തിരുവനന്തപുരം: കോവിഡ് കാലത്ത് ഏറെ പ്രയാസം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി വെൽഫെയർ ഫോറവും നിരവധി പ്രവാസി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം ഓഗസ്റ്റ് 13 വെള്ളിയാഴ്ച രാത്രി 7 മണിക്ക് നടക്കും. നിരവധി ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച് വിദേശങ്ങളിൽ മരണപ്പെട്ടത്. ഇവരുടെ ആശ്രിതർ വലിയ പ്രയാസത്തിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതതർക്ക് വേണ്ടി കേന്ദ്ര സംസ്ഥാന ഗവർമെന്റുകൾ പ്രഖ്യാപിച്ച ധനസഹായ പാക്കേജിൽ പ്രവാസികളെ ഉൾപ്പെടുത്തിയിട്ടില്ല. ആശ്രിത ധന സഹായത്തിന് മാതാപിതാക്കൾ രണ്ടു പേരും മരണപ്പെടണമെന്ന നിബന്ധന ഒഴിവാക്കി മാതാപിതാക്കളിൽ ഒരാൾ മരണപ്പെട്ടാലും ആശ്രിത സഹായം നൽകണം. ഇതിൽ പ്രവാസി ഇന്ത്യക്കാരെയും ഉൾപ്പെടുത്തണം.

വിദേശങ്ങളിലേക്ക് തിരിച്ചു പോകാൻ കഴിയാതെ നിരവധി പേർ പ്രയാസപ്പെടുകയാണ്. വിമാനഗതാഗതം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടപെടൽ ശക്തിപ്പെടുത്തണം. വിദേശങ്ങളിൽ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് വേണ്ടി എംബസികൾ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണം. ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ പുനരധിവാസ പദ്ധതി നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസി പ്രക്ഷോഭം ഉയർത്തുന്ന ന്നത്. വിവിധ രാജ്യങ്ങളിൽ 10 സ്റ്റേജുകളിൽ നടക്കുന്ന പരിപാടി യൂട്യൂബ് പ്ലാറ്റ്‌ഫോമിൽ ആണ് പ്രക്ഷേപണം ചെയ്യുക. പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ നോർക്ക ഓഫീസ് മാർച്ച്, കേന്ദ്ര സർക്കാർ ഓഫീകൾക്കു മുമ്പിൽ ധർണ, സയാഹ്നപ്രക്ഷോഭ സദസ്സുകൾ എന്നിവ സംഘടിപ്പിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പ്രവാസി കുടുബങ്ങൾ കൂട്ട ഇമെയിൽ അയക്കും. മുഴുവൻ മലയാളി പ്രവാസി കുടുബങ്ങളും പ്രക്ഷോഭത്തിൽ പങ്കാളിയാകണമെന്ന് പ്രൊഗ്രാം കമ്മിറ്റി ചെയർമാൻ റസാഖ് പാലേരി അഭ്യർത്ഥിച്ചു.