ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് വെല്ലുവിളിയായി വടക്കു കിഴക്കൻ മേഖലയിൽ പുതിയ പ്രശ്‌നം. അസം-മിസോറം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് അസം പൊലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രശ്നം സംഘർഷമായതാണ് പ്രശ്‌നമായി മാറിയത്.

മൂന്ന് മിസോറാം ജില്ലകളായ ഐസ്വാൾ, കോലാസിബ്, മാമിറ്റ് എന്നിവ അസമിലെ കാച്ചാർ, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളുമായി 164.6 കിലോമീറ്റർ നീളമുള്ള അന്തർ സംസ്ഥാന അതിർത്തി പങ്കിടുന്നുണ്ട്. അതിർത്തിയിലെ 'തർക്ക' പ്രദേശങ്ങളിൽ വർഷങ്ങളായി ഏറ്റുമുട്ടലുകളുണ്ട്. ഇരുവശത്തുമുള്ള താമസക്കാർ പരസ്പരം നുഴഞ്ഞുകയറ്റവും ആരോപിക്കുന്നുണ്ട്.

മിസോറാം അതിർത്തിയിലെ ചില നിർമ്മാണങ്ങൾ അസം സർക്കാർ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് സംസ്ഥാ അതിർത്തികളിൽ തർക്കം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചർച്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിർത്തിയിൽ സംഘർഷം മൂർച്ചിക്കുകയുമായിരുന്നു.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് 1995 മുതൽ നിരവധി ശ്രമങ്ങൾ നടത്തി വരുന്നുണ്ടെങ്കിലും പ്രശ്നം പരിഹാരമായില്ല. ഇരു സംസ്ഥാനങ്ങളും വലിയ തോതിൽ പൊലീസിനെ അതിർത്തിയിൽ വിന്യസിച്ചിരിക്കുകയാണ്. ഇന്നലെ അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ 50ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രശ്നം സംഘർഷത്തിലേക്ക് നീങ്ങിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷത്തിനിടയിൽ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്.

അസമിലെ ചാച്ചാർ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിർത്തിപങ്കുവെക്കുന്ന പ്രദേശത്താണ് സംഘർഷമുണ്ടായത്. ആൾക്കൂട്ടം സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ ചാച്ചാർ പൊലീസ് സൂപ്രണ്ടും ഉൾപ്പെടുന്നു. സംഘർഷത്തിൽ ആറ് പൊലീസുകാർ കൊല്ലപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് ട്വിറ്ററിൽ അറിയിച്ചത്. പൊലീസിനു നേരെ മിസോറമിൽനിന്നുള്ള അക്രമികൾ വെടിവെക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും നേരത്തെ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാൻ ഇടപെടൽ വേണമെന്ന് അമിത് ഷായെ ടാഗ് ചെയത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തിരുന്നു.

ജനങ്ങൾ അക്രമം തുടരുമ്പോഴും ഞങ്ങൾ സ്ഥാപിച്ച പൊലീസ് പോസ്റ്റുകൾ എടുത്തുമാറ്റാനാണ് കോലാസിബ് എസ്‌പി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും ട്വീറ്റിൽ ആരോപിച്ചു. മുഖ്യമന്ത്രിമാരുടെ ആവശ്യത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു മുഖ്യമന്ത്രിമാരുമായും ബന്ധപ്പെടുകയും അതിർത്തിയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്താൻ അദ്ദേഹം മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.