽ പോയി. എന്നാൽ വൈകാതെ പെൺകുട്ടി ഗർഭിണിയായതോടെ പഠനം നിലച്ചു. രണ്ട് വർഷം കഴിഞ്ഞ് അടുത്ത കുഞ്ഞും ജനിച്ചു. ഇപ്പോൾ പെൺകുട്ടിക്ക് 23 വയസ്സുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൽ നിന്നും കൊടിയ പീഡനമാണ് ഈ പെൺകുട്ടി നേരിട്ടത്. മർദിക്കുകയും കത്തിച്ച ബീഡി കൊണ്ടു പൊള്ളലേൽപിക്കുകയും ചെയ്യുമായിരുന്നു എന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
കുറച്ചു പണം കൊടുക്കും. അതു തീരുമ്പോൾ വീണ്ടും ഉപദ്രവം. സ്വന്തം വീട്ടിലേക്കു മടങ്ങിയിട്ടും ഉപദ്രവിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളെയും മനോദൗർബല്യമുള്ള സഹോദരങ്ങളെയും പോലും വെറുതേ വിട്ടില്ല. പല തവണയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചെന്നും വീട്ടുകാർ പറയുന്നു. ഇതോടെയാണ് ഭർത്താവിനെതിരെ ഉടുമ്പൻചോല, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനുകളിലും ചെറുതോണിയിലെ വനിതാ സെല്ലിലും പരാതി നൽകിയത്. എന്നാൽ നടപടി ഉണ്ടായില്ല. നാലും രണ്ടും വയസ്സുള്ള മക്കൾക്കൊപ്പം സ്വന്തം വീട്ടിൽ കഴിയുകയാണ് ഈ യുവതി. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
അതേസമയം പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഭർത്താവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നെന്നും പെൺകുട്ടിയെ ശല്യം ചെയ്യരുതെന്ന് താക്കീതു നൽകിയെന്നുമാണ് പൊലീസ് പറയുന്നത്. പിന്നീട് പെൺകുട്ടിക്ക് ഇയാളിൽ നിന്നു ശല്യമുണ്ടായില്ലെന്നും പൊലീസ് പറയുന്നു.