ലോക്ഡൗണിനു ശേഷം കേരളത്തിൽനിന്നും യുഎഇയിലേക്ക് വീണ്ടും വിമാനങ്ങൾ പറന്നു തുടങ്ങി. ഷാർജാ ദുബായ് വിമാനങ്ങളാണ് ഇന്നലെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും യാത്ര തിരിച്ചത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ വിമാനം പുലർച്ചെ 3.50ന് 69 യാത്രക്കാരുമായി ഷാർജയിലേക്കും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എമിറേറ്റ്‌സ് രാവിലെ 10.30ന് 99 യാത്രക്കാരുമായി ദുബായിലേക്കും പറന്നു.

അതേസമയം മാർഗ നിർദ്ദേശം പാലിക്കാത്ത 19 പേർക്കു യാത്ര മുടങ്ങി. രണ്ട് ഡോസ് വാക്‌സീൻ യുഎഇയിൽ നിന്നു കുത്തിവച്ചവർക്കു മാത്രമാണു യാത്രാനുമതിയെന്ന് അറിയാതെ വന്നവരാണു മടങ്ങിയവരിലേറെയും. യുഎഇ അധികൃതർ കർശനമായ ഉപാധികളോടെയാണ് യാത്രാനുമതി നൽകിയിട്ടുള്ളത്. താമസ വീസ ഉള്ളവരും 2 ഡോസ് വാക്സീൻ യുഎഇയിൽ നിന്ന് എടുത്തവരുമാകണം. ഇവർ ജിഡിആർഎഫ്എ, ഐസിഎ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂർ പ്രാബല്യമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നെടുത്ത റാപിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.

നിലവിൽ, എയർ അറേബ്യ കൊച്ചിയിൽനിന്നു പ്രതിദിനം 2 സർവീസുകൾ നടത്തും. ആദ്യ വിമാനം ഉച്ചയ്ക്ക് 3.30ന് എത്തി 4.40ന് മടങ്ങും. രണ്ടാമത്തെ വിമാനം വൈകിട്ട് 6.40ന് എത്തി 7.20 ന് മടങ്ങും. എമിറേറ്റ്‌സ് എല്ലാ ദിവസവും സർവീസ് നടത്തും. രാവിലെ 8.44ന് എത്തി 10.30ന് മടങ്ങും. ഇത്തിഹാദ് , ഫ്‌ളൈ ദുബായ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയും ഉടനെ സർവീസുകൾ ആരംഭിക്കും.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നാളെ ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് നടത്തും. 15ന് ദുബായിലേക്കുള്ള സർവീസിനു എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങി. അബുദാബി ബുക്കിങ് ഇന്നോ നാളെയോ ആരംഭിച്ചേക്കും. വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് 10 കൗണ്ടറുകൾ സ്ഥാപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ യുഎഇയിലേക്കു സർവീസ് നടത്തിയില്ല.