കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാലിന്റെ) ഉപകമ്പനിയായ സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡ് (സി.ഡി.ആർ.എസ്.എൽ) രാജ്യാന്തരയാത്രക്കാർക്കായി പ്രീ-ഓർഡറിങ് സംവിധാനമൊരുക്കുന്നു. ഇതുൾപ്പെടെ ഡ്യൂട്ടിഫ്രീ ബിസിനസിൽ ഏറെ പുതുമകൾ കൊണ്ടുവരാൻ സി.ഡി.ആർ.എസ്.എൽ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെ വെബ്സൈറ്റായ www.cochindutyfree.com -ലാണ് പ്രീ-ഓർഡറിങ് സംവിധാനം ഏർപ്പെടുത്തുക. വിദേശത്ത് നിന്ന് കൊച്ചിയിലെത്തുന്നവർക്ക് ഡ്യൂട്ടിഫ്രീ സാധനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. കൊച്ചിയിൽ വിമാനമിറങ്ങി ഡ്യൂട്ടിഫ്രീ ഷോപ്പിലെത്തുമ്പോൾ തന്നെ ഈ സാധനങ്ങൾ ലഭ്യമാക്കാനാകും. ബില്ലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ, കസ്റ്റംസ് നിയമങ്ങൾക്ക് വിധേയമായി ഡ്യൂട്ടിഫ്രീ ഷോപ്പിലാകും നടക്കുക.

സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസിനെ സി.ഡി.ആർ.എസ്.എൽ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിക്കാനും ഡ്യൂട്ടിഫ്രിയിൽ പുതിയ ബിസിനസ് മാതൃക പരീക്ഷിക്കാനും സി.ഡി.ആർ.എസ്.എൽ ബോർഡ് തീരുമാനിച്ചു. ' ഡ്യൂട്ടിഫ്രിയിൽ വരുമാന വളർച്ചയുണ്ടാക്കാൻ നിരവധി പുതിയ സംരംഭങ്ങൾക്ക് തുടക്കമിടുകയാണ്. വിദേശ കറൻസിയിൽ നടത്തുന്ന ഉത്പ്പന്ന സംഭരണത്തിൽ ബാങ്കിൽ നിന്നുള്ള ക്രെഡിറ്റ് സംവിധാനം ലഭ്യമാക്കുന്നതിലൂടെ വിദേശ വിനിമയ ഇടപാടിൽ മൂന്ന് ശതമാനം ലാഭിക്കാനാകും. രാജ്യാന്തര പുറപ്പെടൽ യാത്രക്കാർക്കായുള്ള ഡിപ്പാർച്ചർ ഡ്യൂട്ടിഫ്രീ ഷോപ്പിൽ കേരളത്തിലെ കരകൗശല വസ്തുക്കൾക്കായും കേരളത്തിന്റെ രുചികൾക്കായും പ്രത്യേക മേഖല തുറക്കും. പെർഫ്യൂമുകൾ സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്കായി അറൈവൽ ഷോപ്പിൽ വിശാലമായ മറ്റൊരു ഷോപ്പിങ് മേഖല പണികഴിപ്പിക്കും ' - സുഹാസ് പറഞ്ഞു.

കൊച്ചിൻ ഡ്യൂട്ടിഫ്രീയിൽ പ്രീ-ഓർഡറിങ് സംവിധാന ഒരുക്കാനുള്ള നടപടികൾക്ക് സി.ഡി.ആർ.എസ്.എൽ തുടക്കമിട്ടുകഴിഞ്ഞു. രാജ്യാന്തര ആഗമന യാത്രക്കാർക്ക് പ്രീ-ഓർഡറിങ് സംവിധാനമെന്നതുപോല പുറപ്പെടൽ യാത്രക്കാർക്ക് മുൻകൂർ ബുക്കിങ് സംവിധാനവും സി.ഡി.ആർ.എസ്.എൽ ഏർപ്പെടുത്തുന്നുണ്ട്.