തിരുവനന്തപുരം: ലോക ഒ.ആർ.എസ്. ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ അവബോധ പോസ്റ്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. വയറിളക്ക രോഗങ്ങൾ മൂലമുള്ള നിർജലീകരണം തടയുവാനും ജീവൻ രക്ഷിക്കാനും ഒ.ആർ.എസ്. ലായിനിയുടെ പങ്ക് വെളിവാക്കുന്നതാണ് പോസ്റ്റർ. സംസ്ഥാനത്തെ ആശുപത്രികളിൽ ഈ പോസ്റ്റർ പതിപ്പിക്കുന്നതാണ്. സ്റ്റേറ്റ് ഒ.ആർ.എസ്. ഓഫീസർ ഡോ. ബിനോയ് എസ്. ബാബു പോസ്റ്റർ ഏറ്റുവാങ്ങി.

എല്ലാവരും ഒ.ആർ.എസ്. പാനീയ ചികിത്സയിൽ അവബോധം നേടേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒ.ആർ.എസിന്റേയും സിങ്ക് ഗുളികകളുടേയും സ്റ്റോക്ക് ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തേണ്ടതാണ്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും തുടർന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ 90 ശതമാനം വയറിളക്ക മരണങ്ങളും തടയാവുന്നതാണ്. ശരീരത്തിൽ നിന്നും ജലവും ലവണവും നഷ്ടപ്പെടുന്നത് മൂലമാണ് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. അതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒ.ആർ.എസ്. ഉപയോഗിക്കേണ്ട വിധം

· എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒ.ആർ.എസ്. പാക്കറ്റുകൾ സൂക്ഷിക്കുക
· ഉപയോഗിക്കുന്നതിന് മുമ്പ് എക്സ്പിരി ഡേറ്റ് നോക്കുക
· വൃത്തിയുള്ള പാത്രത്തിൽ 200 എം.എല്ലിന്റെ 5 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം എടുക്കുക
· ഒരു പാക്കറ്റ് ഒ.ആർ.എസ്. വെള്ളത്തിലിട്ട് സ്പൂൺ കൊണ്ട് ഇളക്കുക
· വയറിളക്ക രോഗികൾക്ക് ലായനി നൽകാം
· കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ നൽകാം. ഛർദിയുണ്ടെങ്കിൽ 5 മുതൽ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നൽകുക
· ഒരിക്കൽ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കേണ്ടതാണ്.
· വയറിളക്കം കുറയാതിരിക്കുകയോ, രക്തം പോകുക, പനി, മറ്റ് അസ്വസ്ഥതകൾ എന്നീ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്താൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്