കണ്ണൂർ: നഗരത്തിലെ നെയ്ത്തു കേന്ദ്രത്തിൽ നിന്നും വില കൂടിയ യന്ത്രം കടത്തിയ രണ്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണുർ തളാപ്പ് എ.കെ.ജി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന രാമനന്ദ് ഹാന്റ്ലും നെയ്ത്ത് ശാലയിൽ നിന്നും നാല് ലക്ഷം രൂപ വിലമതിക്കുന്ന നെയ്ത്ത് ജക്കാഡ് മെഷീൻ കവർച്ച നടത്തി ഓട്ടോയിൽ കടത്തികൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

പുഴാതി അത്താഴകുന്നിലെ പല്ലൻ നസീർ എന്ന കെ.പി നസീർ(43), കോഴിക്കോട് കുറ്റ്യാടി പാലേരിയിലെ സി.കെ നദീർ(35) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. തൊണ്ടി മുതൽ കടത്തികൊണ്ടുപോകാൻ ഉപയോഗിച്ച കെ.എൽ 13 എ.എം 4675 നമ്പർ ഗുഡ്സ് ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥാപനത്തിലെ ജീവനക്കാരനായ ധർമ്മടം സ്വദേശി പ്രേമരാജന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നിരവധി മോഷണ കേസുകളിലെ പ്രതികളായ ഇരുവരും ടൗണിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണത്തിനിടയിലാണ് മോഷ്ടാക്കൾ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. എസ്‌ഐ ബിജു പ്രകാശ്, എഎസ്ഐമാരായ രഞ്ജിത്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്