കാബൂൾ: പറയുന്നതും പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും സമാധാനമെന്ന്, പ്രവർത്തിയിലോ നേരെ വിപരീതവും. ഇതാണ് അഫ്ഗാനിലെ താലിബാൻ എന്ന ഭീകരവാദികൾ.

താലിബാൻ മാത്രമല്ല, ലോകമൊട്ടാകെയുള്ള എല്ലാ ഇസ്ലാമിക ഭീകരന്മാരു പിന്തുടരുന്നത് ഈ മാർഗ്ഗമാണ്. മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കാനായി ക്രൂരമായ അക്രമങ്ങൾ അഴിച്ചുവിടുക ഇവരുടെ പതിവാണ്. അമേരിക്ക ഒഴിഞ്ഞുപോയതിനു ശേഷം ആറാഴ്‌ച്ചകൊണ്ട് അഫ്ഗാനിലെ ഒരു പ്രവിശ്യയിൽ മാത്രം താലിബാൻ ഭീകരർ കൊന്നൊടുക്കിയത് 900 നിരപരാധികളെ.

പൊലീസ് ഉദ്യോഗസ്ഥർ, ഗോത്ര നേതാക്കൾ, പൊതുകാര്യ പ്രവർത്തകർ എന്നിവരെയാണ് പ്രധാനമായുംഈ ഭീകരർ ലക്ഷ്യം വയ്ക്കുന്നത്. ഈയടുത്ത് രാജ്യത്തെ പ്രശസ്തനായ ഒരു ഹാസ്യകലാകാരനേയും ക്രൂരമായി വധിച്ചിരുന്നു ചിരി ഹറാമായ ഈ വർഗ്ഗം. കാണ്ഢാർ പ്രവിശ്യയിലായിരുന്നു ഈ സംഭവം നടന്നത്. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളും ഭീകരരുടെ നിയന്ത്രണത്തിലായി കഴിഞ്ഞിരിക്കുന്നു എന്നാണ് അവിടെനിന്നും വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. പ്രവിശ്യ തലസ്ഥാനമായ കാണ്ഡഹാർ നഗരവും അവരുടെ കൈപ്പിടിയിൽ ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു.

പാക്കിസ്ഥാൻ അതിർത്തിയിലുൾല സ്പിൻ ബോൾഡാക്ക് പട്ടണത്തിലാണ് ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. ഇവിടെ വച്ചാണ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ നാസർ മുഹമ്മദ് എന്ന ഹാസ്യകലാകാരനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി തീവ്രവാദികൾ അതിക്രൂരമായി കൊലചെയ്തത്. താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ഭാഗങ്ങളിൽ ഒളിവിൽ പോയ അഫ്ഗാൻ സൈനികരും ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ട്. സൈനികരിൽ പലരും ഭീകരരോട് ഏറ്റുമുട്ടാൻ നിൽക്കാതെ കീഴടങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സർക്കാരിനെ പിന്തുണയ്ക്കുന്ന മതനേതാക്കളും ഭീകരരുടെ ലക്ഷ്യമാണ്. അതേസമയംരണ്ടാം വരവിൽ താലിബാന് കുറച്ചുകൂടി സൗമ്യമായ ഒരു മുഖം നൽകാൻ അതിന്റെ നേതാക്കൾ ശ്രമിക്കുന്നുമുണ്ട്. അയൽരാജ്യങ്ങളുമായി, പ്രത്യേകിച്ച് ചൈനയുമായി നല്ലൊരു ബന്ധം സ്ഥാപിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, പഴയ ക്രൂരതകൾക്ക് ഒട്ടും ശമനം വന്നിട്ടില്ലെന്നാണ് അത് അനുഭവിച്ചവർ പറയുന്നത്. അവരുറ്റെ നിയന്ത്രണത്തിലായ പ്രവിശ്യകളിൽ ശരിയത്ത് നിയമപ്രകാരമുള്ള ഭരണം നിലവിൽ വന്നുകഴിഞ്ഞിരിക്കുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൊലപാതക പരമ്പരകൾ മാത്രമല്ല താലിബൻ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിൽ നടക്കുന്നത്. സ്ത്രീകൾക്ക് പെർമിറ്റ് ഇല്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങാനുള്ള അനുവാദമില്ല. അതുപോലെ ഈ പ്രവിശ്യകളിൽ സ്‌കൂളുകളിൽ പോകുന്നതിൽ നിന്നും പെൺകുട്ടികളെ വിലക്കിയിട്ടുമുണ്ട്.

ഗ്രാമീണമേഖലകൾ ആദ്യം കീഴടക്കിയ ശേഷം തൊട്ടടുത്ത പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും നീങ്ങുക എന്ന തന്ത്രമാണ് താലിബാൻ പയറ്റുന്നത്. പടിപടിയായി രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുക എന്നതു തന്നെയാണ് അവരുടെ ലക്ഷ്യം.