കണ്ണൂർ: മൃഗ സ്‌നേഹം മുതലെടുത്തും കേരളത്തിൽ തട്ടിപ്പ്. ഫേസ്‌ബുക്കിൽ സുഹൃത്തുക്കളാക്കിയശേഷം വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങി.

ആഫ്രിക്കൻ തത്തയെ നൽകാമെന്നു വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയുടെ 78,000 രൂപയും നായ്ക്കുട്ടിയെ നൽകാമെന്നു വിശ്വസിപ്പിച്ച് കണ്ണപുരം അഞ്ചാം പീടിക സ്വദേശിയുടെ 31 400 രൂപയുമാണ് ഇരുവരുടെയും ഫേസ്‌ബുക്ക് സുഹൃത്ത് തട്ടിയെടുത്തത്. വർക്കല സ്വദേശി മുഹമ്മദ് റയീസാണ് പണം വാങ്ങി കബളിപ്പിച്ചത്.

മട്ടന്നൂർ എളമ്പാറയിലെ മുഹമ്മദ് ഇർഫാൻ, അഞ്ചാംപീടിക സ്വദേശി എംപി.ദിനൂപ് എന്നിവർ മട്ടന്നൂർ, കണ്ണപുരം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. വളർത്തുപക്ഷികളെയും മൃഗങ്ങളെയും ആവശ്യമുള്ളവർ ബന്ധപ്പെടുക എന്നു കാണിച്ച് ഫോൺ നമ്പർ നൽകിയായിരുന്നു തട്ടിപ്പ്. ആവശ്യക്കാർ വിളിച്ചപ്പോൾ പണം നൽകിയാൽ ഉടൻ എത്തിക്കുമെന്നായിരുന്നു മറുപടി.

ഇതുപ്രകാരം മുഹമ്മദ് ഇർഫാൻ ഗൂഗിൾ പേ വഴി കഴിഞ്ഞ 27നുള്ളിൽ മൂന്നു തവണകളായി 78,000 രൂപ മുഹമ്മദ് റയീസിന്റെ അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തത്തയെ കിട്ടിയില്ല. ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

സമാനരീതിയിലാണ് എംപി. ദിനൂപും തട്ടിപ്പിനിരയായത്. 2021 ൽ ഫേസ് ബുക്ക് ചാറ്റിങ് വഴിയാണ് ദിനൂപ് മുഹമ്മദ് റയീസുമായി പരിചയപ്പെട്ടത്. ബീഗിൾ ഡോഗ് എന്ന ജനുസിൽപ്പെട്ട നായയെയായിരുന്നു ദിനൂപ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം 31,400 രൂപയും നൽകി. ദിവസങ്ങൾ കഴിഞ്ഞിട്ടും നായ്ക്കുട്ടിയെ ലഭിക്കാതിരുന്നപ്പോൾ ഫോൺ വഴി ബന്ധപ്പെട്ടു.

എന്നാൽ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ദിനൂപ് കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മട്ടന്നൂർ, കണ്ണപുരം പൊലീസ് ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് റയീസ് സമാനമായ തട്ടിപ്പ് കേസിൽ നേരത്തെ എറണാകുളത്ത് ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.