തിരുവനന്തപുരം: സ്ത്രീധനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ കേരള പൊലീസുമായുള്ള സഹകരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ്. സംസ്ഥാനത്ത് ഇപ്പോഴും നിലനിൽക്കുന്ന സ്ത്രീധനമെന്ന ദുരാചാരത്തെക്കുറിച്ചും സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും അടിച്ചമർത്തുന്നത് മുതൽ ഗാർഹിക പീഡനവും വൈകാരിക സമ്മർദ്ദവും വരെയുള്ള അതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉപയോക്താക്കളെ അറിയിക്കുകയാണ് ലക്ഷ്യം.

ഹ്രസ്വ-ഫോർമാറ്റ് ഉള്ളടക്കത്തിന്റെ ശക്തി പ്രയോജനപ്പെടുത്താനും സ്ത്രീകളെ വസ്തുക്കളായി മാത്രം കാണുന്ന ഈ സാമൂഹിക തിന്മയ്‌ക്കെതിരെ ശബ്ദം ഉയർത്താനും ആപ്പിന്റെ ഉപയോക്താക്കളോടും സ്രഷ്ടാക്കളോടും സ്വാധീനശേഷിയുള്ളവരോടും ആഹ്വാനം ചെയ്യുന്നു. ഇതുവഴി ആപ്പിലെ ' സ്ത്രീധന വിരുദ്ധ ' ചലഞ്ചിന് കീഴിൽ അതുല്യമായ 1000 അഭിപ്രായങ്ങൾ ഉയർത്താൻ ലക്ഷ്യമിടുന്നു. രാഹുൽ ആർ നമ്പ്യാർ, വൃന്ദ ഗോപാലകൃഷ്ണൻ, ജോബിൻ വർഗീസ്, ശിൽപ എൻഎസ്, നിഖിൽ, ലെന തുടങ്ങിയ ജോഷ് ഉള്ളടക്ക സ്രഷ്ടാക്കൾ അവരുടെ വീഡിയോകൾ പോസ്റ്റ് ചെയ്ത് കാംപയിനെ പിന്തുണയ്ക്കാൻ മുന്നോട്ട് വന്നു. കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി കേരള പൊലീസും ആപ്പിലെ അവരുടെ പ്രൊഫൈലിലൂടെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

കേരള പൊലീസുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സംസ്ഥാനത്ത് വലിയ തോതിൽ നിലനിൽക്കുന്ന സ്ത്രീധനമെന്ന ദുരാചാരത്തെ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് ഞങ്ങളുടെ പിന്തുണ ഉറപ്പു നൽകുന്നു. നന്മയ്ക്കായി പങ്കുചേരുകയും ഇതുപോലുള്ള സെൻസിറ്റീവ് പ്രശ്‌നങ്ങളിൽ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിൽ ഒരു നല്ല സ്വാധീനം സൃഷ്ടിക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. 'സേ നോ ടു ഡൗറി' ചലഞ്ചിലൂടെ സ്ത്രീധനവുമായി ബന്ധപ്പെട്ട തിന്മയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും പ്രശ്‌നം കൂട്ടായി പരിഹരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു-ഹെഡ് ഓഫ് ക്രിയേറ്റർ ആൻഡ് കണ്ടന്റ് എക്കോ സിസ്റ്റം സുന്ദർ വെങ്കിട്ടരാമൻ പറഞ്ഞു.

വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം നൽകുന്ന സമ്പ്രദായം തടയുന്നതിനുള്ള ഒരു നടപടിയെന്ന നിലയിലാണ് കേരള പൊലീസ് ' സേ നോ ടു ഡൗറി' എന്ന കാംപയിൻ ആരംഭിച്ചത്. കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന സാമൂഹിക തിന്മകളിലൊന്നാണിത്. ഈ വിപത്ത് നമ്മുടെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞങ്ങൾക്ക് തോന്നുന്നു. ഇതിനായി കേരള പൊലീസ് വലിയ അളവിൽ സോഷ്യൽ മീഡിയയെ ആശ്രയിക്കാൻ തീരുമാനിച്ചു. ഈ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന് മുൻനിര മൊബൈൽ ആപ്ലിക്കേഷനുകളിലൊന്നായ ജോഷുമായി സഹകരിക്കുന്നതിൽ കേരള പൊലീസ് സന്തോഷിക്കുന്നു. ഈ ആപ്പ് യുവാക്കൾക്കിടയിൽ ഒരു ട്രെൻഡ് സെറ്ററായി മാറിയിരിക്കുന്നു. കാംപയിൻ യുവാക്കളെ ലക്ഷ്യമിടുന്നതിനാൽ ഹ്രസ്വ വീഡിയോകളുടെ രൂപത്തിൽ സന്ദേശം പ്രദർശിപ്പിക്കുന്നതിനുള്ള ശരിയായ പ്ലാറ്റ്‌ഫോമാണ് ജോഷ്- തിരുവനന്തപുരം റേഞ്ച് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മനോജ് എബ്രഹാം പറഞ്ഞു.

110 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളും 54 ദശലക്ഷം ദൈനംദിന സജീവ ഉപയോക്താക്കളുമുള്ള ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്നതും ഏറ്റവും കൂടുതൽ ഇടപെടലുകളുള്ളതുമായ ഷോർട്ട് വീഡിയോ ആപ്പാണ് ജോഷ്.