- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെൻഗൻ രാജ്യങ്ങളിൽ നിന്നല്ലാത്തവരുടെ യൂറോപ്യൻ സന്ദർശനത്തിന് പ്രത്യേക വിസ പദ്ധതി വരുന്നു; യു കെയിൽ നിന്നും അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ളവർ കൂടുതൽ ഫീസ് നൽകി ഇനി മുതൽ പെർമിറ്റ് എടുക്കണം; അല്ലാത്തവരെ എയർപോർട്ടിൽ നിന്നും പുറത്താക്കും
ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവ ഉൾപ്പടെ 26 രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെൻഗൻ മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനിമുതൽ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ സന്ദർശിക്കണമെങ്കിൽ അധിക വിസ ചാർജ്ജ് നൽകേണ്ടതായി വരും. യൂറോപ്യൻ യൂണിയന്റെ പുതിയ വിസ നയം നടപ്പിൽ വന്നതോടെയാണ് ഇത് സംഭവിച്ചത്. അംഗരാജ്യങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പുത്യ വിസ നയം രൂപീകരിച്ചിരിക്കുന്നത്.
പുതിയ നയമനുസരിച്ച് ഷെൻഗൻ ഏരീയയ്ക്ക് പുറത്തുള്ള ഇന്ത്യ, ബ്രിട്ടൻ, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കെല്ലാം ഇനി മുതൽ ഈ മേഖലയിലെ രാജ്യങ്ങളിൽ സന്ദർശനം നടത്താൻ വിസയ്ക്കായി പ്രീ റെജിസ്ട്രേഷൻ ആവശ്യമായി വരും. പ്രീ ഓഥറൈസേഷൻ ഫീസും നൽകേണ്ടതുണ്ട്. ഏതായാലും 18 വയസ്സിൽ താഴെയുള്ളവർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും ഈ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്ക സന്ദർശിക്കുന്നതിന് ആവശ്യമായ ഇ എസ് ടി എ ഫോമിനോട് സാമ്യമുള്ളതാണ് ഇതിനായുള്ള അപേക്ഷാ ഫോമും.
ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ മിനിറ്റുകൾക്കുള്ളിൽ തന്നെ തീരുമാനമെടുക്കുമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതർ അറിയിച്ചു. എന്നാൽ, പ്രീ ഓഥറൈസേഷൻ ഇല്ലാതെ എത്തുന്നവരെ വിമാനത്താവളങ്ങളിൽ നിന്നുതന്നെ തിരിച്ചയയ്ക്കും. ഇതിനായി അപേക്ഷിക്കുന്നവർ അവരുടെ തിരിച്ചറിയൽ രേഖകൾ, പാസ്സ്പോർട്ട് കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജോലി വിവരങ്ങൾ, അടുത്തകാലത്ത് നടത്തിയ യാത്രകളുടെ വിശദാംശങ്ങൾ, ക്രിമിനൽ കുറ്റങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്നിവ നൽകേണ്ടതുണ്ട്.
അപേക്ഷകർ നൽകുന്ന വിവരങ്ങൾ വിവിധ കുറ്റാന്വേഷണ ഏജൻസികൾ നൽകുന്ന വിവരങ്ങളുമായി താരതമ്യം ചെയ്തതിനു ശേഷമായിരിക്കും സംശയാസ്പദമായ അപേക്ഷകളിന്മേൽ തീരുമാനമെടുക്കുക. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സുരക്ഷയേയും ആരോഗ്യരംഗത്ത് ഉണ്ടാകാനിടയുള്ള ഭീഷണിയേയും നേരിടാൻ ഈ പുതിയ നയം പര്യാപ്തമകുമെന്നാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ അവകാശപ്പെടുന്നത്. പ്രീ ഓഥറൈസേഷൻ ഒരിക്കൽ അംഗീകരിക്കപ്പെട്ടാൽ മൂന്നു വർഷത്തെ സാധുതയുണ്ടാകും. അത് ഉപയോഗിച്ച് ഒന്നിലധികം തവണ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുവാനും സാധിക്കും.
ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെ വിശദ പരിശോധനകൾക്ക് ശേഷം മാത്രമേ വിമാനത്തിൽ കയറ്റാവൂ എന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ അവർക്ക് പിഴ ഒടുക്കേണ്ടതായി വരും. മാത്രമല്ല, ഇത്തരത്തിൽ ആവശ്യമായ രേഖകളില്ലാതെ എത്തുന്ന യാത്രക്കാരെ തിരികെ അവരുടെ രാജ്യങ്ങളിൽ എത്തിക്കുവാനുള്ള ബാദ്ധ്യതയും വിമാനക്കമ്പനികൾക്കായിരിക്കും. അയർലാൻഡ് ഷെൻഗൻ ഏരിയയിൽ ഉൾപ്പെടാത്ത രാജ്യമായതിനാൽ, അവിടെയ്ക്കുള്ള യാത്രകളിൽ ഈ നിയന്ത്രണം ബാധകമാവുകയില്ല.
വിസ ഒഴിവാക്കിയിട്ടുള്ള, യൂറോപ്യൻ യൂണിയൻ പൗരന്മാർ അല്ലാത്തവർക്ക് ഓൺലൈൻ വഴി പ്രത്യേക അപേക്ഷ നൽകിയാൽ അത് മിനിറ്റുകൾക്കുള്ളിൽ അംഗീകരിക്കപ്പെടും. അതുപോലെ പ്രീ ഓഥറൈസേഷനുള്ള അപേക്ഷയും ഓൺലൈൻ വഴി നൽകാം. ഇതിനുള്ള ഫീസും ഓൺലൈൻ വഴി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ