- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരമാലയിൽ അകപ്പെട്ട പെൺകുട്ടിയെ സാഹസികമായി രക്ഷിച്ച് വസ്ത്രത്തിലെ മണൽ നീക്കാൻ സഹായിക്കവേ തെറ്റിദ്ധരിച്ച് മാതാപിതാക്കൾ; ജയിലിൽ അടച്ച് മലേഷ്യൻ പൊലീസ്; രക്ഷകനായ ഉപ്പള സ്വദേശി പുറത്തിറങ്ങാൻ സഹായം തേടുന്നു
കാസർകോട്: കടലിൽ മുങ്ങിത്താഴുകയായിരുന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തിയ ഉപ്പള ഹെരൂർ ബദിയാരു സ്വദേശി മധുസൂദനൻ ഷെട്ടി അറിഞ്ഞിരുന്നില്ല ഇതു തന്റെ കഷ്ടകാലത്തിന്റെ തുടക്കമാണെന്ന്. മൂന്നു വർഷത്തോളമായി മധുസൂദനൻ ഷെട്ടി മലേഷ്യയിൽ പാചകക്കാരനായി ജോലിചെയ്തുവരികയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 27 ആം തീയതി കടൽത്തീരത്ത് വിശ്രമിക്കുകയായിരുന്ന മധുസൂദൻ ശക്തമായ തിരമാലകളിൽ അകപ്പെട്ട ഒരു പെൺകുട്ടിയെ കണ്ടത്. ഉടൻ കടലിൽ ചാടി പെൺകുട്ടിയെ ഇയാൾ സാഹസികമായി രക്ഷിച്ച് കരയ്‌ക്കെത്തിച്ചു തുടർന്ന് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും മണൽ നീക്കം ചെയ്യാൻ സഹായിക്കുമ്പോഴാണ് രക്ഷിതാക്കൾ അവിടെ എത്തിയത്.
തങ്ങളുടെ മകളെ ഒരാൾ ശല്യപ്പെടുത്തുകയാണന്ന് തെറ്റിദ്ധരിച്ച മാതാപിതാക്കൾ വിവരം ഉടൻ പൊലീസ് അറിയിക്കുകയും ചെയ്തു. കുതിച്ചെത്തിയ പൊലീസ് സംഘം മധുസൂദനന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. വീട്ടിലെത്തിയ പെൺകുട്ടി ഉണ്ടായ സംഭവങ്ങളെല്ലാം മാതാപിതാക്കളോട് വിവരിച്ചപ്പോളാണ് ഇവർ യാഥാർത്ഥ്യം തിരിച്ചറിയുന്നത്. തുടർന്ന് കടൽതീരത്ത് നടന്ന സംഭവങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ഇവർ അറിയിച്ചെങ്കിലും അത് ഉൾക്കൊള്ളാനോ നിയമനടപടികൾ പിൻവലിക്കാനോ അധികൃതർ തയ്യാറായില്ല .
സംഭവമറിഞ്ഞ മലേഷ്യയിലെ മലയാളി സംഘടനകളും ഹോട്ടൽ ഉടമയും ഇദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം നിരാശയായിരുന്നു. എന്നാൽ മലേഷ്യയിൽ നടന്ന സംഭവങ്ങളോന്നും മധുസൂദനന്റെ കുടുംബമോ ഭാര്യ ഇന്ദിരാവതിയോ അറിഞ്ഞിരുന്നില്ല. ഭർത്താവിന്റെ ഫോൺ കോളോ മറ്റുവിവരങ്ങളോ ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജൂൺ പതിനൊന്നാം തീയതി മധുസൂദനന്റെ സഹപ്രവർത്തകനിലൂടെ വിവരങ്ങൾ അറിയുന്നത്. സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടായാൽ മാത്രമേ മധുസൂദനൻ ജയിൽ മോചനം സാധ്യമാകൂ എന്നാണ് സഹപ്രവർത്തകർ അറിയിച്ചത്.
ഭർത്താവിനെ രക്ഷിക്കാൻ കാസർകോട്ടെ ബിജെപി നേതാക്കൾ വഴി മന്ത്രി വി മുരളീധരനെ വിവരം അറിയിച്ചു. എത്രയും പെട്ടെന്ന് തന്നെ ഭർത്താവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തണം എന്നാണ് മന്ത്രിയോട് ഭാര്യ അഭ്യർത്ഥിച്ചിരിക്കുന്നത്.