- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽമറ്റ് വേട്ട പെറ്റി കേസുകൾ കോടതിയിലേക്ക് വിടാൻ ആവശ്യപ്പെടണം; കുറ്റം തെളിയിക്കാൻ പൊലീസിന് ഹാജരാക്കേണ്ടത് അനവധി രേഖകൾ
കൊച്ചി: സ്ഥാനത്തും അസ്ഥാനത്തും സഹികെടുവിക്കുന്ന ഹെൽമറ്റ് വേട്ടയും കോവിഡ് പെറ്റി കേസ് പിടുത്തവും റോഡിൽ നിന്നുള്ള വൻ പിഴത്തുക പിടിച്ചുപറിയും അവസാനിപ്പിച്ച് പൊതുജനങ്ങൾക്ക് അന്തസായി ജീവിക്കാനുള്ള അവസരമുണ്ടാകണമെങ്കിൽ എല്ലാ പെറ്റികേസുകളും കോടതിയിലേക്ക് വിടാൻ പൊലീസിനോട് കുറ്റാരോപിതർ ആവശ്യപ്പെടുകയും അവർ കോടതിയിൽ എതിർവാദം ഉന്നയിക്കുകയും ചെയ്യേണ്ടതുണ്ടെന്നു വീലേഴ്സ് കേരള.
നിലവിൽ അതിക്രമങ്ങളിലൂടെയാണ് റോഡിൽ നിന്നു ഉടൻ തുക പൊലീസ് പിരിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ അന്നന്നു നല്കുന്ന വൻ തുക ടാർഗറ്റിൽ എത്തിക്കാനാണ് തെറിയും മർദ്ദനവും ഏറും ഉൾപ്പടെയുള്ള തികച്ചും അശ്ളീലമായ പൊലീസ് മുറകൾ എന്നാണ് പറയപ്പെടുന്നത്. പണം നല്കാത്തവരുടെ വാഹനങ്ങളുടെ താക്കോൽ ഊരിയെടുക്കുന്നതും വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് കേടുപാടുകൾ വരുത്തി നീക്കം ചെയ്യുന്നതും വെയിലത്തു നിർത്തുന്നതും മൂലം ഭൂരിപക്ഷം ആൾക്കാരും എങ്ങനെയെങ്കിലും പറയുന്ന തുക നല്കി സ്വന്തം തടി രക്ഷപ്പെടുത്തുകയാണ് പതിവ്. ഇതെല്ലാം നിയമവിരുദ്ധമാണെന്നു അറിഞ്ഞുകൊണ്ടു തന്നെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. എന്നാൽ നല്കുന്ന രസീതിൽ വായിക്കത്തക്ക രീതിയിൽ ഒന്നും രേഖപ്പെടുത്താത്തതു പതിവായതിനാൽ ഏതു വകുപ്പു പ്രകാരമാണ് ശിക്ഷയെന്നു പോലും അറിയാൻ സാധിച്ചെന്നു വരില്ല. ഇതേസമയം, വ്യാജ രസീതുബുക്കുകൾ ഉപയോഗിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ ജനാഭിമുഖ്യമുള്ള പല സർക്കുലറുകൾക്കും പുല്ലുവിലയാണ് കല്പിക്കുന്നതെന്നുള്ള പരാതി വർഷങ്ങളായി നിലനില്ക്കുന്നുണ്ട്.
പെറ്റി കേസ് കോടതിയിലേക്കു വിടാൻ കുറ്റാരോപിതൻ പറഞ്ഞാലും കാശ് പിരിവ് മാത്രമാണ് ലക്ഷ്യമെന്നതിനാൽ പൊലീസ് അതു ചെയ്യാറില്ല. അപ്പോഴാണ് ഭീക്ഷണിയുടെ സ്വരം ഉയരുന്നതും ശാരീരികാക്രമണം നടക്കുന്നതും. അതിൽ സംഘടിതരല്ലാത്ത സാധാരണക്കാർ മാനസികമായി തളർന്നുവീണുപോകും. എന്നാൽ അളമുട്ടിയാൽ പൊതുജനങ്ങളും തിരിച്ചടിക്കാൻ തുനിഞ്ഞെന്നിരിക്കും. സോഷ്യൽ മീഡിയയുടെ കാലമായതിനാൽ അങ്ങനെയുള്ള പല ദൃശ്യങ്ങളും ഇപ്പോൾ വ്യാപകമായി കാണാവുന്നതാണ്.
ക്രിമിനൽ പെറ്റി കേസുകൾ എല്ലാം മജിസ്ട്രേറ്റ് കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ കുറ്റാരോപിതർ തയാറായാൽ തന്നെ അനാവശ്യവും നികൃഷ്ഠവുമായ പൊലീസിങ് അവസാനിക്കുമെന്നു മനുഷ്യാവകാശ പൊതുപ്രവർത്തകനും അഭിഭാഷകനുമായ കോട്ടയ്ക്കൽ മുഹമ്മദ് അഷറഫ് ചൂണ്ടിക്കാട്ടി. മരിക്കാൻ ജനിച്ചവനെ ആളും ആരവവും കാണിച്ച് ജനാധിപത്യ സർക്കാർ മുച്ചൂടും നശിപ്പിക്കാൻ ശ്രമിക്കരുത്. കോടതിയിൽ പൊലീസിനു കുറ്റം തെളിയിക്കണമെങ്കിൽ വിവിധ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അനവധി രേഖകൾ ഹാജരാക്കുകയും വേണം.
പെറ്റി കേസ് കോടതിയിൽ എത്തുമ്പോൾ കൊലക്കേസിനു സമാനമായ ആധികാരിക രേഖകൾ പൊലീസിനു തയാറാക്കേണ്ടി വരും. കൂടാതെ പൊലീസുകാർ അല്ലാത്ത രണ്ടോ മൂന്നോ സാക്ഷികളെയെങ്കിലും ഹാജരാക്കേണ്ടതായും വരും. ഒരു തുണ്ടു രസീതിൽ ഒന്നും തെളിയാതെ എന്തെങ്കിലും എഴുതി കാശു പോക്കറ്റിലാക്കുന്നത്ര എളുപ്പമായിരിക്കില്ല കോടതിയിലെ അവതരണം. പ്രഥമവിവര റിപ്പോർട്ട്, പരാതിക്കാരന്റെ മൊഴി, സംഭവസ്ഥല മഹസർ, സാക്ഷിപ്പട്ടിക, രേഖ ലിസ്റ്റ് തുടങ്ങി ഓരോ കേസിലും അനേകം കടലാസുകളാണ് പൊലീസിനു കോടതിയിൽ ഹാജരാക്കേണ്ടി വരുന്നത്. അവ തുടക്കം മുതൽ തയാറാക്കുകയും വേണം. പൊതുസ്ഥലത്ത് ആൾക്കാരുടെ മുന്നിൽ നിന്നു രേഖകൾ കൃത്രിമായി തയാറാക്കിയാൽ ഏതായാലും പൊലീസുകാർ അവസാനം കുടുങ്ങും. കൂടാതെ പൊലീസുകാർ സ്ഥലം മാറി എവിടടെപ്പോയാലും കേസ് വിളിക്കുന്ന ദിവസം കോടതിയിൽ ഹാജരാകുകയും വേണം. സംസ്ഥാന സർക്കാരിന്റെ ചെലവ് പതിമടങ്ങു വർധിക്കും. പൊലീസുകാരെ എന്നും കോടതി വരാന്തയിൽ പോയി കാണേണ്ട അവസ്ഥയിലേക്കു മാറും.
കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറുന്നതിനു പേടിയുള്ളവരാണ് കേരളീയർ മിക്കവരും. അവരുടെ ഭീതിയെയാണ് സർക്കാരും പൊലീസും മുതലെടുക്കുന്നത്. മജിസ്ട്രേറ്റ് കോടതിയിൽ കേസു രജിസ്റ്റർ ചെയ്ത ശേഷം കുറ്റാരോപിതൻ ജാമ്യത്തിലിറങ്ങിയാൽ പിന്നെ വേണമെങ്കിൽ സ്വന്തം കേസായതിനാൽ സ്വയം വാദിക്കാം. അല്ലാത്തവർക്കു വിചാരണവേളയിൽ സൗജന്യ നിയമസഹായം നല്കാൻ കേരളത്തിലൂടനീളം അഭിഭാഷകർ മുന്നോട്ടു വരുന്നുണ്ട്. മജിസ്ട്രേറ്റ് കോടതി വിധി എതിരായി വന്നാൽ ആവശ്യമെങ്കിൽ അപ്പീലുമായി മുന്നോട്ടു പോകാം. ദിവസേന പൊലീസ് അനാവശ്യമായി ഉണ്ടാക്കുന്ന പതിനായിരക്കണക്കിനു പെറ്റി കേസുകളുമായി ആൾക്കാർ കോടതി കയറാൻ തുടങ്ങിയാൽപ്പിന്നെ കോടതികളിൽ മറ്റു കേസുകൾക്കു സമയമുണ്ടാകില്ല.
പൊലീസ് വെറും സാധാരണക്കാരായ നാട്ടുകാരെ ബുദ്ധിമുട്ടിക്കാനും ചട്ടം പഠിപ്പിക്കാനും വേണ്ടി മാത്രമുള്ളതാകരുതെന്നു അഡ്വ. മുഹമ്മദ് അഷറഫ് ചൂണ്ടിക്കാട്ടി. ജോലിയും കൂലിയും ഇല്ലാത്ത യുവാക്കളെ കുറ്റവാളികളാക്കുന്നതാകരുത് നാട്ടിലെ നിയമ വ്യവസ്ഥയും പൊലീസും കോടതിയും. ഭരണത്തിന്റെയും നിയമത്തിന്റെയും പേരു പറഞ്ഞു ജനങ്ങൾക്കെതിരെ അക്രമവും അവഹേളനവും നടത്തേണ്ടതില്ല. ഹെൽമറ്റ് വേട്ട സാധാരണക്കാരായ യുവാക്കളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന തരത്തിലായി തരംതാഴുകയാണ്.
ഹെൽമറ്റ് വേട്ട, പെറ്റി കേസ് സംബന്ധിച്ചു കേരളത്തിലെവിടെയുമുള്ളവർക്കു ഫോണിലൂടെ നിയമസഹായം സൗജന്യമായി ലഭിക്കാൻ അഡ്വ. മുഹമ്മദ് അഷറഫിനെ 9946562598 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്നു കൺവീനർ ജോസഫ് ആന്റണി അറിയിച്ചു. ഓരോ കോടതിയിലും ഇതിനു തയാറായി മുന്നോട്ടു വരുന്നവരുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും.