തൃശൂർ: ഭർത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നൽകിയ യുവതിയെ മാതൃകാപരമായി ശിക്ഷിച്ച് കോടതി. ഭർത്താവിന്റെ അമ്മയെ കടിച്ചു പരുക്കേൽപിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്ത യുവതിയെ ആണ് കോടതി ശിക്ഷിച്ചത്. കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും. ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറിൽ താടിക്കാരൻ വീട്ടിൽ മിയ ജോസിന് (32) എതിരെയാണ് സ്‌പെഷൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് രമ്യ മേനോന്റെ വിധി.

അക്രമത്തിനു ശേഷം മിയ നൽകിയ സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് ദീപു കെ.തോമസിനെ വിട്ടയച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇരു കേസുകളും ഒരുമിച്ചാണു പരിഗണിച്ചത്. മിയയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് മിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തുക ആയിരുന്നു. മിയ ഇവരെ ആക്രമിച്ചതിന് തെളിവുകൾ അടക്കം കോടതിയിൽ ഹാജരാക്കിയതോടെയാണ് കഥ മാറിയത്.

കുറച്ച് നാളായി മിയയും ദീപുവും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിരിഞ്ഞു താമസിക്കുക ആയിരുന്നു. ദീപുവിന്റെ മാതാപിതാക്കളായ മണ്ണുത്തി കുണ്ടുകുളം ഇട്ട്യാടത്തു വീട്ടിൽ തോമസും (65) ലൈലയും (63) താമസിക്കുന്ന വീട്ടിലെത്തിയ മിയ ഇവരെ ആക്രമിക്കുകയും ലൈലയുടെ ചുമലിൽ കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. 2016 ജൂലൈ 27നായിരുന്നു സംഭവം. കടിച്ചപ്പോൾ ചുമലിൽ നിന്നു മാംസം പറിഞ്ഞുപോയതിനു തെളിവു ഹാജരാക്കിയിരുന്നു.

സംഭവത്തിനു ശേഷം ദീപുവിനും മാതാപിതാക്കൾക്കും എതിരെ മിയ മണ്ണുത്തി പൊലീസിൽ സ്ത്രീധന പീഡന കേസു കൊടുക്കുകയും ചെയ്തു. ഈ കേസാണു കോടതി തള്ളിയത്. സംഭവ സമയം ദീപു കോട്ടയത്തെ വീട്ടിലായിരുന്നു. മണ്ണുത്തി പൊലീസാണു കേസ് അന്വേഷിച്ചത്.