കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല പെട്രോളിയം കമ്പനിയും മഹാരത്‌ന സ്ഥാപനവുമായ ബിപിസിഎൽ - നെ വിറ്റുതുലക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഓഗസ്റ്റ് 5-ന് വൈകിട്ട് 5 മണിക്ക് ജില്ലയിലുടനീളം നടത്തുന്ന റിഫൈനറി സംരക്ഷണ കവചം - സമര പരിപാടിയിൽ എ.ഐ.യു.റ്റി.യു.സി പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എം. ദിനേശൻ , സെക്രട്ടറി കെ.എസ്. ഹരികുമാർ എന്നിവർ അറിയിച്ചു.

രാജ്യം ഇന്നേവരെ കാണാത്ത ഒരു പൊതുമുതൽ കൊള്ളയാണ് ബി.പി.സി.എൽ വില്പനയിലൂടെ നടക്കാൻ പോകുന്നത്. 9 ലക്ഷം കോടിയിലധികം രൂപ ആസ്തിയുള്ള സ്ഥാപനമാണിത്.
2020 -21 ലെ ബി.പി.സി. എന്റെ ലാഭം മാത്രം
19042 കോടി രൂപയുണ്ട്. ഇത് വില്ക്കുന്നതാകട്ടെ 56000 കോടി രൂപക്കും. രാജ്യത്തിന്റെ സമ്പത്തു മുഴുവൻ ഈ രീതിയിൽ സ്വദേശത്തും - വിദേശത്തുമുള്ള മുതലാളിമാർക്ക് ചുളുവിലക്ക് കൈമാറുകയാണ്. പ്രസ്തുത കേന്ദ്ര സർക്കാർ നടപടിയെ പൊതുമുതൽ കൊള്ളയെന്നാണ് യഥാർത്ഥത്തിൽ വിശേഷിപ്പിക്കേണ്ടത്.

പാർലമെന്റിൽ ഭൂരിപക്ഷം കിട്ടി എന്ന സാങ്കേതികത്വം ഉപയോഗിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി മുതലാളിമാർക്ക് കേന്ദ്ര സർക്കാർ കൈമാറുമ്പോൾ ജനങ്ങളെ ഒന്നാകെ അണിനിരത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ട പ്രതിപക്ഷ കക്ഷികൾ അതിനു തയ്യാറാകാതിരിക്കുന്നതാണ് രാജ്യം ഇന്നു നേരിടുന്ന പ്രതിസന്ധി.

കൊച്ചി റിഫൈനറി കേരളത്തിൽ സ്ഥാപിക്കാൻ ജനങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുത്തു കൊടുത്തത് സംസ്ഥാന സർക്കാരാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കേരള സർക്കാരിന്റെ പ്രതിനിധി ബി.പി.സി.എൽ ന്റെ ഡയറക്ടർ ബോർഡിൽ ഉള്ളത്. പ്രസ്തുത ഭൂമി പൊതു താല്പര്യം മുൻ നിർത്തി സംരക്ഷിക്കേണ്ട ചുമതലയും കൊച്ചി റിഫൈനറി വിൽപ്പനയെ എതിർക്കേണ്ട ചുമതലയും സംസ്ഥാന സർക്കാരിനുണ്ട്. അത്തരത്തിലൊരു നീക്കം സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകാത്തത് തികച്ചും ഖേദകരമാണെന്നും ഭാരവാഹികൾ പറഞ്ഞു.

ഓഗസ്റ്റ് 10- ന് വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ അഖിലേന്ത്യ തലത്തിൽ ഇലക്ട്രിസിറ്റി ജീവനക്കാർ ഒന്നടങ്കം നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാനാവശ്യമായ പ്രചാരണം ജില്ലയിലുടനീളം നടത്താനും തീരുമാനിച്ചു. ഓൺലൈനിൽ കൂടിയ ജില്ലാ ഭാരവാഹികളുടെ യോഗം എ.ഐ.യു.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ കെ.ഒ. ഷാൻ, സി.കെ.ശിവദാസൻ, സുധീർ കെ.ഒ, പി.പി. സജീവ് കുമാർ , സി.എൻ. മുകുന്ദൻ, സി.റ്റി.സുരേന്ദ്രൻ , സി.കെ.രാജേന്ദ്രൻ , തമ്പി സി.കെ, രാജി.കെ.എൻ എന്നിവർ പ്രസംഗിച്ചു.