രോഗവ്യാപനം കടുത്തിട്ടില്ലെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ആസ്ട്രേലിയ. കോവിഡ് മുക്ത ആസ്ട്രേലിയയാണ് ഇതിലൂടെ ഉന്നംവയ്ക്കുന്നതെന്ന് ഒരു മുതിർന്ന ആരോഗ്യ വിദഗ്ദൻ അറിയിച്ചു. ബ്രിട്ടനിൽ ലോക്ക്ഡൗൺ പിൻവലിച്ചതിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനം തുടർച്ചയായി കുറയുമ്പോഴും ആസ്ട്രേലിയയിൽ പൊലീസും സായുധസേനയും രാജ്യത്തെ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്.

ആസ്ട്രേലിയയിൽ മൊത്തം പ്രായപൂർത്തിയായവരുടെ 17 ശതമാനത്തിനു മാത്രമാണ് ഇതുവരെ വാക്സിൻ നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ്, ജൂൺ പകുതിയോടെ ആരംഭിച്ച് 3000 പേർക്ക് രോഗബാധയുണ്ടായ സാഹചര്യം സർക്കാർ ഗൗരവമായി എടുക്കുനതും സിഡ്നിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും. നിയന്ത്രണങ്ങൾ ലംഘിച്ച് വെയിൽ കായുവാൻ കൂഗിയിലേയും ബോണ്ടിയിലേയും ബീച്ചുകളിൽ എത്തിയ ആയിരങ്ങളെ പൊലീസ് പിരിച്ചുവിടുകയായിരുന്നു.

അത്യവശ്യ കാര്യങ്ങൾക്കല്ലാതെ വീടുവിട്ട് പുറത്തുപോകരുത് എന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. വ്യായാമത്തിനും, അടിയന്തരാവശ്യമുള്ള തൊഴിലുകൾക്കും വാക്സിൻ എടുക്കുവാനും അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനും മാത്രമാണ് പുറത്തിറങ്ങാൻ അനുവാദമുള്ളത്. വൈറസ് വ്യാപനം തുടരുകയാണെന്നും അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് ആസ്ട്രേലിയൻ ആരോഗ്യ വിദഗ്ദർ പറയുന്നത്. കൂടുതൽ വ്യാപിച്ച് സാഹചര്യം കൈവിട്ടുപോകുന്നതിനു മുൻപായി നിയന്ത്രിക്കുന്നതായിരിക്കും കൂടുതൽ എളുപ്പവും കാര്യക്ഷമവുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇതിനു നേർവിപരീതമായ കാര്യങ്ങളാണ് ഫ്രാൻസിൽ നടക്കുന്നത്. വാക്സിൻ പാസ്സ്പോർട്ട് നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി നിരവധി പേർ ഇന്നലെയും പാരീസിൽ തെരുവിലിറങ്ങി. പലയിടങ്ങളിലും പൊലീസുമായി സംഘർഷവും നടന്നു. കോവിഡ് നിയന്ത്രണത്തിനായുള്ള നടപടികൾക്കെതിരെ ഉയരുന്ന പ്രതിഷേധം അടിച്ചമർത്താൻ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയത് കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഫ്രാൻസിലെ വിവിധ നഗരങ്ങളിലായി 150 ഓളം പ്രതിഷേധപ്രകടനങ്ങളാണ് ഇന്നലെ നടന്നത്.

പാരിസിൽ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും പ്രയോഗിക്കേണ്ടിവന്നു. പാരീസിലും മറ്റു പ്രധാന നഗരങ്ങളിലുമായി നടന്ന പ്രതിഷേധത്തിൽ ഒന്നര ലക്ഷത്തിലേറെ പേർ പങ്കെടുത്തതായാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്. സർക്കാർ വിരുദ്ധ പ്രസ്ഥാനമായ ഗിലെറ്റ്സ് ജൗൺസ് ആണ് ഇവയിൽ മിക്ക പ്രതിഷേധങ്ങളും സംഘടിപ്പിച്ചത്.

കഫേകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് സെന്ററുകൾ, ട്രെയിനുകൾ, ദീർഘദൂര ബസ്സ് സർവ്വെസുകൾ എന്നിവയിൽ പ്രവേശനത്തിന് കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കി കഴിഞ്ഞയാഴ്‌ച്ച പാർലമെന്റ് ഒരു ബിൽ പാസ്സാക്കീയിരുന്നു. വാക്സിൻ വിരുദ്ധർ ഇതീനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. വാക്സിനെ എതിർക്കുന്ന ആരോഗ്യപ്രവർത്തകർ പലയിടങ്ങളിലും തങ്ങളുടെ വെളുത്ത കോട്ടണിഞ്ഞ് പ്രതിഷേധങ്ങളീൽ പങ്കെടുത്തത് ശ്രദ്ധേയമായി.