- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്ത് തർക്കത്തിനിടെ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്; മകൾക്കും മരുമകനും വിചാരണ കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കി ഹൈക്കോടതി: ഇരുവരും നിരപരാധികളെന്നും ഹൈക്കോടതി
കൊച്ചി: സ്വത്ത് തർക്കത്തിനിടെ പിതാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ മകൾക്കും മരുമകനും വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കഠിനംകുളം മര്യനാട് സ്വദേശി ഡൊമിനിക്കിന കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളായ മകൾ ഷാമിനി, മരുമകൻ ബിജിൽ റോക്കി എന്നിവരുടെ ശിക്ഷയാണു ഹൈക്കോടതി റദ്ദാക്കിയത്.
2007 ഓഗസ്റ്റ് ആറിനാണ് ഡൊമിനിക്ക് കൊല്ലപ്പെടുന്നത്. പിന്നാലെ കൊലപാതക ആരോപണവുമായി ബന്ധുക്കൾ എത്തി. മകളും മരുമകനും മറ്റു രണ്ടാളുകളും ചേർന്നു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. മരിച്ചയാളുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചതിനെ തുടർന്നു മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം നടത്തി. തലയ്ക്കു പരുക്കുണ്ടെന്നു കണ്ടാണു കൊലക്കേസ് എടുത്തത്.
തെളിവു നശിപ്പിച്ച കുറ്റത്തിന് അഞ്ചാം പ്രതി സ്‌നേഗപ്പനു നൽകിയ 7 വർഷത്തെ തടവു ശിക്ഷയും കോടതി റദ്ദാക്കി. കേസിലുൾപ്പെട്ട മറ്റു രണ്ടു പ്രതികൾക്കു പ്രായപൂർത്തിയായിരുന്നില്ല. തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയുടെ 2017 ഒക്ടോബർ 30ലെ ശിക്ഷാ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
പിതാവിനൊപ്പം ഒന്നിച്ച് ഒരു വീട്ടിൽ കഴിഞ്ഞു എന്നല്ലാതെ ഈ കേസിലെ പ്രതികളെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്താവുന്ന സാഹചര്യമില്ലെന്നു കോടതി വിലയിരുത്തി. ആത്മഹത്യയുടെ ദുഷ്‌പേര് ഒഴിവാക്കാനാകാം മക്കൾ പോസ്റ്റ്‌മോർട്ടത്തെ എതിർത്തത്. വിവരമറിഞ്ഞു സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കാൻ നോക്കിയ പൊതു പ്രവർത്തകനാണ് അഞ്ചാംപ്രതി. മക്കളുടെ അഭ്യർത്ഥന പ്രകാരം പോസ്റ്റ്‌മോർട്ടം വേണ്ടെന്നു നിലപാട് എടുത്തതാണ് ഈ പ്രതിക്കു വിനയായത്. വിധി പറഞ്ഞ ജുഡീഷ്യൽ ഓഫിസർ സർവീസിലുണ്ടെങ്കിൽ ഭാവിയിൽ മാർഗനിർദേശത്തിനായി വിധിന്യായം എത്തിച്ചു നൽകാൻ രജിസ്റ്റ്രിയോടു നിർദേശിച്ചിട്ടുണ്ട്.