വീനാശയങ്ങൾ രൂപീകരിക്കുന്നതിലും വിവീധ മേഖലകളിൽ അവ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിനും, എന്നും ലോകത്തെ മുന്നിൽ നിന്നും നയിച്ചിട്ടുള്ളത് ബ്രിട്ടനായിരുന്നു. ആധുനിക ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടൻ തന്നെയായിരുന്നു വ്യാവസായിക വിപ്ലവത്തിന്റെ ഈറ്റില്ലവും. എല്ലാക്കാലവും ഇത്തരത്തിൽ പുതുമയെ മുറുക്കെപ്പിടിച്ച പാരമ്പര്യം ഈ കോവിഡ് കാലത്തും ബ്രിട്ടൻ കൈവിടുന്നില്ല.

പുതിയ ആശയങ്ങൾ രൂപീകരിച്ച്, അവ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിനെ സൂചിപ്പിക്കുന്ന ഇന്നോവേഷൻ എന്ന വാക്കിന് പ്രസക്തിയേറിവരുന്ന കാലമാണിത്. കൊറോണാനന്തര ബ്രിട്ടനെ കെട്ടിയുയർത്താനും ബ്രിട്ടൻ ആശ്രയിക്കുന്നത് അതിനെയാണ്. പരമ്പരാഗത രീതികളെ കൈവിട്ട് പുതുമ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ബ്രിട്ടൻ അതിന് സഹായിക്കാൻ കഴിവുള്ള വിദേശികളെയൊക്കെ തങ്ങളുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുകയാണ്.

പുതിയ ലോകത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന് സഹായകരമാം വിധം ഇന്നോവേഷൻ സ്ട്രാറ്റജി പ്രഖ്യാപിച്ചിരിക്കുന്നു ബ്രിട്ടൻ. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യം, ലോകമെമ്പാടുമുള്ള കഴിവും നൈപുണ്യവുമുള്ളവർക്ക് ബ്രിട്ടനിലേക്ക് കുടിയേറുന്നതും ഇവിടെ ജോലിചെയ്യുന്നതും കൂടുതൽ എളുപ്പമാക്കുന്നതിനായി വിസ നിയമത്തിൽ വരുത്തിയ മാറ്റങ്ങളാണ്.

നേരത്തേ ഗ്രാഡ്യൂവേഷൻ റൂട്ടിലൂടെ, ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്ക് രണ്ടു വർഷം വരെയും പി എച്ച് ഡി വിദ്യാർത്ഥികൾക്ക് പഠനാന്തരം മൂന്നു വർഷം വരെയും ബ്രിട്ടനിൽ തങ്ങി ജോലിചെയ്യുവാൻ അനുവാദം കൊടുത്തിരുന്നു. ലോകത്തിലെ ഏറ്റവും സമർത്ഥരായവരെ ബ്രിട്ടനിൽ പിടിച്ചു നിർത്തുക എന്നതാണ്ീതിന്റെ പ്രധാന ലക്ഷ്യം.

ഇപ്പോൾ ഒരു പടികൂടി കടന്ന് വിദേശരാജ്യങ്ങളിലെ യുവാക്കൾക്ക് ജോബ് ഓഫർ ഇല്ലാതെ തന്നെ ബ്രിട്ടനിലെത്തി ജോലി ചെയ്യുവാനുള്ള വഴിയൊരുങ്ങുകയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിൽ പഠിച്ചിറങ്ങുന്നവർക്ക് ഇനിമുതൽ ജോബ് ഓഫർ ഇല്ലാതെ തന്നെ ബ്രിട്ടനിലെത്താനും ജോലി കണ്ടെത്താനും സാധിക്കും. ഇത്തരത്തിൽ ഇവിടെ എത്തിപ്പെടുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ ലഭിച്ചാൽ ജോലി മാറാനും മറ്റൊരു തൊഴിലുടമയ്ക്ക് കീഴിൽ ജോലിചെയ്യുവാനും അനുവാദമുണ്ടായിരിക്കും.

പുതിയ ആശയങ്ങൾ രൂപീകരിക്കുവാനും നിലവിലുള്ള പല നൂതന സാങ്കേതിക വിദ്യകളും പുതിയ മേഖലകളിൽ പ്രയോഗത്തിൽ വരുത്തുവാനും കഴിവുള്ളവർക്കായിരിക്കും ഇത്തരത്തിലുള്ള വിസ ലഭിക്കുക. നിങ്ങളുടെ വിഷയത്തിൽ നിങ്ങൾ സമർത്ഥനാണെന്ന് തെളിയിക്കണം. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ ഉന്നതമായ സർവ്വകലാശാലകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കുന്നവരെ ഇക്കാര്യത്തിനായി പരിഗണിക്കുന്നത്.

ഈ പുതിയ വിസ നയം വഴി, നിലവിൽ ബ്രിട്ടനിൽ ഉള്ളവർക്കും അവരുടെ വിസ കാലാവധി നീട്ടിയെടുക്കാൻ കഴിയും. എന്നാൽ അതിനു ചില നിബന്ധനകളുണ്ടായിരിക്കും. ഇതിനുള്ള നിബന്ധനകളും അതുപോലെ തിരഞ്ഞെടുക്കപ്പെട്ട സർവ്വകലാശാലകളിൽ ഏതൊക്കെ രാജ്യങ്ങളിലേ ഏതൊക്കെ സർവ്വകലാശാലകൾ ഉൾപ്പെടുമെന്ന കാര്യവും ഉടൻ അറിയിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരന്തര വിലയിരുത്തലുകളിലൂടെ ലിസ്റ്റിൽ ഉൾപ്പെട്ട സർവ്വകലാശാലകൾ നീക്കം ചെയ്യപ്പെടുകയോ പുതിയവ കൂട്ടിച്ചേർക്കപ്പെടുകയോ ചെയ്തേക്കാം.

ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ഇത്തരത്തിൽ പുതിയ നയം വരുന്നത് ഇന്ത്യാക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിതെളിയിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച്, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളവും ദൃഢവുമാക്കാൻ ബ്രിട്ടൻ ശ്രമിക്കുന്ന സാഹചര്യ്ത്തിൽ ഇത് ഇന്ത്യാക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകും എന്നതിൽ സംശയമില്ല.